കോട്ടയം: അന്താരാഷ്ട്രവിപണിയില്‍ കൊക്കോയ്ക്ക് ഒരു വര്‍ഷത്തിനിടെ 200 ശതമാനത്തോളം വിലവര്‍ധന. കേരളത്തില്‍ ഉണക്ക കൊക്കോയ്ക്ക് കിലോയ്ക്ക് 670 രൂപ വരെ വില ലഭിക്കും. കഴിഞ്ഞവര്‍ഷം 250 രൂപ ആയിരുന്നിടത്താണിത്. എന്നാല്‍ അത്തിക്കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന പഴമൊഴി പോലെയാണ് കേരളത്തിലെ കര്‍ഷകരുടെ അവസ്ഥ. കൊടുക്കാന്‍ കൊക്കോ ഇല്ല.
അന്താരാഷ്ട്രവിപണിയില്‍ കൊക്കോ ടണ്ണിന് 10000 ഡോളര്‍ കടന്നു. മറ്റൊരു കാര്‍ഷിക ഉല്‍പ്പന്നത്തിനും ഇത്രയും ചുരുങ്ങി കാലത്തിനുള്ളില്‍ ഇത്രയും വിലവര്‍ധന ഉണ്ടായിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ വിളവെടുപ്പ് കാലമല്ലാത്തതാണ് ഇതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നതിനു കാരണം. ഉത്പാദനം 10ശതമാനത്തില്‍ താഴെ എന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്രവിപണിയില്‍ കൊക്കോയ്ക്ക് ക്ഷാമം നേരിടുന്നതാണ് വില വര്‍ദ്ധനവിനു കാരണമായത്. ഇത് ചോക്ലേറ്റ് നിര്‍മാണത്തെയും ബാധിച്ചു. അതിനും വില കൂടുകയാണ്. 500 ഗ്രാം ചോക്ലേറ്റ് നിര്‍മിക്കാന്‍ 400 കായ് വേണമെന്നാണ് കണക്ക്. ഒരു മരത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നതാകട്ടെ, പരമാവധി 2500 കായ് മാത്രവും. ലോകത്ത് ആകെ ഒരു വര്‍ഷം ആവശ്യമുള്ളത് 75 ലക്ഷം ടണ്‍ ചോക്ലേറ്റ് ആണെന്നാണ് കണക്ക്. യൂറോപ്പിലും അമേരിക്കയിലും ചോക്ലേറ്റിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് ഇടിയുകയാണ് .
വിലവര്‍ധനയെ കുറിച്ചുള്ള വാര്‍ത്ത വന്നതോടെ കൊക്കോ തൈകള്‍ തേടി കര്‍ഷകര്‍ പരക്കം പായുന്നുണ്ട്. എന്നാല്‍ കൊക്കോ ക്ഷാമം മൂലം വര്‍ദ്ധിച്ച വില കൊക്കോ സുലഭമാകുന്ന ഘട്ടത്തില്‍ ലഭ്യമാവുകയില്ലെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: