പാരിസ്: ഫ്രഞ്ച് ലീഗില്‍ മാഴ്സെക്കെതിരെ മികച്ച വിജയവുമായി പിഎസ്ജി. കിരീടത്തിലേക്ക് കുതിക്കുന്ന അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. പത്തുപേരുമായി കളിച്ചാണ് അവരുടെ വിജയം. 40-ാം മിനിറ്റില്‍ പിഎസ്ജിയുടെ ലോപസ് ബെറാള്‍ഡോ ചുവപ്പുകാര്‍ഡ് പുറത്തുപോയി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 53-ാം മിനിറ്റില്‍ വിറ്റീഞ്ഞയും 85-ാം മിനിറ്റില്‍ റാമോസുമാണ് ഗോളടിച്ചത്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പിഎസ്ജിക്ക് ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും കോളോ മുവാനി നല്കിയ ക്രോസ് ഫാബിയന്‍ ലൂയിസ് പാഴാക്കി. വൈകാതെ മാഴ്സെ താരം ഒബൂമയാങ്ങിന്റെ ഷോട്ട് പിഎസ്ജി ഗോള്‍കീപ്പര്‍ ഡോണറുമ്മ കൈയിലൊതുക്കിയപ്പോള്‍ മറ്റൊരു ഷോട്ട് ക്രോസ് ബാറിനോട് ചേര്‍ന്ന് പുറത്തുപോയി.
40-ാം മിനിറ്റിലാണ് പിഎസ്ജിക്ക് തിരിച്ചടിയായി ലോപസ് ബെറാള്‍ഡോ ചുവപ്പുകാര്‍ഡ് വാങ്ങിയത്. ഒബൂമയാങ്ങിനെ കൈകൊണ്ട് പിടിച്ചുതള്ളിയതിനായിരുന്നു വാര് പരിശോധനയിലൂടെ റഫറിയുടെ ശിക്ഷ.
എന്നാല്‍, ഒരാളുടെ കുറവുണ്ടായിട്ടും തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയ പിഎസ്ജി 53-ാം മിനിറ്റില്‍ ലീഡ് നേടി. സ്വന്തം ഹാഫില്‍നിന്ന് പന്തുമായി മുന്നേറിയ വിറ്റിഞ്ഞ എതിര് ബോക്സിനടുത്ത് വെച്ച് ഡെംബലെക്ക് പന്ത് കൈമാറിയെങ്കിലും തിരിച്ചുനല്കിയപ്പോള് പിഴവില്ലാതെ വലകുലുക്കുകയായിരുന്നു. അഞ്ച് മിനിറ്റിനകം മാഴ്സെയുടെ ഗോള്‍ശ്രമം ഡോണറുമ്മ തട്ടിത്തെറിപ്പിച്ചെങ്കിലും റീ ബൗണ്ടില്‍ പന്ത് വലയിലെത്തി. എന്നാല്‍, ഓഫ്സൈഡ് ഫഌഗ് ഉയര്‍ന്നത് തിരിച്ചടിയായി. 85-ാം മിനിറ്റില്‍ പിഎസ്ജിയുടെ ജയമുറപ്പിച്ച ഗോളെത്തി. മാഴ്സെക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍കിക്കില്‍നിന്ന് പന്ത് പിടിച്ചെടുത്ത് നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ അസന്‍സിയോ നല്കിയ ക്രോസ് ഗോണ്‍സാലോ റാമോസ് ഫിനിഷ് ചെയ്യുകയായിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ മൂന്നുതവണ കൂടി ഡോണറുമ്മയുടെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ മാഴ്സെയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി.
മറ്റൊരു കളിയില്‍ ബ്രെസ്റ്റ് 1-0ന് ലോറിയന്റിനെ പരാജയപ്പെടുത്തി. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള പിഎസ്ജിക്ക് 12 പോയിന്റിന്റെ ലീഡായി. 27 കളികളില്‍ നിന്ന് 62 പോയിന്റുള്ള അവര്‍ക്ക് പിന്നില്‍ 50 പോയിന്റുള്ള ബ്രെസ്റ്റാണ് രണ്ടാമത്. 49 പോയിന്റുമായി മൊണാക്കൊയാണ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: