ചെന്നൈ: രാമനാഥപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ലോക്സഭയിലേക്ക് മത്സരിക്കാനിറങ്ങിയ മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് നാല് അപരൻമാർ. സമാനമായ പേരുകളുളള നാല് അപരൻമാരാണ് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പനീർശെൽവം ബിജെപി പിന്തുണയോടെയാണ് ഇവിടെ മത്സരിക്കുന്നത്.
ഓച്ചപ്പൻ പനീർശെൽവം, ഒയ്യ തേവർ പനീർശെൽവം, ഒച്ച തേവർ പനീർശെൽവം, ഒയ്യാരം പനീർശെൽവം എന്നിവരാണ് അപരൻമാരായി പത്രിക നൽകിയിരിക്കുന്നത്. ഇതിൽ രാമനാഥപുരം ജില്ലയിൽ നിന്നുളളത് ഒരാൾ മാത്രമാണ്. മൂന്ന് പേർ മധുരെ ജില്ലയിൽ നിന്നുളളവരാണ്. എല്ലാവരും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് പത്രിക നൽകിയിരിക്കുന്നതും. മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപക നേതാവുമായിരുന്ന ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന ഒ പനീർശെൽവത്തിന്റെ സ്വദേശം തേനിയാണ്.
കഴിഞ്ഞ ദിവസമാണ് ഒ പനീർശെൽവം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക നൽകിയത്. ഇതിന് പിന്നാലെയാണ് നാല് അപരൻമാരുടെയും പത്രികകൾ വരണാധികാരിക്ക് മുൻപിലെത്തിയത്. അപരൻമാരുടെ തളളിക്കയറ്റം സ്വാഭാവികമല്ലെന്നാണ് ഒ പനീർശെൽവത്തിന്റെ അനുയായികൾ ആരോപിക്കുന്നത്. എഐഎഡിഎംകെയിൽ പനീർശെൽവത്തിന്റെ എതിരാളിയായിരുന്ന എടപ്പാടി പളനിസ്വാമിയുടെ പണിയാണിതെന്നും ഇവർ പറയുന്നു.
എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയതിനെതിരെ പനീർശെൽവം നിയമ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 23 സ്ഥാനാർത്ഥികളാണ് രാമനാഥപുരം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: