ഭുവനേശ്വര്‍: സിദ്ധാന്ത് മൊഹാപത്രയുടെ ബിജെപി പ്രവേശത്തിന് പിന്നാലെ കൂടുതല്‍ ഒഡിയ സിനിമാതാരങ്ങള്‍ ബിജുജനതാദള്‍ വിടുന്നു. ബെര്‍ഹാംപൂരില്‍ നിന്ന് രണ്ട് തവണ എംപിയായ സിദ്ധാന്ത് മൊഹാപത്ര വ്യാഴാഴ്ചയാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് നവീന്‍ പട്നായിക്കിന്റെ സ്വാധീനത്തില്‍ ബിജെഡിയോടൊപ്പം സഞ്ചരിച്ച ഒഡിയ സാംസ്കാരിക സമൂഹമാണ് നരേന്ദ്ര മോദി പ്രഭാവത്തില്‍ കളം മാറുന്നത്. കഴിഞ്ഞ ദിവസം സാന്താലി എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായ ഡോ. ദമയന്തി ബെഷ്റയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
2009ലും 2014ലും ബര്‍ഹാംപൂരില്‍ നിന്ന് എംപിയായ സിദ്ധാന്തിന്റെ ബിജെപി പ്രവേശത്തോടെ മാറുന്ന ഒഡീഷ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രണ്ടാഴ്ച മുമ്പാണ് ബിജു ജനതാദള്‍ ജനറല്‍ സെക്രട്ടറിയും ജനപ്രിയ സിനിമാതാരവുമായ അരിന്ദം റോയ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെഡി തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അരിന്ദം റോയിയുടെ രാജി. സാംബല്‍പൂരില്‍ ബിജെഡി സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുന്ന പ്രണബ് പ്രകാശ് ദാസിന്റെ ഭാര്യാസഹോദരനാണ് റോയ്. ബിജെഡി ചിതറുകയാണെന്നും പാര്‍ട്ടിക്കും പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ക്കും ഭാവിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റോയ് ബിജെപിയിലേക്ക് വന്നത്.
സിദ്ധാന്ത് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശനിയാഴ്ച രണ്ട് താരങ്ങള്‍ കൂടി ബിജെഡി വിട്ടു. കേന്ദ്രപ്പാറ എംപിയും ബിജെഡിയുടെ താരപ്രചാരകനുമായ അനുഭവ് മൊഹന്തി, നടനും കൊറേയ് എംഎല്‍എയുമായ ആകാശ് ദസ്നായക് എന്നിവരാണ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്. രാജ്യം വികസിക്കുന്ന വഴി ജനങ്ങള്‍ തിരിച്ചറിയുന്നു എന്നാണ് അവര്‍ സ്വന്തം തീരുമാനം വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: