ചെന്നൈ: ഡിഎംകെ വൈറസിനെ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി മോദി സമ്മാനിച്ച വാക്സിനാണ് തമിഴിസൈ സൗന്ദരരാജനെന്ന് ബിജെപി വക്താവ് സി.ആര്. കേശവന്. തെലങ്കാന ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് സൗത്ത് ചെന്നൈയില്‍ മത്സരിക്കാനെത്തിയ തമിഴിസൈ തമിഴ്നാടിന് മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്റ്റാലിന് ഭരണത്തില്‍ നിശബ്ദരായിപ്പോയ ജനങ്ങള്‍ക്ക് ശബ്ദമാകാനാണ് തമിഴിസൈ എത്തിയത്. വിജയാനുഗ്രഹമേകി ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രസാദം സ്വീകരിച്ചാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.
അമ്പലമെന്ന് കേള്‍ക്കുമ്പോള്‍ തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും അസ്വസ്ഥതയാണ്. എന്നാല്‍ അവര്‍ക്ക് വോട്ട് ചെയ്ത എട്ടരകോടി ജനങ്ങള്‍ ക്ഷേത്രഗോപുരത്തിന് ചുറ്റും ഒത്തുചേരുന്നവരാണെന്ന് അവര്‍ അറിയണം, തമിഴിസൈ സൗന്ദരരാജന് ആ ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്, കേശവന് പറഞ്ഞു.
തമിഴിസൈ പരിഹാരമാണ്. കൊവിഡ് വന്നപ്പോള്‍ തമിഴ്നാടിന് വാക്സിന് വേണമായിരുന്നു. മോദിജി അത് തന്നു. ഡിഎംകെ വൈറസ് വ്യാപകമായപ്പോള്‍ മോദിജി നമുക്ക് തമിഴിസൈയെ തന്നു. സൗത്ത് ചെന്നൈയിലെ ജനങ്ങള്‍ ബിജെപിയെ വിജയിപ്പിക്കും. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ചെന്നൈക്കാരുടെ മന്ത്രിയായി തമിഴിസൈ സൗന്ദരരാജനുണ്ടാകും, കേശവന് പറഞ്ഞു.
മോദിഭരണത്തില്‍ വികസനം ഏട്ടിലെ പശുവല്ലെന്ന് സ്ഥാനാര്‍ത്ഥി തമിഴിസൈ സൗന്ദരരാജന് പറഞ്ഞു. ഞാന്‍ തെരുവിലെ കടയില്‍ നിന്ന് വട വാങ്ങി. കടയുടമ ഒരു സ്ത്രീയായിരുന്നു. അവര്‍ സ്വനിധി വഴി ജീവിതം കരുപ്പിടിപ്പിച്ചവരാണ്. വടയുടെ പണം ഡിജിറ്റലായി നല്കി. വികസനത്തിന്റെ വഴിയിതാണ്. ഇതൊക്കെ എന്ന് നടക്കുമെന്ന് ചോദിച്ച ചിദംബരത്തെപ്പോലുള്ള നേതാക്കള്‍ കണ്ടുപഠിക്കട്ടെ. വികസനം മേല്‍ത്തട്ടിലല്ല, അടിത്തട്ടിലിറങ്ങിയിരിക്കുന്നു. സ്ത്രീകളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും എത്തിയിരിക്കുന്നു. പ്രധാനമന്ത്രി മോദി എല്ലാവരിലുമുണ്ട്. അതാണ് വികസനം, തമിഴിസൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: