ചെന്നൈ: ”രാംലല്ലയുടെ കണ്ണുകളില്‍ 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു. സുവര്‍ണയുഗം തുടങ്ങിയെന്ന് ബാലകരാമന്‍ പറയുന്നതായി എനിക്ക് തോന്നി. ഭാരതത്തിന്റെ കാലമാണ് വരുന്നത്. രാജ്യം മുന്നോട്ട് കുതിക്കുകയാണ്…” അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാമുഹൂര്‍ത്തത്തിലെ അനുഭവങ്ങളെപ്പറ്റി പ്രധാനമന്ത്രി മനസ് തുറന്നു. തമിഴ് ടിവി ചാനലായ തന്തി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ആ മുഹൂര്‍ത്തത്തെപ്പറ്റി മോദി വികാരാധീനനായത്.
പ്രാണപ്രതിഷ്ഠയെ സംബന്ധിച്ച ചോദ്യത്തെ വൈകാരികമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം കിട്ടിയതുമുതല്‍ ഞാന്‍ ആദ്ധ്യാത്മികമായ ഒരു അന്തരീക്ഷത്തില്‍ മുഴുകി. സാധാരണയില്‍ കവിഞ്ഞ ഒരു അനുഭൂതിയായിരുന്നു അത്. ചേതനയുടേതായ അന്തരീക്ഷം. ശേഷം പതിനൊന്ന് ദിവസം വ്രതം ആചരിക്കാന്‍ തീരുമാനിച്ചു. ഭഗവാന്‍ രാമനുമായി ബന്ധപ്പെട്ട പവിത്രസ്ഥാനങ്ങളിലൊക്കെ ദര്‍ശനം നടത്തി. പ്രത്യേകിച്ച് ഭാരതത്തിന്റെ ദക്ഷിണദേശത്തെ തീര്‍ത്ഥ സ്ഥാനങ്ങളില്‍. പൂര്‍ണമായും ഞാന്‍ ഉള്ളിലേക്ക് തിരിഞ്ഞു.
അയോദ്ധ്യയിലെത്തി ഓരോ ചുവടുവയ്‌ക്കുമ്പോഴും മനസിലേക്ക് മറ്റൊരു ചിന്ത കടന്നുവന്നു. ഞാനിവിടെയെത്തിയത് പ്രധാനമന്ത്രിയായാണോ അതോ ഭാരതത്തിലെ ഒരു സാധാരണ പൗരനായാണോ? 140 കോടി ഭാരതീയരില്‍പ്പെട്ട ഒരു സാധാരണ ഭക്തനായാണ് ഞാന്‍ അയോദ്ധ്യയിലെത്തിയിരിക്കുന്നത് എന്ന് എനിക്ക് അനുഭവപ്പെട്ടു.
രാംലല്ലയുടെ വിഗ്രഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ആചാര്യന്മാരുടെയും പുരോഹിതരുടെയും വാക്കുകള്‍ എനിക്ക് പൂര്‍ണമായും ശ്രദ്ധിക്കാനായില്ല. ആ നിമിഷത്തില്‍ ഇതാ സുവര്‍ണയുഗം ആരംഭിച്ചിരിക്കുന്നുവെന്ന് രാംലല്ല പറയുന്നതായി എനിക്ക് തോന്നി. ഭാരതത്തിന്റെ ദിവസങ്ങള്‍ വരുന്നു. രാഷ്‌ട്രം മുന്നോട്ടുപോകുന്നു. 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങള്‍ ഞാന്‍ ബാലകരാമന്റെ കണ്ണുകളില്‍ കണ്ടു.
ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രാണപ്രതിഷ്ഠ അതിലുമപ്പുറമായ ഒരു അനുഭൂതിയായിരുന്നു. അത് വ്യക്തിപരമായി എങ്ങനെ അനുഭവപ്പെട്ടു എന്ന് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകില്ല, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: