ന്യൂദല്‍ഹി: ഭാരത ഹോക്കിയിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളായി ഭാരത ഉപനായകന്‍ ഹാര്‍ദിക് സിങ്ങും വനിതാ താരം സലിമ ടെറ്റെയയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെയാണ് ഹോക്കി ഇന്ത്യ പുരസ്കാരങ്ങള്‍ ദല്‍ഹിയില്‍ പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിംപിക്സില്‍ നാല് പതിറ്റാണ്ട് ശേഷം മെഡല്‍ നേടിയ ഭാരത ടീമിലുള്‍പ്പെട്ട താരമാണ് ഹാര്‍ദിക് സിങ്.
കഴിഞ്ഞ വര്‍ഷം ഹാങചൊ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച മദ്ധ്യനിരതാരത്തിനുള്ള അജിത് പാല് സിങ് പുരസ്കാരവും ഹാര്‍ദിക് സിങ്ങ് ആണ് സ്വന്തമാക്കിയത്. മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട സലിമ ടെറ്റെ ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമേഡല്‍ നേടിയ വനിതാ ടീമിലുണ്ടായിരുന്നു. 2023ല്‍ ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ എമര്‍ജിങ് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സലിമ സ്വന്തമാക്കിയിട്ടുണ്ട്.
മലയാളി ഒളിംപിക് മെഡല്‍ ജേതാവ് പി.ആര്. ശ്രീജേഷ് ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. ബില്‍ജിത്ത് സിങ് അവാര്‍ഡ് എന്ന പേരിലാണ് ഗോളിക്കുള്ള പുരസ്കാരം സമ്മാനിക്കുന്നത്. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഭാരത ടീമിലുള്‍പ്പെട്ട അശോക് കുമാറിനാണ് ഇത്തവണ മേജര്‍ ധ്യാന്‍ ചന്ദ് ആജീവനാന്ത പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. ധ്യാന്‍ ചന്ദിന്റെ മകനാണ് അശോക് കുമാര്‍. 1975ല്‍ ലോകകപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീമിലും അശോക് കുമാര്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഭാരത ഹോക്കി നായകന് ഹര്മന് പ്രീത് സിങിനെ മികച്ച പ്രതിരോധ താരത്തിനുള്ള പര്‍ഗത്ത് സിങ് അവാര്‍ഡിന് അര്‍ഹനായി. മുന്നേറ്റ താരത്തിനുള്ള ധന്‍രാജ് പിള്ള അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത് അഭിഷേക് ആണ്. ഭാരതത്തിനായി 350 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന് മന്‍പ്രീത് സിങ്ങിന് പ്രത്യേക ട്രോഫിക്ക് അര്‍ഹനായി. 300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീജേഷും 250, 200 മത്സരങ്ങള്‍ തികച്ച സവിത പൂനിയ, ഹര്മന് പ്രീത് സിങ് എന്നിവരും പ്രത്യേക ട്രോഫിക്ക് അര്‍ഹത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: