തൃശൂര്‍: മണ്ണുത്തി-പീച്ചി ദേശീയപാതയില്‍ ടോറസ് വാഹനങ്ങള്‍ കയറ്റുന്നത് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ താങ്ങാവുന്നതില്‍ അധിക ഭാരം. വലിയ വാഹനങ്ങള്‍ യഥാര്‍ത്ഥ ഭാരശേഷിയെക്കാള്‍ ഇരട്ടിലധികം പാറ ഉല്പന്നങ്ങള് കടത്തുമ്പോള്‍ ജിഎസ്ടി നികുതി ഇനങ്ങളില്‍ പ്രതിദിനം നഷ്ടമാകുന്നത് 20 കോടിയോളം രൂപ. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് മോട്ടര്‍ വെഹിക്കിള്‍ ആക്ട് 194(1) പ്രകാരം 20,000 രൂപ പിഴ ഈടാക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചിരുന്നു.
ദേശീയ പാതയുടെ പരിധിയിലുളള പീച്ചി ,മണ്ണുത്തി പോലീസ് സ്റ്റേഷന് അധികൃതരോ ഹൈവേ പട്രോളിംഗ് വിഭാഗമോ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാ ടോറസ് വാഹനങ്ങളിലും ഭാര പരിശോധന നടത്തി നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാന്‍ സിറ്റി കമ്മീഷണര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിക്കാന്‍ പോലീസ് മടിക്കുകയാണ്. സന്നദ്ധ സംഘടന നേര്‍ക്കാഴ്ചയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം പോലീസിന്റെ വാഹന പരിശോധന നിരീക്ഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ട്രാഫിക് നിയമലംഘനം കണ്ടെത്താനും അപകടം കുറയ്ക്കാനും നിയോഗിക്കപ്പെട്ട പ്രധാന ചുമതയുള്ള ഹൈവേ പോലീസും ആവശ്യമായ നടപടിയെടുക്കുന്നില്ല. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ എസ്ഐ അടക്കമുളള ഉദ്യോഗസ്ഥര്‍ പോലീസ് വാഹനത്തിലും റോഡ് സൈഡിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ‘നേര്‍ക്കാഴ്ച’ പുറത്തുവിട്ടു. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് പെറ്റി കേസുകളാണ് ചാര്‍ജ് ചെയ്യുന്നതെന്നും വ്യക്തമായി.
പോലീസിന്റെ നടപടി മൂലം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട 20 കോടിയോളം രൂപയാണ് പ്രതിദിനം നഷ്ടപ്പെടുന്നത്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ മൈനിങ് ആന്‍ഡ് ജിയോളജി, വാഹന വകുപ്പ്, റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജിഎസ്ടി വകുപ്പുകള്‍ക്ക് കൈമാറാന്‍ പോലീസ് യാതൊരു നടപടിയും എടുത്തില്ല. സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് രാവിലെ എട്ട് മുതല്‍ പത്തുവരെയും വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും ഭാരവുമായി പോകുന്ന വാഹനങ്ങള്‍ ഓടാന്‍ പാടില്ലെന്നാണ് നിയമം. ഇത്തരം വാഹനങ്ങള്‍ സമയം പാലിക്കാതെയും ഓടുന്നുണ്ട്. നിരീക്ഷണ വീഡിയോ ദൃശ്യങ്ങള്‍ തൃശൂര്‍ റേഞ്ച് ഐജിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും കൈമാറിയതായി നേര്‍ക്കാഴ്ച അസോസിയേഷന് ഡയറക്ടര്‍ പി.ബി.സതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: