തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ക്കു കുടിശിക തീര്‍ക്കാന്‍ 57 കോടി രൂപ അനുവദിക്കണമെന്ന പോലീസ് ആവശ്യം ധനവകുപ്പു തള്ളി. നല്‍കിയത് 26 കോടി മാത്രം. ഡീസല്‍ തുക അനുവദിക്കാതായതോടെ തെരഞ്ഞെടുപ്പു കാലത്തെ ക്രമസമാധാനപാലനംതന്നെ അവതാളത്തിലാകും.
പോലീസ് ഡീസലടിച്ച വകയില്‍ 200 കോടിയാണ് പമ്പുടമകള്‍ക്കു നല്‍കാനുള്ളത്. കുടിശിക തീര്‍ക്കാതെ ഡീസല്‍ ലഭിക്കില്ലെന്ന് പമ്പുടമകള്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ കുടിശികയില്‍ കുറച്ചെങ്കിലും നല്‍കാനാണ് 57 കോടി സംസ്ഥാന പോലീസ് ആവശ്യപ്പെട്ടത്. ഭരണാനുമതിയില്ലാതെ പണം ചെലവഴിച്ചത് കുടിശികയുണ്ടാകാന്‍ കാരണമായെന്നാണ് ധനവകുപ്പു വിലയിരുത്തല്‍.
അതിനാല്‍ ഭരണാനുമതിയില്ലാത്ത കുടിശിക ഇനി അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പായതിനാല്‍ 26 കോടി അനുവദിക്കുന്നെന്നും ധനവകുപ്പ് സംസ്ഥാന പോലീസിനെ അറിയിച്ചു. എന്നാല്‍ ഈ തുക കൊണ്ട് മാത്രം ഡീസല്‍ ഇനിയും നല്‍കാനാകില്ലെന്ന നിലപാടിലാണ് പമ്പുടമകള്‍. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് പമ്പുടമകളുടെ സംഘടന പരാതി നല്കി.
മുഖ്യമന്ത്രി ഇടപെട്ട് തുക അനുവദിച്ചില്ലെങ്കില്‍ പോലീസ് വാഹനങ്ങള്‍ നിരത്തിലിറക്കാനാകാതെ വരും. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനം തകരാറിലാകും. ഇപ്പോള്‍ത്തന്നെ പല സ്റ്റേഷനുകളിലും വാഹനങ്ങള്‍ നിരത്തിലിറക്കുന്നില്ല. സംഘര്ഷാവസ്ഥയുണ്ടായാല്പ്പോലും പോലീസെത്താത്ത സ്ഥിതിയുണ്ട്. ഡീസലടിക്കാന്‍ പണമില്ലാതെ പോലീസ് നട്ടംതിരിയുന്നത് ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: