തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വിവിധ പ്രമുഖ സ്ഥാനാർത്ഥികൾ വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായാണ് സ്ഥാനാർത്ഥികൾ വിവിധ സിവിൽ സ്റ്റേഷനുകളിൽ എത്തിയത്. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥി അനിൽ ആൻ്റണി പ്രവർത്തകർക്കൊപ്പം എത്തി പത്രിക സമർപ്പിച്ചു. ആലപ്പുഴയിൽ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പത്രിക സമർപ്പിച്ചു.
അനിൽ ആൻ്റണിയ്‌ക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു കെട്ടിവെയ്‌ക്കാൻ ആവശ്യമായ പി.സി ജോർജ് എൻ ഡി എ പാർലമെന്റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വെച്ച് കൈമാറിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്നും പ്രകടനമായി കളക്ടറേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മന്ത്രിമാരായ ജി.ആര്‍. അനില്‍, വി. ശിവന്‍കുട്ടി, എംഎല്‍എമാരായ വി.കെ. പ്രശാന്ത്, ആന്റണി രാജു, കെ. ആന്‍സലന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ഇന്നും എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വ്യാഴാഴ്ചയും പത്രിക നല്‍കും. വയനാട്ടില്‍ എല്‍ഡിഎഫിനായി ആനി രാജ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പകല്‍ 11ന് റോഡ് ഷോ ആയി എത്തിയാണ് ആനി രാജ സിവില്‍ സ്‌റ്റേഷനില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനായി രാഹുല്‍ ഗാന്ധിയും പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.
പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും നാമനിര്‍ദേശ പത്രിക നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് 30നു പത്രിക നല്‍കിയിരുന്നു. കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ജയരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കിയില്‍ ഇടത് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജും പത്രിക സമര്‍പ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എ എം.എം. മണി എന്നിവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം നോമിനേഷന്‍ നല്‍കിയത്.
ത്രികോണ മത്‌സരം നടക്കുന്ന തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. എസ്. സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. മന്ത്രി കെ. രാജനും എല്‍ഡിഎഫ് നേതാക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം കളക്ടറേറ്റില്‍ എത്തിയത്. മാവേലിക്കര ഇടത് സ്ഥാനാര്‍ഥി സി. എ. അരുണ്‍ കുമാറും പത്രിക സമര്‍പ്പിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ഥി എളമരം കരീം പത്രകി സമര്‍പ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസിനും രാഷ്‌ട്രീയ ജനതാദള്‍ നേതാവ് എം.വി.ശ്രേയാംസ് കുമാറിനും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാസർകോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശ പത്രിക നല്‍കി. നേരത്തെ, സിവില്‍ സ്‌റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആരോപിച്ചിരുന്നു.
രാവിലെ ഒന്‍പതിനെത്തിയ തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന് നല്‍കാന്‍ ശ്രമിച്ചെന്ന് പരാതി ഉന്നയിച്ച അദ്ദേഹം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ രാവിലെ ഏഴിന് താന്‍ കളക്ടറേറ്റില്‍ എത്തിയെന്നും സിസിടിവി കാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ഥിയുടെ പ്രതിനിധി അസീസ് കടപ്പുറം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വ്യാഴാഴ്ചയാണ് അവസാനിക്കുക. വൈകുന്നേരം മൂന്നുവരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഈ മാസം അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: