ക്രിക്കറ്റില്‍ കേരളത്തിന്റെ കളിയച്ചന് ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുണ്ടായിരുന്നുള്ളൂ, രവി അച്ചന്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുവരെ കൊച്ചിരാജ്യത്തിന്റെ ചരിത്രത്തില്‍ നായകന്മാരായി ഇടംപിടിച്ചവരാണ് പാലിയത്ത് അച്ചന്മാര്. അവരില്‍ ഏറ്റവും ജനകീയനായിരുന്നു പി. രവി അച്ചന്.
കൊച്ചി ഇളയ തമ്പുരാന് അനിയന് കുട്ടന് തമ്പുരാന്റെയും, പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 ലാണ് രവി അച്ചന്റെ ജനനം. തൃപ്പൂണിത്തുറയിലായിരുന്നു വിദ്യാഭ്യാസമെന്നതിനാല്‍ ചേന്ദമംഗലത്ത് താമസം വിരളമായിരുന്നു. ക്ഷേത്രത്തിലെ ഭജനം പോലെയുള്ള വിശേഷാവസരങ്ങളില്‍ മാത്രമാണ് രവി അച്ചന് പാലിയത്ത് താമസിക്കാന്‍ കഴിഞ്ഞിരുന്നത്. പഠിച്ചതും വളര്‍ന്നതുമൊക്കെ ചേന്ദമംഗലത്തെ പാലിയത്തു തറവാട്ടില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തൃപ്പൂണിത്തുറയിലാണെങ്കിലും പാലിയത്തിന്റെ ചരിത്രമെല്ലാം രവി അച്ചന് ഹൃദിസ്ഥമായിരുന്നു. അതാകട്ടെ പാലിയം സമരത്തെക്കുറിച്ചും മറ്റും പലരും എഴുതിവച്ചിട്ടുള്ളതില്‍നിന്ന് വ്യത്യസ്തവുമായിരുന്നു.
തൃപ്പൂണിത്തുറയുടെ സാംസ്കാരിക മനസില്‍ രവി അച്ചന് നേടിയെടുത്ത സ്ഥാനം വളരെ വലുതായിരുന്നു. തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീതസഭ, പൂര്‍ണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നിങ്ങനെ നിരവധി പ്രസ്ഥാനങ്ങളുടെ സാരഥിയായിരുന്നു രവി അച്ചന്.
ക്രിക്കറ്റിന്റെ ലോകത്ത്
കായിക കേരളത്തിന്റെ ഇന്നലെകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് രവി അച്ചന്. 1952 മുതല്‍ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി മാച്ചുകള്‍ കളിച്ച് 125 വിക്കറ്റും 1107 റണ്‍സും നേടി. 1969 ല്‍ മദ്രാസിനെതിരെ തിരുനെല്‍വേലിയിലായിരുന്നു അവസാന മത്സരം.
ഓള്‍റൗണ്ടര്‍ പദവി നേടിയ കേരളത്തിന്റെ ആദ്യ ക്രിക്കറ്റ് കളിക്കാരനും രവി അച്ചനായിരുന്നു. തൃപ്പൂണിത്തുറയിലെ പൂജ ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങി. നിരവധി മത്സരങ്ങളില്‍ കേരളത്തെ നയിച്ചു. കുറച്ചുകാലം സെലക്ടറായി.
കായിക താത്പര്യം ക്രിക്കറ്റില്‍ ഒതുങ്ങുന്നില്ല. ടെന്നീസിലും ബാഡ്മിന്റണിലും ടേബിള്‍ ടെന്നീസിലും ബോള്‍ ബാഡ്മിന്റണിലും തിളങ്ങി.
ശാസ്ത്ര വിഷയങ്ങളില്‍ ബിരുദവും നിയമബിരുദവുമുള്ള രവി അച്ചന്റെ അറിവുകള്‍ അവയില്‍ ഒതുങ്ങിയില്ല. സൂര്യനു താഴെയുള്ള എന്തിനെക്കുറിച്ചും അറിവുള്ളയാള്‍ എന്ന വിശേഷണം അദ്ദേഹത്തെ സംബന്ധിച്ച് കേവലം ആലങ്കാരികമായിരുന്നില്ല. ചരിത്രം, തത്വചിന്ത, ശാസ്ത്രം, കല, സാഹിത്യം, സ്പോര്‍ട്സ് എന്നിവയില്‍ പല പണ്ഡിതന്മാരെയും അതിശയിപ്പിക്കുന്ന അറിവുകള്‍ സ്വായത്തമാക്കിയിരുന്നു. ഉത്സവങ്ങള്‍, ആന, മേളം, സദ്യ, കഥകളി, അക്ഷരശ്ലോകം തുടങ്ങിയവയെക്കുറിച്ച് രവി അച്ചന് പറഞ്ഞു തുടങ്ങുമ്പോള്‍ ഈ രംഗങ്ങളിലെ ഉജ്വല വക്താവിനെയാണ് അനുവാചകര്‍ തിരിച്ചറിഞ്ഞിരുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ തന്റെ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് എടുത്തിരുന്നു. ഫീസ് വാങ്ങില്ല.
അവസാനംവരെ ദേശീയതയ്ക്കൊപ്പം
ഏറെക്കാലം ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷനായിരുന്നു രവി അച്ചന്. മകന് രാം മോഹനനിലൂടെയാണ് അദ്ദേഹം ആര്‍എസ്എസിനോട് അടുത്തത്. സംഘപരിവാറിന്റെ സംഘടനാപരവും ആശയപരവുമായ ലോകത്തേക്കുള്ള മഹാപ്രവേശമായിരുന്നു ഇത്. ആദ്യം ചുമതലയേറ്റത് ബാലഗോകുലത്തിലായിരുന്നെങ്കിലും അധികം വൈകാതെ ആര്‍എസ്എസ് സംഘചാലകായി. 12 വര്‍ഷമാണ് കൊച്ചി മഹാനഗര്‍ സംഘചാലക് എന്ന പദവി വഹിച്ചത്. 80 വയസായപ്പോള്‍ ചുമതലയൊഴിഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍, കുരുക്ഷേത്ര പ്രകാശന് മാനേജിങ് ഡയറക്ടര്‍, കായികരംഗത്തെ ദേശീയ സംഘടനയായ ‘ക്രീഡാ ഭാരതി’യുടെ ആദ്യ സംസ്ഥാന അധ്യക്ഷന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു. പദവികള്‍ ഏതായാലും ‘സ്വയം സേവകത്വം’ പുലര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു.
രവി അച്ചന് രാഷ്ട്രീയമുണ്ടായിരുന്നു. പക്ഷേ കക്ഷി രാഷ്ട്രീയമില്ല. 1943 ല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസില്‍ കാലണ കൊടുത്ത് അംഗമായതാണ്. പിന്നീട് ഒരു പാര്‍ട്ടിയിലും അംഗമായിരുന്നിട്ടില്ല. ഒരു കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം തോന്നിയിരുന്നു. ജയപ്രകാശ് നാരായണന്റെയും അശോക് മേത്തയുടെയും മറ്റും ആദര്‍ശത്തോട് ആഭിമുഖ്യം തോന്നിയിട്ടുണ്ട്. സോഷ്യലിസം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. കാറല്‍ മാര്‍ക്സിന്റെ ‘മൂലധനം’ ഒഴികെയുള്ള ഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞു. ജന്മനാടായ തൃപ്പൂണിത്തുറ ഒരുകാലത്ത് കമ്യൂണിസ്റ്റുകാരുടെ തട്ടകമായിരുന്നല്ലോ. കോവിലകങ്ങളിലുള്ളവര്‍ പലരും കമ്യൂണിസ്റ്റുകളായി മാറുകയുണ്ടായി. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം അവര്‍ ജയിച്ചും പോന്നു. ടി. കെ. രാമകൃഷ്ണന് വരെ ഇതില്‍പ്പെടുന്നു. രവി അച്ചന് പക്ഷേ ആ പക്ഷത്തിന്റെ വക്താവായില്ല. ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും ഹിന്ദുത്വ-ദേശീയ ധാരയോട് ഐക്യപ്പെട്ടു, അത് ജീവിതാവസാനം വരെ തുടര്‍ന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: