ചെന്നൈ: കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എംഡിഎംകെ നേതാവ് വൈകോ. “ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ് തമിഴ്നാട്ടിനെ വഞ്ചിക്കുകയായിരുന്നു,”- വൈകോ പറഞ്ഞു. എന്തായാലും ഇന്ത്യാമുന്നണിയുടെ ഭാഗമായ എംഡിഎംകെയുടെ നേതാവായ വൈകോ കച്ചൈത്തീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്.
കച്ചൈത്തീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വൈകോയുടെ വീഡിയോയും അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.:
#WATCH | On the Katchatheevu issue, MDMK founder Vaiko says "Congress betrayed Tamil Nadu on every front at the time…" pic.twitter.com/fIfweuyPvG
— ANI (@ANI) April 3, 2024
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ഉദാസീനമനോഭാവം കാരണമാണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള കച്ചൈത്തീവ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് ഒരു കരാറിലൂടെ എഴുതിനല്‍കുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ നേടിയ വിവരാവകാശരേഖപ്രകാരം ഇന്ദിരാഗാന്ധിയാണ് കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് നല്‍കിയതെന്നും അതിന് മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രി നെഹ്രുവും കച്ചൈത്തീവ് ഇന്ത്യയ്ക്ക് സ്വന്തമാക്കണമെന്ന് ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പറയുന്നു.
ഇതിനെതിരെ മോദിയെ കുറ്റപ്പെടുത്തി ഡിഎംകെ നേതാക്കള്‍ ഇന്ത്യാമുന്നണിയുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കച്ചൈത്തീവ് പ്രശ്നത്തില്‍ വൈകോ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരിക്കുന്നത്.
വൈകോയുടെ മകന് ദുരൈ വൈകോ തിരുച്ചി ലോക് സഭാ മണ്ഡലത്തില്‍ ഇന്ത്യാമുന്നണി സ്ഥാനാര്‍ത്ഥിയാണ്. നേരത്തെ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു തിരുച്ചി. ഇക്കുറി എംഡിഎംകെ ഈ സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെ കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടിവന്നു.
ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കച്ചൈത്തീവ് പ്രശ്നം തമിഴ്നാട്ടില്‍ പ്രധാനമാകുന്നത് എന്തുകൊണ്ട്?
തമിഴ്നാട്ടില്‍ കച്ചൈത്തീവ് വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കാരണം കച്ചൈത്തീവിന്റെ ഉടമസ്ഥാവകാശം ശ്രീലങ്കയ്ക്ക് ലഭിച്ചതിന് ശേഷം കച്ചൈത്തീവിന്റെ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടഞ്ഞുവെയ്ക്കുന്ന സ്ഥിതിവിശേഷമുണ്ട്. തമിഴ്നാട് കടല്‍ത്തീരങ്ങളില്‍ മീന്‍ ലഭിക്കാത്തതിനാല്‍ കച്ചൈത്തീവ് മേഖലയില്‍ ധാരാളമായി മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിനായി പോകുന്നുണ്ട്. സുസ്ഥിരമായി കച്ചൈത്തീവില്‍ മീന്‍പിടിക്കാനുള്ള അവകാശം ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്നും വാങ്ങണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തിയത്. കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസാണെന്ന് പണ്ട് ജയലളിത പ്രസംഗിച്ചതിന്റെ വീഡിയോയും ഈയിടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: