Categories: Kerala

മാഹിയിലെത്തിയാല്‍ ദോസ്തി; വടകരയില്‍ ഗുസ്തി; സിപിഎം – കോണ്‍ഗ്രസ് ഇരട്ടത്താപ്പ്

Published by

കണ്ണൂര്‍: വടകരയുടെ അതിര്‍ത്തി കടന്ന് മാഹിയിലെത്തിയാല്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റമുന്നണി. വടകരയില്‍ പൊരിഞ്ഞ പോരും. ഇരുപാര്‍ട്ടികളുടെ ഇരട്ടത്താപ്പ് ചര്‍ച്ചയാവുന്നു. മാഹിയുള്‍പ്പെടുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലാണ് എന്‍ഡിഎയ്‌ക്കെതിരെ രണ്ട് പാര്‍ട്ടികളും കൈകോര്‍ക്കുന്നത്.

പുതുച്ചേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ എ. നമശ്ശിവായമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വി. വൈദ്യലിംഗത്തിന് വേണ്ടിയാണ് സിപിഎം കൊടിപിടിക്കുന്നതും പോസ്റ്ററൊട്ടിക്കുന്നതും പ്രസംഗിക്കുന്നതും. പത്രിക സമര്‍പ്പിക്കുമ്പോഴും മുസ്ലിംലീഗ്, കോണ്‍ഗ്രസ് ഡിഎംകെ നേതാക്കള്‍ക്കൊപ്പം സിപിഎം, സിപിഐ നേതാക്കളുമുണ്ടായിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഭാഗമാണ് മാഹിയിലെ പാര്‍ട്ടി ഘടകം. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള കണ്ണൂരില്‍ ഒരു നിലപാടും മാഹിയില്‍ മറ്റൊരു നിലപാടും എടുക്കുന്നത് പാര്‍ട്ടി അണികളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

കണ്ണൂരിലും വടകരയിലും തമ്മില്‍ പോരടിക്കുമ്പോള്‍ മാഹിയില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്‌ക്കുന്നത് എങ്ങനെ വിശദീകരിക്കുമെന്നറിയാതെ നേതൃത്വം കുഴങ്ങുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കരുതെന്ന് സിപിഎം പുതുച്ചേരി സംസ്ഥാന നേതൃത്വം മാഹിയിലെ നേതൃത്വത്തെ അറിയിച്ചതും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക