ബാരാമതി: ഭാര്യ സുനേത്ര പവാര്‍ ബാരാമതിയില്‍ മത്സരിക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ പ്രഖ്യാപിച്ചതോടെ മത്സരം പവാര്‍കുടുംബത്തിന്റെ പവര്‍ തെളിയിക്കുന്ന പോരാട്ടമായി മാറുന്നു. എന്‍സിപിയുടെ സീറ്റാണിതെന്നും സുപ്രിയ കഴിഞ്ഞ തവണ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നെന്നും ചൂണ്ടിക്കാട്ടി അജിത് മണ്ഡലം സുനേത്രയിലൂടെ എന്‍സിപി തന്നെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വീണ്ടും മത്സരിക്കുന്നതിനെ ചോദ്യം ചെയ്താണ് അജിതിന്റെ പരാമര്‍ശം. ബാരാമതി സുപ്രിയയുടെ സീറ്റല്ല, എന്‍സിപിയുടേതാണ്. സുപ്രിയ ഇപ്പോള്‍ ശരത് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയാണ്. എന്‍സിപിയുടെ സ്ഥാനാര്‍ത്ഥി സുനേത്രയാണ്, അജിത് പവാര്‍ പറഞ്ഞു.
അതേസമയം സുനേത്ര പവാര്‍ തനിക്ക് അമ്മയെപ്പോലെയാണെന്ന് സുപ്രിയ സുലെ പറഞ്ഞു. അവരെനിക്ക് ഏട്ടത്തിയും അമ്മയുമാണ്. അവര്‍ക്കെതിരെയല്ല, ബിജെപിക്കെതിരായാണ് ഞാന്‍ മത്സരിക്കുന്നത്. ബാരാമതി മണ്ഡലത്തില്‍നിന്ന് ശരത് പവാറിനെ ഒഴിവാക്കാനുള്ള ബിജെപിയുടെ രാഷ്‌ട്രീയ നീക്കമാണിത്. ഞാന്‍ മത്സരിക്കുന്നത് ശരത് പവാറിന് വേണ്ടിയാണ്. അത് ജനങ്ങള്‍ക്ക് മനസിലാകും, സുപ്രിയ പറഞ്ഞു. നാലാം തവണയാണ് സുപ്രിയ സുലെ ബാരാമതിയില്‍ നിന്ന് ജനവിധി തേടുന്നത്.
മത്സരം കുടുംബബന്ധങ്ങളെ ബാധിക്കില്ലെന്ന് സുനേത്ര പവാര്‍ പറഞ്ഞു. സുപ്രിയ എനിക്കും അജിത്ജിക്കും പ്രിയപ്പെട്ടവളാണ്. പക്ഷേ ഇത് നാടിന് വേണ്ടിയുള്ള മത്സരമാണ്. സുപ്രിയ ഇപ്പോള്‍ രാഷ്‌ട്രപുരോഗതി തടയാന്‍ നില്ക്കുന്നവര്‍ക്കൊപ്പമാണ്. അച്ഛനുവേണ്ടിയെന്ന നിസഹായാവസ്ഥയിലാണ് അവള്‍. അത് മനസിലാക്കാവുന്നതേയുള്ളൂ, സുനേത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: