ന്യൂദല്‍ഹി: സനാതന ധര്‍മത്തെ അവഹേളിച്ചതിന് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ വിമര്‍ശനം. വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഉദയനിധി സ്റ്റാലിന് ലഭിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഡങ്കി, മലേറിയ, കൊറോണ എന്നിവയെപ്പോലെ സതാനത ധര്‍മത്തേയും എന്നന്നേക്കുമായി തുടച്ചു നീക്കണം എന്ന ഉദയനിധിയുടെ പ്രസ്താവനക്കെതിരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതെല്ലാം ഒറ്റക്കേസായി പരിഗണിക്കണം എന്നാണ് ആവശ്യം. ഇതെക്കുറിച്ചുള്ള വാദത്തിനിടെയാണ് റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമി അടക്കമുള്ള ചില മാധ്യമ പ്രവര്‍ത്തകള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ പറയുന്ന ചില കാര്യങ്ങളെക്കുറിച്ച് ഉദയനിധിയുടെ അഭിഭാഷകര്‍ പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകര്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ പറയുന്നത് അനുസരിച്ച് ടിആര്‍പി റേറ്റ് കൂട്ടുന്നതിനു വേണ്ടി ചിലതു പറയും. അതിനു ലഭിക്കുന്ന ലഭിക്കുന്ന പരിരക്ഷ ഉദയനിധിക്കു ലഭിക്കില്ല. കാരണം നിങ്ങള്‍ സ്വന്തം തീരുമാനത്തിന്അനുസരിച്ചാണ് സനാതനധര്‍മത്തെക്കുറിച്ചു പറഞ്ഞത്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കേസുകളും അപ്പീലുകളും മാറ്റാന്‍ സുപ്രീം കോടതിക്ക് അധികാരം നല്‍കുന്ന സിആര്‍പിസിയുടെ 406ാം ചട്ടപ്രകാരമല്ലാതെ മൗലികാവകാശ ലംഘനത്തിനെതിരെയുള്ള 32ാം വകുപ്പ് ചൂണ്ടിക്കാട്ടി എന്തിനാണ് ഹര്‍ജി നല്‍കിയതെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. 406-ാം ചട്ടപ്രകാരം ഹര്‍ജി മാറ്റി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. മെയ് ആറിനു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: