ഈരാറ്റുപേട്ട: ഒരു മഴ പെയ്താല്‍ മതി ഇലവീഴാപൂഞ്ചിറയിലെ കാനോന്‍ തോട് നിറഞ്ഞൊഴുകാന്‍. വെള്ളം ഉയര്‍ന്നാല്‍ 12ഓളം വീട്ടുകാരുടെ യാത്രയും മുടങ്ങും. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വീട്ടുകാരുടെ ദുരിതത്തിന് മാത്രം പരിഹാരം ഉണ്ടായില്ല.
തോടിന് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. പരിഹാരം ഉണ്ടാകാതെ വന്നതോടെ വോട്ട് ബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുവന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുമ്പോളാണ് ഷോണ്‍ ജോര്‍ജ്ജ് പ്രദേശത്ത് വോട്ട് തേടിയെത്തിയത്.
ഇലവീഴാപൂഞ്ചിറയ്ക്ക് താഴെയായി കാനോന്‍ തോടിന് സമീപത്ത് താമസിക്കുന്ന അംഗപരിമിതിയുള്ള ജെസിമോളെ പരിചയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് മഴ പെയ്തു കഴിഞ്ഞാല്‍ തോട് കുറുകെ കടക്കാന്‍ കഴിയില്ലെന്നും വെള്ളപ്പൊക്കത്തിലും നടന്നുപോകാവുന്ന രീതിയിലുള്ള സൗകര്യം വേണമെന്ന ആവശ്യം ഷോണിനെ സങ്കടത്തോടെ അറിയിച്ചു. പ്രശ്ന പരിഹാരം ഉറപ്പ് നല്‍കിയാണ് ഷോണ്‍ ജോര്‍ജ്ജ് അന്നവിടുന്ന് പോന്നത്. ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജെസിമോളുടെ പരാതി ഷോണ്‍ ജോര്‍ജ്ജ് മറന്നില്ല.
കാനോന്‍ തോടിന് കുറുകെ വാഹനങ്ങള്‍ കയറിയിറങ്ങുന്ന നിലയിലുള്ള പാലം നിര്‍മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. അതിനായി 10 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ചു. നാലുമീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ നീളവും ഉള്ള പാലം. നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഇനി കൈവരിയുടെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം മാത്രമാണുള്ളത്. അതും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. പാലത്തിന് സമീപത്തുള്ള മനോഹര കാഴ്ചയൊരുക്കുന്ന വെള്ളച്ചാട്ടം കാണുന്നതിന് ബാല്‍ക്കണി സൗകര്യവും പാലത്തിന്റെ ഒരു വശത്ത് ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ നടപ്പുവഴി ചോദിച്ച ഇലവീഴാപൂഞ്ചിറ അടിവാരം പ്രദേശക്കാര്‍ക്ക് വീടുകളില്‍ വാഹനമെത്തുന്ന പാലം നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ് ജില്ലാപഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: