ഇതിഹാസങ്ങളിലെ ആഖ്യാനങ്ങള്‍ തികച്ചും വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ട് വ്യാഖ്യാനിക്കപ്പെടാറുണ്ടല്ലോ. ഇതിഹാസങ്ങളിലേത് പുരാതന ഭാരതത്തില്‍ അരങ്ങേറിയ യഥാര്‍ത്ഥ സംഭവങ്ങളാണെന്നു ധരിക്കുന്നവരും, കഥാസ്വാദനമെന്ന നിലയില്‍ വായിച്ചു രസിക്കുന്ന സഹൃദയരുമുണ്ട്. ഭാരതീയ സാഹിത്യത്തിന്റെ ഉത്കൃഷ്ട സംഭാവനകളായി ഇതിഹാസങ്ങളെ വിലമതിക്കുന്നവരും, ആത്മീയതയിലും ധര്‍മത്തിലുമധിഷ്ഠിതമായ സനാതന ധര്‍മം ഉദ്ഘോഷിക്കുന്ന കൃതികളായി പരിഗണിക്കുന്നവരുമുണ്ട്. ജീവിത പന്ഥാവില്‍, പ്രത്യേകിച്ച് വിഷമഘട്ടങ്ങളില്‍ താങ്ങായും വഴികാട്ടിയായും അവയെ അവലംബിക്കുന്നവരുമുണ്ട്.
എന്നാല്‍ ക്ലാസിക്കല്‍ സാഹിത്യത്തിന്, പ്രത്യേകിച്ച് കാവ്യത്തിന് മാതൃകയൊരുക്കിയ ആദികാവ്യത്തില്‍ പാശ്ചാത്യരുടെ ആധുനിക കാല്‍പ്പനികതയുടെ വിശിഷ്ടാംശങ്ങള്‍ മുഴുവന്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നുമാത്രമല്ല, ഭാരതീയ സാഹിത്യത്തിലെ ക്ലാസിക്ക് പാരമ്പര്യത്തിന്റെ അന്തഃസത്തയോട് ആഭിമുഖ്യം പുലര്‍ത്തുന്ന കുമാരനാശാനെപ്പോലുള്ള പ്രമുഖ കവികളെപ്പോലും പാശ്ചാത്യരുടെ കാല്‍പ്പനികത പാഠമാക്കിയവരില് അഗ്രഗണ്യരെന്നൊക്കെ വിലയിരുത്തുകയും ചെയ്യുന്നു. ഇതു ശരിയല്ല. കാരണം ആദികാവ്യത്തിന്റെ സാരവും രൂപവുമുള്ക്കൊണ്ട ഭാരതത്തിലെ മഹാകവികള്ക്കുമേല് പാശ്ചാത്യകാവ്യശില്പ്പങ്ങളുടെ ഭാരം വച്ചുകെട്ടേണ്ട ആവശ്യമേ വരുന്നില്ല. ആദികാവ്യത്തിലെ കാല്‍പ്പനികാംശങ്ങള്‍ പരിശോധിച്ചാല്‍ ഇതു നന്നായി ബോധ്യപ്പെടുന്നതാണ്.
കാല്‍പ്പനികതയുടെ സവിശേഷതകളിലൊന്ന് പ്രതീകാത്മകതയാണ്. ഇതില്‍ കാവ്യത്തിലെ വാക്കുകള്‍ സിമ്പലുകള്‍ അഥവാ ചിഹ്നങ്ങളാണ്. വിവിധങ്ങളായ അര്‍ത്ഥങ്ങള്‍, പ്രത്യേകിച്ച് സൂക്ഷ്മാര്‍ത്ഥങ്ങള്‍ ഉള്ക്കൊള്ളുന്നവയാകയാല് അവ പൂര്‍ണമായ വ്യാഖ്യാനത്തിന് വഴങ്ങുന്നില്ല. ഇത് രാമായണത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. ഈ പ്രത്യേകത മൂലമാണല്ലോ ഇന്നും ഈ പുരാതനകൃതി പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നത്.
സൂക്ഷ്മ ഭാവങ്ങളുടെ കാവ്യശില്‍പ്പങ്ങള്‍
കാല്‍പ്പനികതയുടെ മറ്റൊരു പ്രത്യേകത, അതിന്റെ ഭാവുകത്വമാണല്ലോ. രാമായണവും ജീവിതത്തിന്റെ മൃദുലവികാരങ്ങളെയും സൂക്ഷ്മ ഭാവങ്ങളെയും അലങ്കാരങ്ങളും ചാരുവര്ണനകളും ചേര്‍ത്ത് മനോഹര കാവ്യശില്പ്പങ്ങളാക്കി അവതരിപ്പിക്കുന്നകിടയറ്റ കാവ്യമാണ്. സീതാരാമന്മാരുടെ ത്യാഗപൂര്‍ണമായ ആദര്‍ശ പ്രേമം, അഹല്യ-മണ്ഡോദരി-താര മുതലായ സ്ത്രീകഥാപാത്രങ്ങളുടെ അനുഭവങ്ങള്‍ എന്നിവ വരച്ചുകാട്ടുന്നതിലും, സോദരസ്നേഹത്തിന്റെ ആഴം പ്രദര്‍ശിപ്പിക്കുന്നതിലും രാമായണം അന്യാദൃശമായ മികവ് പുലര്‍ത്തുന്നു. പക്ഷിമൃഗാദികളോടു പുലര്‍ത്തുന്ന സ്നേഹാദരങ്ങളില്പ്പോലും മികച്ച ഭാവുകത്വം പ്രത്യക്ഷപ്പെടുന്നു.
അപഹരിക്കപ്പെട്ട സീതയെ അന്വേഷിച്ച് രാമലക്ഷ്മണന്മാര് വനത്തിലാകെ അലഞ്ഞുതിരിയുമ്പോള്‍ പര്വ്വതത്തിനൊത്തവനായ ജടായു ചോരവാര്‍ന്ന് മൃതപ്രായനായി നിലത്തുകിടക്കുന്നതു കാണുന്നു. രാവണന് സീതയെയും തന്റെ പ്രാണനെയും അപഹരിച്ച വിവരം ജടായു ദശരഥാത്മജരെ ധരിപ്പിക്കുന്നു. ഇവര്‍ ഇരുവരും സന്താപത്താല്‍ ഉരുകി, പിതൃസുഹൃത്തായിരുന്ന പക്ഷിരാജനെ കെട്ടിപ്പുണര്‍ന്നു കരയുന്നു. വൈദേഹിയെ ആ നിശാചരന്‍ തെക്കോട്ടുകൊണ്ടുപോയി എന്നറിയിച്ച ശേഷം ജടായുവിന്റെ പ്രാണന് ശരീരം വെടിയുന്നു. തനിക്കുവേണ്ടി ജീവന് ത്യജിച്ച ആ പക്ഷിശ്രേഷ്ഠനെ നോക്കി രാമന് ലക്ഷ്മണനോടു പറയുന്നു: ”സൗമിത്രേ, ശൂരന്മാരും ശരണ്യന്മാരും ധര്മചാരികളുമായ ശിഷ്ടന്മാരെ തിര്യക്ക് ജാതികളില്‍പ്പോലും കാണാം.” സംപൂജ്യനായ ജടായുവിന് സ്വര്‍ഗപ്രാപ്തിക്കായി രാഘവന്മാര് സ്വന്തം പിതാവിനെന്നപോലെ ഉദകതര്‍പ്പണം നടത്തി മന്ത്രങ്ങളുരുവിട്ടുകൊണ്ട് എരിയുന്ന ചിതയില്‍ ദഹിപ്പിക്കുന്നു.
മനുഷ്യവികാരങ്ങളുടെ ശക്തമായ കുത്തൊഴുക്കായി കാവ്യത്തെ തരംതാഴ്ത്തിയ പാശ്ചാത്യ റൊമാന്റിക് കവികളുടെ കാഴ്ചപ്പാട്, അതായത് അതിഭാവുകത്വം രാമായണത്തില്‍ അനുഭവപ്പെടുന്നില്ല. പ്രധാന കഥാപുരുഷനാകുന്ന രാമന് വിരഹത്താല്‍ പലപ്പോഴും തീവ്രവികാരങ്ങള്‍ക്ക് വശംവദനാകുന്നുവെങ്കിലും സ്ഥായീഭാവം വിരാഗവും ആത്മരതിയും ത്യാഗോന്മുഖ പ്രതിജ്ഞാബദ്ധതയുമാണ്. കഥാനായിക സീത തന്റെ പതിക്ക് ഹാനിവന്നേക്കാമെന്ന സംഭ്രമത്തില്‍ ഒരിക്കല്‍, തനിക്ക് ഒട്ടും ചേരാത്തവിധം പരുഷവും കഠിനവുമായ വാക്കുകളാല്‍ ലക്ഷ്മണനെ ധര്‍മസങ്കടത്തിലാക്കി. ഇവിടെ പതിയോടുള്ള തീവ്രപ്രണയവും ആപത്ശങ്കയും കാരണം ജാനകി കുറച്ചുനേരം മതിഭ്രമത്തിലാണ്ടുപോകുന്നു. പിന്നീട് ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഈ നായികയാണ് ഉത്തരകാണ്ഡത്തിനൊടുവില് തനിക്ക് നഷ്ടപ്പെട്ടതു തിരികെ നേടാന്‍ അവസരം സംജാതമായപ്പോള്‍ വിരക്തിയുടെ പ്രതിരൂപം പൂണ്ട് ലോകത്തോടുതന്നെ വിടപറഞ്ഞത്. അതിനാല്‍ രാമായണത്തിന്റെ പ്രത്യേകതയെന്നത് തീവ്രവിരഹത്തിന്റെ തീച്ചൂളയിലൂടെ വിരക്തിയിലേക്ക് നയിക്കുന്ന ആത്മീയതയാണ്. എന്നാല്‍തന്നെയും തനിമയാര്‍ന്ന ഭാവുകത്വത്തിന്റെ ആവിഷ്കാരത്തില്‍ ആദികാവ്യം ഇന്നും അനുകരണീയമായി നിലകൊള്ളുന്നു.
ആത്മജ്യോതി പകരുന്ന ഇതിവൃത്തങ്ങള്‍
കാല്‍പ്പനികതയുടെ മറ്റൊരു സ്വഭാവം സമന്വയ പ്രകൃതമാണ്. വിരുദ്ധ സ്വഭാവങ്ങളെത്തമ്മില് സംയോജിപ്പിക്കാന്‍ അതിന് കഴിവുണ്ട്. സൂക്ഷ്മത, സ്ഥൂലത, സാമാന്യം, വിശേഷം മുതലായവയെ കാല്‍പ്പനികമായ പ്രതീകാത്മകത സമന്വയിപ്പിക്കുന്നു. സത്യലോകവും സ്വര്‍ഗവും ഭൂമിയുമൊക്കെ കൂട്ടിയിണക്കി ആത്മജ്യോതിപകരുന്ന ഇതിവൃത്തങ്ങളാണ് രാമായണത്തിലേത്. ഈശ്വരാവതാരമാകുന്ന രാമന്, അംശാവതാരങ്ങളാകുന്ന സ്വസോദരന്മാര്, ദേവതാസ്വരൂപമായ സീത, അപ്സരസ്സുകളെ പ്രതിനിധീകരിക്കുന്ന താര, അഞ്ജന കൂടാതെ സൂര്യപുത്രന്‍ സുഗ്രീവന്, ഇന്ദ്രപുത്രന് ബാലി, വായുപുത്രന് ഹനുമാന് മുതലായ കഥാപാത്രങ്ങളിലൂടെ ഈ കൃതി മനുഷ്യരെ മാത്രമല്ല, മനുഷ്യേതര ജീവിവര്ഗത്തെപ്പോലും ഊര്ധ്വലോകങ്ങളുമായി ബന്ധിപ്പിക്കുകയാണ്. ഈ വിധം ഭൂമിയും പ്രകൃതിയും ജീവജാലങ്ങളും സൂക്ഷ്മതലങ്ങളുമെല്ലാം കോര്‍ത്തിണക്കപ്പെട്ട് സൃഷ്ടിയെ ഒന്നായിക്കാണുന്ന യഥാര്‍ത്ഥ ആത്മീയ ദര്‍ശനത്തിന്റെ സമന്വയ രീതിയാണ് രാമായണത്തിന്റെ സവിശേഷത.
ഗൂഢാര്‍ത്ഥ സമ്പ്രദായം കാവ്യത്തില്‍ പ്രതിഷ്ഠിച്ച ഖ്യാതിയും ആദികവിക്ക് അര്‍ഹതപ്പെട്ടതാണ്. അത് ആധുനിക കാല്‍പ്പനിക കവികള്‍ കണ്ടുപിടിച്ചതല്ല. മനുഷ്യരും തിര്യക്കുകളുമടങ്ങുന്ന രാമായണ കഥയിലെ ജീവിത കഥ, വൈകാരികതയെ ആവിഷ്കരിക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് അജ്ഞേയമായിട്ടുള്ള സൃഷ്ടിയുടെ നിഗൂഢതത്വങ്ങളെ ജീവിതത്തോടു ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ആധുനിക കാല്‍പ്പനികതയ്ക്ക് പാഠമാണെന്നും ധരിക്കാവുന്നതാണ്. ശ്രീരാമന്, സീത മുതലായവരോടൊപ്പം ഹനുമാന്, ഗരുഡന് എന്നിങ്ങനെയുള്ള തിര്യക്കുകളുടെ അത്ഭുതകര്മങ്ങളിലൂടെ സഹൃദയരെ ഇടക്കിടെ അഭൗമലോകത്തേക്ക് നയിക്കുന്ന ആദികാവ്യത്തിലെ കാല്‍പ്പനികത പ്രകടമാണ്. പാശ്ചാത്യ കാല്‍പ്പനികതയുടെ ഗൂഢാര്‍ത്ഥ കല്‍പ്പന അപൂര്‍ണമായി നിലകൊണ്ടപ്പോള്‍ ആദികാവ്യത്തിലേതാവട്ടെ ഏകസത്തയാകുന്ന ആത്യന്തിക സത്യത്തെ അടിസ്ഥാനമാക്കി പ്രപഞ്ചത്തെയും ജീവികളെയും സമീപിക്കുന്ന അതിബൃഹത്തായ സമ്പൂര്‍ണ ദര്‍ശനമുള്‍ക്കൊള്ളുന്നതാണ്.
ഒരേ പ്രപഞ്ചവ്യവസ്ഥയില്പ്പെടുന്ന വിശ്വപ്രാണന്‍ തന്നെയാണ് പ്രകൃതിയിലും മനുഷ്യരിലും മറ്റെല്ലാ ജീവികളിലും തുടിക്കുന്നതെന്ന സത്യദര്‍ശനം പ്രദര്‍ശിപ്പിക്കുന്നതാണ് രാമായണം. പ്രകൃതിയിലും സമസ്ത ജീവികളിലും ദിവ്യത്വം ദര്‍ശിക്കുന്ന ഈ കൃതി ലോകത്തിന് വിലമതിക്കാനാവാത്ത പാഠമാണ് നല്‍കുന്നത്. ജീവിതത്തിന്റെ പുറംതോടില്‍ നിന്ന് അന്തഃസത്തയിലേക്കുള്ള കവാടം തുറക്കുന്ന കൃതിയായിരിക്കുന്നതോടൊപ്പം മാനുഷിക വികാരങ്ങളെയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ആ സത്തയോടു സമ്മേളിപ്പിച്ച്, കാവ്യസൗന്ദര്യത്തില്‍ ചാലിച്ച് ഉത്കൃഷ്ടമാതൃക കാട്ടിയ ഈ അതിപുരാതന കൃതി ഇന്നും ഒളിമങ്ങാതെയെന്നല്ല, കൂടുതല്‍ തിളക്കമാര്‍ന്ന് സഹൃദയരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
പൂര്‍ണ ജീവിതത്തെ ആവിഷ്കരിക്കുന്ന കൃതിയാണ് രാമായണം. അതിനാലാണ് കാല്‍പ്പനികതയുടെ സവിശേഷതകള്‍ ഒന്നൊഴിയാതെ, അതായത് ഭാവുകത്വം, കല്‍പ്പനാവൈഭവം, പ്രതീകാത്മകത, ആദര്‍ശപരത, പ്രകൃതിക്ക് കല്‍പ്പിക്കുന്ന ചേതനത്വം, അത്യന്തം വൈവിധ്യമാര്‍ന്നതും അങ്ങേയറ്റം ആഴത്തിലുള്ളതുമായ വ്യക്തിത്വാവിഷ്ക്കാരത്തിന്റെ അപൂര്‍വ്വത, അതിമാനുഷികാവിഷ്ക്കാരം എന്നിവയെല്ലാം അതിലുള്ളത്. ഇവയെല്ലാം ആദികവിയുടെ കലവറയില്‍ സമ്പന്നമായിരിക്കുന്നതിലുപരി തത്വവിചാരത്തിന്റെയും ധര്‍മനിഷ്ഠയുടെയും ഗരിമകൊണ്ട് രാമായണം ലോകപ്രശസ്തി നേടുകയും ചെയ്തു. സമ്പൂര്‍ണ ജീവിതമെന്നത് വികാരവും വിചാരവും ചേര്‍ന്നതാണെന്ന യാഥാര്ത്ഥ്യമുള്ക്കൊള്ളുന്നതാണ് ഇതിഹാസം. അതിനാലാണല്ലോ പാശ്ചാത്യ കാല്‍പ്പനികതയുടെ വ്യക്തിപരതയും വൈകാരികതയും അതിരുകടന്ന് ആ പ്രസ്ഥാനത്തിന്റെ തന്നെ അന്ത്യം കുറിച്ചപ്പോള്‍ ആദികാവ്യം അതിലെ തത്വാധിഷ്ഠിത ആദര്‍ശംകൊണ്ടും സര്‍വ്വസമത്വ ദര്‍ശനംകൊണ്ടും ഇന്നും ലോകരുടെ മുഴുവന്‍ ആദരവു നേടി നിലകൊള്ളുന്നത്.
തിരിച്ചറിയപ്പെടാത്ത സാംസ്കാരിക നിന്ദ
ആദികാവ്യമായ രാമായണം ഉത്തരാധുനിക ലോകത്തിന് പ്രസക്തവും ഗൗരവതരവുമായ ഒരു സന്ദേശവും നല്‍കുന്നുണ്ട്. പുരാതന കാലം മുതല്‍ പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന, അതിനെ കൃതജ്ഞതാപൂര്‍വ്വം ആരാധിച്ചിരുന്ന ഭാരതീയരുടെ ഉള്‍ക്കാഴ്ചയും വിശാല മനഃസ്ഥിതിയും ഇതില്‍ പ്രകടമാകുന്നുണ്ട്. പാശ്ചാത്യരുടെ കച്ചവട സംസ്കാരത്തിലാവട്ടെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും ചൂഷണം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യമാര്ജിച്ച ഒരു ജീവിവര്‍ഗമായി മനുഷ്യര്‍ അധഃപതിക്കുകയാണ് ചെയ്തത്. അതിന്റെ അനന്തരഫലം ലോകം മുഴുവന്‍ പ്രകൃതി ദുരന്തത്തിന്റെയും മറ്റും രൂപത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരും പ്രകൃതിയും തമ്മിലെ പാരസ്പര്യത്തെ ശിഥിലമാക്കുന്നവിധം പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ വികല വീക്ഷണം വരുത്തിവയ്ക്കുന്ന വിനകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലമലിനീകരണം, പക്ഷിമൃഗാദികളുടെ വംശനാശം, ആഗോള താപനം, ഓസോണ്‍ പാളിയിലെ വിള്ളല്‍, ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടുതീ-ഇവയൊക്കെ സൃഷ്ടിക്കുന്ന ദുരന്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പാരിസ്ഥിതികാവബോധം നല്കാനുതകുന്ന ദര്‍ശനമാണ് രാമായണത്തിലേത്. വാല്മീകിയുടെ ഏറെ സമൃദ്ധമായ പ്രകൃതിവര്‍ണ്ണന അനന്യമാണ്. വന്യസൗന്ദര്യവും കാവ്യാനുഭൂതിയും ഉള്‍ക്കൊള്ളുന്നതോടൊപ്പം അനുവാചകര്‍ക്ക് അത് പ്രകൃതിസ്നേഹവും പകരുന്നു.
ആദികാവ്യത്തിലെ വര്‍ണനയുടെ അഴകും മികവും തികവും ധാരാളിത്തവും ആരെയും വിസ്മയിപ്പിക്കുന്നതാണ്. ചിത്രകൂടം, ദണ്ഡകം തുടങ്ങിയ വനങ്ങള്‍, വിവിധ ഋതുക്കള്‍, ഋശ്യമൂകം മുതലായ പര്‍വ്വതങ്ങള്‍, സാനുക്കള്‍, പൊയ്കകള്‍, ഗോദാവരീ തീരം, പമ്പാതീരം, പഞ്ചവടി തുടങ്ങിയ ഫലപുഷ്ടമായ ഭൂപ്രദേശങ്ങള്‍. ഇവയുടെയൊക്കെ വര്‍ണനകള്‍കൊണ്ട് രാമായണ രചന അത്യന്തം ചാരുതയാര്ന്നതിനു പുറമെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതുമാണ്. ഇക്കാര്യത്തിലും ആധുനിക കാല്‍പ്പനികത ആദികാവ്യത്തെ അനുവര്‍ത്തിച്ചുവെന്നു കരുതാം. കാരണം ജീവിതത്തോടും പ്രകൃതിയോടും മനുഷ്യര്‍ പുലര്‍ത്തുന്ന യാന്ത്രിക വീക്ഷണത്തെയും വിചാരത്തെയും എതിര്‍ത്ത പ്രസ്ഥാനവുമാണല്ലോ കാല്‍പ്പനികത.
ഏകാത്മാദര്ശനത്തിന്റെ സൗരഭ്യം നുകര്‍ന്നു ജീവിക്കുന്ന ഭാരതീയര്‍ക്ക് വളരെയെളുപ്പം മനസ്സിലാകുന്ന ഈ ഉള്‍ക്കാഴ്ച ഉപരിപ്ലവക്കാഴ്ചകളില് മതിമയങ്ങി ജീവിക്കുന്നവര്‍ക്ക് അന്യമായിരിക്കും. അതിനാലാണല്ലോ ചിലര്‍ ഇതിനെ നികൃഷ്ടമായ പ്രാകൃത വ്യവസ്ഥയായി അപഹസിച്ച് തള്ളുന്നത്. യഥാതഥ വാദവും മറ്റും പ്രപഞ്ചത്തിനു കല്‍പ്പിക്കുന്ന വിടവുകളൊന്നും ഏകാത്മാ വാദത്തില്‍ ദര്‍ശിക്കാനാവില്ല. പ്രകൃതിയും ജീവജാലങ്ങളും യാദൃച്ഛികതയുടെ ഫലങ്ങളല്ല. അവയുടെ പിന്നില്‍ കൃത്യമായ രൂപകല്‍പ്പനയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യകുലത്തിനു വേണ്ടതായ ശാശ്വത ധര്‍മം പ്രദാനം ചെയ്തതിനു പുറമെ, മനുഷ്യര്‍ മറ്റ് ജീവികളോടും പ്രകൃതിയോടും എപ്രകാരം പെരുമാറണമെന്ന വിലയേറിയ ഉദ്ബോധനവും നല്‍കുന്നതാണ് രാമായണം. ഇത് സര്‍വ്വകാലത്തും പ്രസക്തമാണെന്നു മാത്രമല്ല, ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങള്‍ ഏറ്റുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറ്റവും പ്രസക്തവുമാണ്. പക്ഷേ ഇതു തിരിച്ചറിയാന്‍ കെല്‍പ്പില്ലാത്ത ചില അല്പ്പപ്രജ്ഞരാവട്ടെ, പക്ഷിമൃഗാദികളെ ആരാധിക്കുന്ന പ്രാകൃത വ്യവസ്ഥ നിലനിര്‍ത്തുന്ന പിന്തിരിപ്പന് കൃതിയെന്ന മട്ടില്‍ രാമായണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇത് ഒരുതരം സാംസ്കാരിക നിന്ദയാണ്.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയും ഗ്രന്ഥകാരിയും തപസ്യ സംസ്ഥാന സമിതി അംഗവുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: