ന്യൂദല്‍ഹി: മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.
മനുഷ്യ- വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. നയത്തിന്റെയും പരിപാടികളുടെയും അഭാവമല്ല, മറിച്ച് അത് നടപ്പാക്കുന്നതിലുള്ള പോരായ്മയാണ് പ്രശ്നത്തിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിന് നിലവിലുള്ള നയം ഫലപ്രദമല്ലെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്ന് സുപ്രീം കോടതി ചോദിച്ചു. തന്റെ സംസ്ഥാനത്തും ഇതേ പ്രശ്നങ്ങളുണ്ടെന്ന് ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് സുധാന്‍ശു ധുലിയ പറഞ്ഞു. എല്ലാ സംസ്ഥാനത്തും പ്രശ്നമുണ്ട്. ഓരോ സംസ്ഥാനത്തെ പ്രശ്നത്തിനും വ്യത്യസ്ത കാരണമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി അന്‍വറിന് അനുമതി നല്കി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കെയാണ് മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയാറാക്കാനും നഷ്ടപരിഹാരത്തിന് പ്രത്യേകഫണ്ട് രൂപീകരിക്കാനും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി പി.വി. അന്‍വര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന ജനരോഷം മറികടക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് വന്യജീവി ആക്രമണങ്ങളില്‍ ജീവന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: