Categories: Varadyam

സംഗീതവിളക്കിന്റെ പൊന്‍തിരിനാളം

Published by

2020 ഏപ്രില്‍ ആറ്. എറണാകുളം പള്ളുരുത്തിയില്‍ സ്വവസതിയായ പാര്‍വ്വതീ മന്ദിരത്തില്‍ രാവിലെ മൂന്നു മണിയോടുകൂടി വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ‘നക്ഷത്രകിന്നരന്മാര്‍ വിരുന്നുവന്നപ്പോള്‍’ അവരുടെ കൂടെ യാത്രയായി ഈണങ്ങളുടെ രാജാവ് അര്‍ജുനന്‍ മാഷ്.

മലയാളികളുടെ നാവില്‍ ഒരുപാടു ഇമ്പമാര്‍ന്ന ഗാനങ്ങളുടെ തേന്‍പുരട്ടിയ സാധാരണയിലും സാധാരണക്കാരനായ ഒരു സംഗീത സംവിധായകന്‍ ക്ലേശപൂര്‍ണമായ ജീവിതപാതകളിലൂടെ അനുപദം കടന്നുവരുമ്പോഴും മനസ്സില്‍ നിറഞ്ഞുനിന്ന സംഗീതത്തെ ഒരിക്കലും ഒഴിവാക്കിയിരുന്നില്ല. അനുഭവിച്ച അരക്ഷിതാവസ്ഥകളെ ലാഘവത്തോടെ തുറന്നുപറയാന്‍ മടിക്കാത്ത ഒരു വലിയ മനസ്സിന്റെ ഉടമ. ആയിരം പൂര്‍ണചന്ദ്രന്മാരെക്കണ്ട് മനസ്സു നിറയുമ്പോഴും അത്രയുംതന്നെ അമാവാസികളും അതിനോടൊപ്പമുണ്ടെന്ന് ആ മനസ്സു പറയുമായിരുന്നു.

”പൗര്‍ണ്ണമിചന്ദ്രിക തൊട്ടുവിൡച്ചു പത്മരാഗം പുഞ്ചിരിച്ചു” എന്ന് ശ്രീകുമാരന്‍ തമ്പി വരികള്‍ എഴുതി. ആ വരികള്‍ തന്റെ വിരല്‍ത്തുമ്പ് ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ ഇത്രത്തോളം മധുരതരമാകുമെന്ന് ഒരുപക്ഷേ നിര്‍മാതാവായ കെ.പി. കൊട്ടാരക്കരയും തമ്പിസാറു പോലും വിചാരിച്ചിട്ടുണ്ടാവില്ല. ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഈ ഗാനം. തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടുള്ള ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്.

അന്ന് ആ രംഗത്തു നിറഞ്ഞുനിന്ന ദേവരാജന്‍ മാസ്റ്ററുടെ സഹായിയായും ഹാര്‍മോണിസ്റ്റുമായാണ് അര്‍ജുനന്‍മാഷിന്റെ തുടക്കം. അതോടൊപ്പം അമച്വര്‍ നാടകഗാനങ്ങള്‍ക്ക് സംഗീതം നല്‍കുക പതിവായിരുന്നു. ചങ്ങനാശ്ശേരി ഗീഥ, കാളദാസ കലാകേന്ദ്രം, കെപിഎസി തുടങ്ങിയ മുന്‍നിരയിലെ നാടകക്കമ്പനികള്‍ക്കുവേണ്ടി നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. എങ്കിലും സിനിമാഗാനങ്ങള്‍ക്കു നല്‍കിയ സംഗീതമാണ് എം.കെ. അര്‍ജുനന്‍ എന്ന സംഗീതജ്ഞനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. സിനിമ വിജയിച്ചില്ലെങ്കിലും അര്‍ജുനന്‍ മാഷിന്റെ പാട്ടുകള്‍ വന്‍ഹിറ്റായി മാറിയിട്ടുള്ള ചരിത്രവും ഉണ്ട്.

വയലാര്‍-ദേവരാജന്‍, പി. ഭാസ്‌കരന്‍-ബാബുരാജ് എന്നീ ടീമുകള്‍ ഗാനരംഗം കയ്യടക്കിവച്ച ഒരു കാലഘട്ടമായിരുന്നു. അതിലേക്കാണ് ശ്രീകുമാര്‍ തമ്പി-അര്‍ജുനന്‍ ടീം കടന്നുവന്നത്. തമ്പിയും ദേവരാജന്‍ മാഷും തമ്മിലുള്ള സൗന്ദര്യപ്പിണക്കം ഇതിനൊരു നിമിത്തമാവുകയായിരുന്നു. ‘പിക്‌നിക്’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമായിരുന്നല്ലോ. ആസ്വാദകന്റെ ചുണ്ടില്‍ ഇന്നുമുണ്ടല്ലോ ”കസ്തൂരി മണക്കുന്നല്ലോ കാറ്റേ…, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…യുമൊക്കെ. ചെമ്പകത്തൈകള്‍ പൂത്ത മാനവും, തിരുവോണപ്പുലരിയും…, പാടാത്ത വീണയും പാടും, നീലനിശീഥിനി…, നിര്‍മണിയറയില്‍.. തുടങ്ങി 200 സിനിമകള്‍ക്കു വേണ്ടി ആയിരത്തോളം ഗാനങ്ങള്‍.

തന്റെ നാടകഗാനങ്ങള്‍ നേടിക്കൊടുത്ത പുരസ്‌കാരങ്ങള്‍ സിനിമാഗാനത്തിനു ലഭിച്ചില്ലെന്നുള്ള യാതൊരു പരാതിയുമില്ലായിരുന്നു അര്‍ജുനന്‍ മാഷിന്. 2018 ല്‍ ആണ് സിനിമയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിക്കുന്നത്. ‘ഭയാനകം’ എന്ന ചിത്രത്തിനുവേണ്ടി പ്രിയ സുഹൃത്ത് ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനത്തിന് വൈകി ലഭിച്ച അംഗീകാരത്തിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. തന്നെ ചലച്ചിത്രരംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്ന ശ്രീകുമാരന്‍ തമ്പിയോടുള്ള സൗഹൃദബന്ധത്തിന് ഇതുവരെ ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് 2020 മാര്‍ച്ച് മാസത്തില്‍ തമ്പിസാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയതും കഴിഞ്ഞകാല കഥകള്‍ പരസ്പരം പങ്കുവച്ചതും.

ചെറുപ്പകാലത്ത് അനുഭവങ്ങളുടെ കയ്പുനീര്‍ ഒരുപാടു കുടിച്ചതുകൊണ്ടാവാം സമസൃഷ്ടങ്ങളോടും സഹപ്രവര്‍ത്തകരോടും സ്‌നേഹത്തോടെ മാത്രം ഇടപഴകിയത്. രാഗങ്ങളുടെ നിറക്കൂട്ടുകള്‍കൊണ്ട് താന്‍ ഈണമിട്ട കുറെ പഴയ ഗാനങ്ങള്‍ ഓര്‍മയില്‍നിന്നും വിട്ടുപോയതിന്റെ നഷ്ടബോധം ഒടുവില്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നു.

സ്‌നേഹിക്കാന്‍ മാ്രതമറിയുന്ന സുഹൃദ്‌വലയങ്ങള്‍ ഉണ്ടായിരുന്നത് മാഷ് ഭാഗ്യമായി കരുതി. ശ്രീകുമാരന്‍ തമ്പിസാറും ആദ്യകാല സംഗീത സംവിധായകനുമായ ആര്‍.കെ. ശേഖറും അവരിലുള്‍പ്പെടും. ലോകപ്രശസ്തനായ എ.ആര്‍. റഹ്മാന്റെ പിതാവാണ് ആര്‍.കെ. ശേഖര്‍. റഹ്മാന്റെ ചെറുപ്പകാലത്ത് കീബോര്‍ഡ് വായിക്കുവാന്‍ അര്‍ജുനന്‍ മാഷ് പഠിപ്പിക്കുമായിരുന്നു. അതിനൊരു കാരണമുണ്ട്. ശേഖര്‍ മരിച്ചതില്‍പിന്നെ ആ കുടുംബം സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടിരുന്നു. അര്‍ജുനന്‍ മാഷ് വല്ലപ്പോഴുമൊക്കെ ആ വീട് സന്ദര്‍ശിച്ചിരുന്നു. ശേഖറിന്റെ കുടുംബം മതംമാറിയപ്പോള്‍ ദിലീപ് എന്ന പയ്യന്‍ റഹ്മാന്‍ ആയി. പിന്നീട് ആ പ്രതിഭയ്‌ക്ക് ഓസ്‌കര്‍ അവാര്‍ഡ് ലഭിക്കുമ്പോഴും മാഷിനെ ആ കുടുംബം മറന്നില്ല.

രാഗങ്ങള്‍ ഇടകലര്‍ത്തി മെലഡികള്‍ തീര്‍ക്കുന്നതിന്റെ രാജാവായിരുന്നു മാഷ്. വസന്തം, കല്യാണി, മോഹനം, ആനന്ദഭൈരവി തുടങ്ങി വിവിധ രാഗങ്ങള്‍ തന്റെ പാട്ടുപെട്ടിയില്‍ കൂടി പുറത്തെടുക്കുമായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒഎന്‍വി തുടങ്ങിയ മലയാള സിനിമാ ഗാനരചയിതാക്കളുടെ വരികള്‍ക്കെല്ലാം മധുരസംഗീതം പകര്‍ന്നിട്ടുണ്ട്. ഏകദേശം 50 വര്‍ഷങ്ങളോളം മലയാൡക്കു പ്രണയം നിറച്ച ഗാനങ്ങള്‍ നല്‍കിയ അതുല്യ പ്രതിഭ സംഗീത പാരമ്പര്യം ഇല്ലാത്ത ഒരു തറവാട്ടിലെ അച്ഛനമ്മമാര്‍ക്കുണ്ടായ മക്കളില്‍ ഏറ്റവും ഇളയ പുത്രന്‍. ഭാര്യ ഭാരതിയും ഒപ്പം അഞ്ചു മക്കളും. അശോകന്‍, ലേഖ, നിമ്മി, കല, അനില്‍ എന്നിവര്‍. കൊച്ചി പള്ളുരുത്തിയില്‍ വിശ്രമജീവിതം നയിച്ചുവരവേയായിരുന്നു അര്‍ജുനന്‍ മാഷിനെ മരണം കൂട്ടിക്കൊണ്ടുപോയത്. ചലച്ചിത്ര, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കാനിരുന്ന സംസ്‌കാര പരിപാടി കൊവിഡ് നിയന്ത്രണത്തിലായിരുന്നതിനാല്‍ അധികം പേര്‍ക്ക് സന്നിഹിതരാകാന്‍ കഴിഞ്ഞില്ല. എങ്കിലും ഔദ്യോഗിക ബഹുമതികളോടെതന്നെ സംസ്‌കാരം നടത്തി.

വേറിട്ട പാതയിലൂടെ സംഗീതത്തിനെ നയിച്ചിരുന്ന മഹാപ്രതിഭ തന്നെയായിരുന്നു എം.കെ. അര്‍ജുനന്‍ എന്നു തീര്‍ത്തുപറയാം. ഈണമിട്ട പാട്ടുകള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും ഒരു തനിയാവര്‍ത്തനം പോലെ ഒഴുകിയെത്തുന്നു. മലയാള ചലച്ചിത്രഗാനരംഗത്ത് എന്നെന്നും തിളങ്ങി നില്‍ക്കുന്നു ”മുത്തിലും മുത്തായ മണിമുത്തുകള്‍ പോലെ.”

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക