ആലപ്പുഴ: സത്യം ജനങ്ങളെ അറിയിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കുറ്റകരമായ അനാസ്ഥ വരുത്തുന്നു എന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം 27-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പുരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കം ഹിന്ദു – ക്രിസ്ത്യന്‍ വര്‍ഗീയ സംഘര്‍ഷമായി പ്രചരിപ്പിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. സര്‍വ്വ ധര്‍മ്മ സമഭാവനയാണ് ഭാരതത്തിന്റെ മതേതരത്വം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മതേതരത്വം വികലമായി ചിത്രീകരിക്കാനും ഔദ്യോഗിക തലത്തില്‍ ശ്രമം നടക്കുന്നു.
യഥാര്‍ത്ഥത്തില്‍ വൈജ്ഞാനിക കേരളത്തിന്റെ ശരീരത്തില്‍ കുത്തിയിറക്കിയ കഠാരയാണ് കമ്മ്യൂണിസം. സത്യം ചെരുപ്പിടുമ്പോഴേക്കും അധര്‍മ്മം ലോകം ചുറ്റി വരുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദേശീയതക്ക് വളക്കൂറുള്ള മണ്ണാണ് കേരളത്തിന്റേത്. പക്ഷേ കേരളത്തില്‍ വ്യാപകമായി പ്രചരിച്ച ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ സത്യത്തെ തലകീഴാക്കി നിര്‍ത്തി. മതത്തിന്റെ പേരില്‍ ദേശീയതയില്‍ നിന്നും ജനങ്ങളെ അകറ്റി. അദ്ധ്യാപക സമൂഹം സത്യം പറയേണ്ടവരും പഠിപ്പിക്കേണ്ടവരുമാണ്. അതിനു വേണ്ടി ശക്തരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എഐസിടിഇ ചീഫ് കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ ഡോ. ബുദ്ധാ ചന്ദ്രശേഖര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതം സ്കില്‍, ഇന്നവേഷന്‍ ടെക്നോളജി എന്നിവയുടെ കേന്ദ്രമായി മാറുകയാണ്. നമ്മുടെ ദേശീയ വിദ്യാഭ്യാസ നയം പൗരാണിക ഭാരതീയ വിജ്ഞാന സമ്പത്തുക്കളെ ഉപയോഗപ്പെടുത്തുവാനുള്ള അവസരം തരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. സി.പി. സതീഷ് അദ്ധ്യക്ഷനായി. എബിആര്‍എസ്എം സഹ സംഘടനാ സെക്രട്ടറി ഗുന്ദാ ലക്ഷ്മണ്, ദേശീയ കാര്യദര്‍ശി പ്രൊഫ. ഗീതാ ഭട്ട് , സംഘടന ജനറല്‍ സെക്രട്ടറി ഡോ. സുധിഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന് പദ്ധതികളെ സംബന്ധിച്ച് നാക് മേധാവി പ്രൊഫ. ഗണേശന് കണ്ണാഭിരാമന്‍ പ്രതിനിധികളുമായി സംവദിച്ചു. വനിതാ സമ്മേളനം ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ശാസ്ത്രജ്ഞ മായാ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. എസ്. ഉമാദേവി, പ്രൊഫ. ഗീതാഭട്ട്, ഡോ. ജ്യോത്സന, നെഹ്റു യുവ കേന്ദ്ര ഉപദേശക സമിതി അംഗം ആതിര വിശ്വനാഥ്, പ്രൊഫ. പ്രഭാ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസമായി നടന്നു വന്ന സമ്മേളനത്തിന്റെ സമാപന സഭയില്‍ എബിആര്‍എസ്എം സഹ സംഘടനാ സെക്രട്ടറി ഗുന്ദാ ലക്ഷ്മണ് മാര്‍ഗ്ഗനിര്‍ദേശം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് രഘുനാഥ്. വി, ഡോ. ടി.ജി. മനോഹരന്, ഡോ. രതീഷ് രാം. ഡോ. മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: