കൊച്ചി: കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ രണ്ട് വര്‍ഷത്തിനകം നിര്‍ജീവമാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. ബംഗാളില്‍ 30 വര്‍ഷം കോണ്‍ഗ്രസും 34 വര്‍ഷം സിപിഎമ്മും തുടര്‍ച്ചയായി ഭരിച്ചു. ഇന്ന് അവിടെ ഇരു പാര്‍ട്ടികളും പൂജ്യമാണ്. കേരളത്തിലും ഇതാകും അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ എറണാകുളം ലോക്സഭാ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഒരു കുടുംബത്തിനായി നിലകൊള്ളുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ന് അമ്മായിയപ്പന്, മരുമകന്, മകള്‍ എന്നീ നിലയിലെത്തിയെന്ന് അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. 22 വര്‍ഷത്തിലേറെയായി ഒരു ദിവസം പോലും മുടക്കമില്ലാതെ പ്രധാനമന്ത്രി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിനും എന്‍ഡിഎക്കും അനുകൂലമായി കേരളം വിധിയെഴുതുമെന്നും അത് ചരിത്രമായി മാറുമെന്നും ജാവദേക്കര്‍ സൂചിപ്പിച്ചു.
തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ഇവിഎം മെഷീന് നല്ലതും തോല്‍ക്കുമ്പോള്‍ മോശവുമെന്നു പറയുന്നത് ജനവിധിയെ പരിഹസിക്കലാണ്. കര്‍ണാടകയിലും തെലങ്കാനയിലും ഇവിഎം മെഷിന് ശരിയായതും മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മോശവുമെന്നാണിവര് പറയുന്നത്. 2004 ല്‍ ആദ്യമായി മെഷീന് നടപ്പാക്കിയ വാജ്പേയ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന് മെഷീനെ കുറ്റം പറയാതെ ജനവിധി അംഗീകരിച്ചു. ഇതാണ് ബിജെപിയുടെ പാരമ്പര്യം.
ദല്‍ഹിയില്‍ രാഹുലും സീതാറാം യെച്ചൂരിയും കൈയുയര്‍ത്തി നില്‍ക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. കേരളത്തില്‍ ഇരുവരും പോരടിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്.
കരുവന്നൂര്‍ ബാങ്കില്‍ സിപിഎം നേതാക്കള്‍ നടത്തിയ കൊള്ളയുടെ പങ്ക് പാര്‍ട്ടിയും പറ്റിയിരിക്കുന്നതിന് തെളിവായി ഇ ഡി പാര്‍ട്ടിയുടെ പേരില്‍ നിരവധി ബിനാമി അക്കൗണ്ടുകള്‍ ഉണ്ടെന്നുള്ള കാര്യം വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന കണ്വഷനില് എന്‍ഡിഎ ജില്ലാ ചെയര്മാന് കെ.എസ്. ഷൈജു അധ്യക്ഷനായി . സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യുസ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രന്, എസ്ജെഡി സംസ്ഥാന പ്രസിഡന്റ്് വി.വി. രാജേന്ദ്രന്, ജെആര്‍പി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് കുന്നുകര, എറണാകുളം മണ്ഡലം ഇന്‍ ചാര്‍ജ് നാരായണന് നമ്പൂതിരി, വി.വി. അഗസ്റ്റിന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ തട്ടാരത്ത്, എന്‍ഡിഎ ജോ. കണ്‍വീനര്‍ എന്‍.പി. ശങ്കരന്‍കുട്ടി, ബിജെപി ജില്ലാ ജനറല്‍ സെകട്ടറി എസ്. സജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: