തിരുവനന്തപുരം: ആലപ്പുഴയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന് ഖനന അനുമതി നല്കിയ ഫയലുകള്‍ പൂഴ്ത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. ഖനനവുമായി ബന്ധപ്പെട്ട് വിവരാവകാശം വഴി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയിലാണ് ഫയല്‍ പുഴ്ത്തിയെന്ന് വ്യക്തമാകുന്നത്. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം 20 വര്‍ഷം മുമ്പുള്ള ഫയല്‍ വളരെ പ്രയാസപ്പെട്ട് കണ്ടെത്തിയെന്ന വിചിത്ര വാദവും. ഉയര്‍ന്ന ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ മറുപടിയെങ്കിലും ലഭിച്ചത്.
സിഎംആര്‍എല്ലിന് ഖനനം നടത്തുന്നതിലേക്ക് മൈനിങ് ലീസ് അനുവദിച്ച വര്‍ഷവും തീയതിയും, എത്ര ഹെക്ടര്‍ ഭൂമിയിലാണ് ഖനനം നടത്താന്‍ അനുമതി നല്‍കിയത്, ഖനനം നടത്തുന്ന ഭൂമി ഏത് വിഭാഗത്തില്‍പ്പെട്ടതാണ്, അത് ലീസ് ഉടമയുടെ ഭൂമിയാണെങ്കില് അത് സംബന്ധിച്ച വിവരം, സര്‍ക്കാര്‍ ഭൂമിയാണോ സ്വകാര്യവ്യക്തികളുടെ ഭൂമിയാണോ ഇതില്‍ ഏതാണ്, നാളിതുവരെ റോയല്‍റ്റി ഇനത്തില്‍ സിഎംആര്‍എല്‍ നല്‍കിയിട്ടുള്ള തുക, മെട്രിക് ടണ്ണിന് എത്ര രൂപയാണ് റോയല്‍റ്റി, എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം ഇതുവരെ നടത്തിയിട്ടുണ്ട്, ഖനനം ആരംഭിക്കുന്നതിനു മുമ്പ് ലീസ് ഏരിയയില്‍ ഏത്ര മെട്രിക് ടണ്‍ നിക്ഷേപം ഉണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉന്നയിച്ചത്. മറുപടി ലഭിക്കേണ്ട കാലാവധി ആയിട്ടും വകുപ്പ് മൗനം പാലിച്ചു. തുടര്‍ന്ന് വിവരാവകാശ അപ്പീല്‍ അധികാരി കിഷോര്‍ എം.സിക്ക് പരാതി നല്കി.
ഇതോടെ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ജിയോളജി വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ട് ശോഭ ഇ.ടി. ഒറ്റ വരിയില്‍ വിചിത്രമായ മറുപടി നല്കി. സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് മൈനിങ് ലീസ് നല്‍കിയതായി ഫയലില്‍ കാണാന്‍ കഴിയുന്നില്ല. കൂടാതെ 20 വര്‍ഷം പഴക്കമുള്ള ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിന് കാലതാമസം നേരിട്ടതു കൊണ്ടാണ് മറുപടി നല്കാന് താമസിച്ചതെന്നും കിഷോര്‍ എം.സിയ്ക്ക് നല്കിയ മറുപടിയില്‍ പറയുന്നു. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ കരിമണല്‍ ഖനന അഴിമതി ഫയല്‍ പൂഴ്ത്തി വച്ചിരിക്കുന്നുവെന്ന് വ്യക്തം. അപ്പീല്‍ അധികാരിക്ക് പരാതി നല്‍കിയില്ലെങ്കില്‍ ഫയല്‍ കണ്ടെത്താനുള്ള നടപടികള്‍ പോലും ഉണ്ടാകുമായിരുന്നില്ല.
സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല എന്ന മറുപടി നല്കിയതിനാല് മറ്റ് ചോദ്യങ്ങളില്‍ നിന്ന് വകുപ്പ് തടിയൂരുകയും ചെയ്തു. എന്നാല്‍ നാളിതുവരെ എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന പൊതുവായ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. അനുമതി നല്‍കുന്നതിന്റെ ഇരട്ടിയിലധികം ഖനനമാണ് നടക്കുന്നതെന്ന് ആരോപണം ഇപ്പോഴും നില നില്‍ക്കെയാണ് എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന വിവരം വകുപ്പും മറച്ച് വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: