കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഎമ്മിന് തിരിച്ചടി, തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നേട്ടീസ് നല്‍കി. എം.എം വര്‍ഗീസ് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ തനിക്ക് നോട്ടീസ് കിട്ടിയില്ലെന്നും ഹാജരാകുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച ശേഷമാകും തീരുമാനിക്കുകയെന്നും വര്‍ഗീസ് പറഞ്ഞു.
കള്ളപ്പണക്കേസില്‍ അന്വേഷണം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി ആലത്തൂര്‍ സ്ഥാനാര്‍ത്ഥി പ്രൊഫ.ടി.എന്‍ സരസുവിന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇഡി നടപടികള്‍ ശക്തമാക്കിയത്.
സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും തെരഞ്ഞെടുപ്പ് കമ്മിഷനും കൈമാറിയിട്ടുണ്ട്.
കരുവന്നൂരില്‍ അഞ്ചു രഹസ്യ അക്കൗണ്ടുകള്‍ സിപിഎമ്മിനുണ്ടെന്നാണ് കണ്ടെത്തല്‍. അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍ അംഗത്വമെടുക്കണമെന്ന സഹകരണ നിയമവും ബൈലോയും മറികടന്നാണ് അക്കൗണ്ടുകള്‍ എടുത്തിരിക്കുന്നത്. ഉന്നത സിപിഎം നേതാക്കള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തു. എന്നാല്‍ ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളില്‍ ഇല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
തൃശൂരിലെ 17 ഏരിയ കമ്മിറ്റിക്ക് കീഴില്‍ വിവിധ സഹകരണ ബാങ്കുകളിലായി 25 അക്കൗണ്ടുകളുണ്ട്. എന്നാല്‍ ഓഡിറ്റ് കണക്കുകളില്‍ ഈ വിവരങ്ങള്‍ ഇല്ലെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പാര്‍ട്ടി ഫണ്ട്, ലെവി പിരിവ്, പാര്‍ട്ടി ഭൂമിയിടപാടുകളിലൂടെ ലഭിക്കുന്ന തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ നല്‍കാനും കമ്മിഷന്‍ തുക നിക്ഷേപിക്കാനും അക്കൗണ്ട് വിനിയോഗിച്ചെന്ന് ഇഡി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: