രാപ്താഡു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപി അധ്യക്ഷൻ വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയെ പരാജയപ്പെടുത്താൻ ആന്ധ്രാപ്രദേശിലെ ജനങ്ങൾ ഒരുങ്ങുകയാണെന്ന് ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു. വ്യാഴാഴ്ച പ്രജാഗലം തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി റെഡ്ഡിയുടെ ‘മേമന്ത സിദ്ധം’ തിരഞ്ഞെടുപ്പ് പ്രചാരണ ബസ് പര്യടനം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനായി ടിഡിപി, ബിജെപി, ജനസേന എന്നിവയുടെ എൻഡിഎ സഖ്യത്തെ പിന്തുണയ്‌ക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മെയ് 13ന് തിരഞ്ഞെടുപ്പ് ദിവസത്തിനു ശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അഹംഭാവം തകരുമെന്നതിന് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റാപ്താഡുവിനെ കൂടാതെ അനന്തപൂർ ജില്ലയിലെ ബുക്കരായ സമുദ്രം, സിംഗനമല എന്നിവിടങ്ങളിൽ പര്യടനം നടത്തിയ നായിഡു കർഷകർക്ക് വെള്ളവും സബ്‌സിഡിയും നൽകിയാൽ ജില്ലയ്‌ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്താൻ കഴിയുമെന്ന് പറഞ്ഞു.
ഇതിനു പുറമെ 90 ശതമാനം സബ്‌സിഡിയോടെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പാക്കുന്നതിനെക്കുറിച്ചും ഗോദാവരി നദീജലം ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സഖ്യം അധികാരത്തിൽ വന്നാൽ യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർക്ക് ജോലി ലഭിക്കുന്നതുവരെ പ്രതിമാസം 3000 രൂപ തൊഴിലില്ലായ്മ വേതനം നൽകുമെന്നും മുൻ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
ക്ഷേമ പെൻഷൻ 3,000 രൂപയിൽ നിന്ന് 4,000 രൂപയായി ഉയർത്തുമെന്നും എല്ലാ മാസവും ഒന്നാം തീയതി ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുമെന്നും നായിഡു വാഗ്ദാനം ചെയ്തു. കൂടാതെ 18 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ആർടിസി ബസ് യാത്രയ്‌ക്കൊപ്പം ആദബിദ്ദ നിധി (സ്‌കീം) വഴി പ്രതിമാസം 1,500 രൂപ ലഭിക്കും. എൻഡിഎ സർക്കാർ, തളിക്കി വന്ദനം പദ്ധതിക്ക് കീഴിൽ, സ്‌കൂളിൽ പോകുന്ന ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം 15,000 രൂപയും ദീപം പദ്ധതി പ്രകാരം പ്രതിവർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അമ്മാവനായ വൈ.എസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വൈഎസ്ആർസിപി തലവന്റെ അഭിപ്രായത്തോട് പ്രതികരിക്കവെ, കൊലപാതകവുമായി ബന്ധപ്പെട്ട വൈഎസ്ആർസിപിയുടെ വിവരണത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് നായിഡു ആരോപിച്ചു. പിന്നീട് കദിരി ടൗണിലെ എസ്ടിഎസ്എൻ കോളജ് ഗ്രൗണ്ടിൽ മുസ്ലീം സമുദായത്തോടൊപ്പം ഇഫ്താർ വിരുന്നിൽ നായിഡു പങ്കെടുത്തു.
ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മെയ് 13 നും വോട്ടെണ്ണൽ ജൂൺ 4 നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: