ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റുചെയ്ത അരവിന്ദ് കേജ്രിവാളിനെ കോടതി ജയിലില്‍ അടച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിക്കായി സമ്മര്‍ദമേറുന്നു. കേജ്രിവാളിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. കസ്റ്റഡിയിലുള്ള ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നത് നല്ലതല്ലെന്നും ധാര്‍മികതയുടെ പേരില്‍ കേജ്രിവാള് രാജിവയ്ക്കണമെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി ആവശ്യപ്പെട്ടു.
ദല്‍ഹി മദ്യനയ അഴിമതി കേസില്‍ നേരത്തേ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റൊരു കേസില്‍ മന്ത്രി സത്യേന്ദര്‍ ജെയിനും അറസ്റ്റിലായപ്പോള്‍ തന്നെ അവരോട് സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ കേജ്രിവാള് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതേ കേജ്രിവാള് തന്നെ അറസ്റ്റിലായപ്പോള്‍ രാജിവയ്ക്കാതെ ജയിലില്‍ നിന്ന് ഭരണം തുടരുകയാണ്.
അഴിമതിക്കെതിരേ നിലപാടെടുത്താണ് കേജ്രിവാള് രാഷ്ട്രീയത്തിലെത്തിയത്. ആരെങ്കിലും അഴിമതി ആരോപണത്തിനു വിധേയരായാല്‍ അവര്‍ ആരോപണങ്ങളില്‍ നിന്ന് മോചിതരാകുന്നതുവരെ രാജിവച്ച് മാറി നില്‍ക്കണമെന്നായിരുന്നു അന്ന് കേജ്രിവാള് പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേജ്രിവാള് രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. കേജ്രിവാള് പറഞ്ഞതെല്ലാം വെറുംവാക്കായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാണിക്കുന്നു. ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
ദല്‍ഹിയിലെ ജനങ്ങള്‍ ഒരു മികച്ച മുഖ്യമന്ത്രിയെ അര്‍ഹിക്കുന്നു. അവര്‍ക്ക് സത്യസന്ധവും സുതാര്യവുമായ ഒരു സര്‍ക്കാര്‍ നല്കാന് കഴിയുന്ന ഒരാളാകണം അത്. ഗുരുതരമായ അഴിമതി ആരോപണങ്ങളാല്‍ കളങ്കമില്ലാത്ത നേതൃത്വത്തിന് അവര്‍ അര്‍ഹരാണ്, വ്യക്തിപരമായ നേട്ടത്തെക്കാള്‍ പൊതുക്ഷേമത്തിന് മുന്‍ഗണന നല്കുന്നയാളാകണം അതെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.
മുഖ്യമന്ത്രിയെന്ന ഉയര്‍ന്ന പദവിയാണ് കേജ്രിവാള് വഹിക്കുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പൊതു ഓഫീസാണ്. കസ്റ്റഡിയിലുള്ള ഒരാള്‍ ആ സ്ഥാനത്ത് തുടരുന്നത് നല്ലതല്ല. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ രാജി വയ്ക്കണം. ജയലളിത, ലാലു പ്രസാദ് യാദവ് തുടങ്ങിയവരും അടുത്തിടെ ഹേമന്ത് സോറനും ഇത്തരത്തില്‍ രാജിവച്ചവരാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 48 മണിക്കൂര്‍ പോലീസ് കസ്റ്റഡിയിലാണെങ്കില്‍, അയാള്‍ സസ്പെന്‍ഷനിലായതായി കണക്കാക്കുമെന്നും അജയ് റസ്തോഗി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: