രുദ്രാപൂര്‍: ബിജെപി സര്‍ക്കാര്‍ മൂന്നാമൂഴവും അധികാരത്തിലെത്തുമെന്നും അഴിമതിക്കെതിരെ കൂടുതല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്തിയെന്നും ഉത്തരാഖണ്ഡ് ഉദ്ധംസിങ് നഗറിലെ രുദ്രാപൂരില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുലിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മൂന്നാമൂഴത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം കത്തുമെന്ന് കോണ്‍ഗ്രസ് യുവരാജാവ് കഴിഞ്ഞ ദിവസം പറഞ്ഞു. ജനാധിപത്യത്തിന്റെ ഭാഷയാണോയിത്. ജനങ്ങള്‍ ഇതിനോടു യോജിക്കുന്നുണ്ടോ. അവര്‍ രാജ്യം ഭരിച്ചത് 70 വര്‍ഷം. പിന്നീടാണ് 10 വര്‍ഷത്തെ ഭരണം അവര്‍ക്കു നഷ്ടമായത്. എന്നിട്ട് അവര്‍ രാജ്യം കത്തുമെന്നു പറയുന്നു. അതിന് ജനങ്ങള്‍ അനുവദിക്കുമോ, ജനപ്രതിനിധിയുടെ ഈ ഭാഷ സമ്മതിക്കണോ. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ ശിക്ഷ വിധിക്കില്ലേ. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥ ചിന്താഗതിയില്‍ ആര്‍ക്കും വിശ്വാസമില്ല. അതുകൊണ്ടവര്‍ ഇന്നു ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. രാജ്യത്ത് അസ്ഥിരതയും അരാജകത്വവും കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം.
കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. സുരേഷിന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തെ പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന ഒരു നേതാവ് രാജ്യത്തെ നോര്‍ത്ത് എന്നും സൗത്ത് എന്നും വിഭജിക്കുമെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളെ ശിക്ഷിക്കേണ്ടേ. എന്നിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കി. ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ചത് ഉത്തരാഖണ്ഡ് ഒരിക്കലും മറക്കില്ല, പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും മോദി പ്രതിപാദിച്ചു.
കോണ്‍ഗ്രസ് എത്ര എതിര്‍ത്താലും സിഎഎ അഭയാര്‍ത്ഥികള്‍ക്കുള്ള മോദിയുടെ ഗ്യാരന്റിയാണ്, അതു നടപ്പാകും. ഗുരുനാനക് ഗുരുദ്വാര ബൈനൊക്കുലറിലൂടെ കാണേണ്ട വിധത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വന്നപ്പോള്‍ അതിനു പരിഹാരമായി കര്‍താപൂര്‍ ഇടനാഴി കൊണ്ടുവന്നു. കച്ചത്തീവ് ദ്വീപ് ഒരുനാള്‍ ഭാരതത്തിന്റെ തന്ത്രപ്രധാന മേഖലയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അതു ശ്രീലങ്കയ്ക്ക് കൈമാറി. ഈ കോണ്‍ഗ്രസാണോ രാജ്യത്തെ സംരക്ഷിക്കാന്‍ പോകുന്നത്.
വരുന്ന അഞ്ചു വര്‍ഷം രാജ്യത്തു വലിയ വികസനവും തീരുമാനങ്ങളും നടപ്പാകും. മൂന്നാമൂഴത്തില്‍ ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു. മോദിയുടെ ഗ്യാരന്റിയാണത്. ഗ്യാരന്റിയെന്നാല് പൂര്‍ത്തീകരിക്കുക എന്നര്‍ത്ഥം. ഉദ്ദേശ്യങ്ങള്‍ ശരിയായിരിക്കുമ്പോള്‍ വികസനമുണ്ടാകുന്നു. നല്ല ഫലങ്ങളിലേക്ക് അതു നയിക്കും.
അഴിമതിക്കാര്‍ക്കെതിരേ ഇനിയും നടപടി തുടരും. അഴിമതിക്കാരെ ജയിലിലാക്കാന്‍ നിങ്ങള്‍ക്കാഗ്രഹമില്ലേ. അവര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു, അധിക്ഷേപിക്കുന്നു. പക്ഷേ അവര്‍ക്കെന്നെ തടയാനാകില്ല. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും ജെഎംഎം നേതാവ് ഹേമന്ത് സോറന്റെയും അറസ്റ്റിനെ കുറിച്ചായിരുന്നു ഈ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: