ചിറ്റഗോഗ്: ബംഗ്ലാദേശ് പര്യടനത്തിലെ ശ്രീലങ്കയുടെ രണ്ടാം ടെസ്റ്റ് ആരംഭിച്ചു. ആദ്യദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ലങ്ക. രണ്ടാം ദിവസത്തിലേക്ക് കളി പിരിയുമ്പോള്‍ 34 റണ്‍സുമായി ദിനേശ് ചണ്ഡിമലും 15 റണ്‍സെടുത്ത് നായകന് ധനഞ്ജയ ഡി സില്‍വയും ആണ് ക്രീസില്‍.
ടോസ് നേടിയ ലങ്കന്‍ നായകന് ധനഞ്ജയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുയായിരുന്നു. മികച്ച തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. ആദ്യദിനം തീരുവോളം അത് ശക്തമായി നിലനിര്‍ത്താനും ടീമിന് സാധിച്ചു. മൂന്ന് മുന്‍നിര ലങ്കന്‍ താരങ്ങള്‍ നേടിയ അര്‍ദ്ധസെഞ്ചുറികളാണ് ലങ്കയുടെ സ്കോറിങ്ങിന് പിന്‍ബലമായത്. ഓപ്പണിങ് വിക്കറ്റില്‍ നിഷാന്‍ മദുഷ്കയും(57) ദിമുത്ത് കരുണരത്നെയും(86) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 28.5 ഓവറില്‍ 96 റണ്‍സെടുത്തു. അമ്പത് പിന്നിട്ട മദുഷ്കയാണ് റണ്ണൗട്ടിലൂടെ ആദ്യം പുറത്തായത്.
പിന്നീടെത്തിയ കുസാല്‍ മെന്‍ഡിസുമൊത്ത് കരുണരത്നെ തുടര്‍ന്നും മികച്ച കളി പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടിചേര്‍ത്തു. കരുണ രത്നെ പുറത്തായതിന് പിന്നാലെ കുസാല്‍ മെന്‍ഡിസ് സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും വ്യക്തിഗത സ്കോര്‍ 93 റണ്‍സിലെത്തിയപ്പോള്‍ വീണു. ഷാക്കിബ് അല്‍ ഹസന് ആണ് പുറത്താക്കിയത്. 150 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും ഒരു സിക്സറും സഹിതം 93 റണ്‍സെടുത്തു. 23 റണ്‍സെടുത്ത ആഞ്ചെലോ മാത്യൂസ് നാലാമനായി മടങ്ങി. ഹസന് മഹ്മൂദിന്റെ രണ്ടാമത്തെ വിക്കറ്റായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: