കോയമ്പത്തൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെന്ന വിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എംഡിഎംകെ എംപി ഗണേശമൂര്‍ത്തി(76) മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2019ലെ തെരഞ്ഞെടുപ്പില്‍ ഈറോഡ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച മൂര്‍ത്തി ഈ തെരഞ്ഞെടുപ്പിലും പാര്‍ട്ടി സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ലിസ്റ്റില്‍ ഈ മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതോടെ ഗണേശമൂര്‍ത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അബോധാവസ്ഥയില്‍ കണ്ടെത്തിയ മൂര്‍ത്തിയെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മൂര്‍ത്തിയുടെ സ്വദേശമായ കുമാരവലസു ഗ്രാമത്തില്‍ വച്ചാണ് സംസ്കാരം. ഡിഎംകെ മന്ത്രി എസ്. മുത്തുസ്വാമി, ബിജെപി എംഎല്‍എ ഡോ.സി. സരസ്വതി. എഐഎഡിഎംകെ നേതാവ് കെ.വി. രാമലിംഗം എന്നിവര്‍ ആശുപത്രിയിലെത്തി.
രണ്ട് തവണ എംപിയാവുകയും പാര്‍ട്ടിക്ക് വേണ്ടി ജയില്‍വാസം വരെ അനുഭവിച്ച വ്യക്തിയാണ് മൂര്‍ത്തി. ഇത്തവണയും സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ഇത് പലരേയും അറിയിക്കുകയുമുണ്ടായി. സീറ്റ് ലഭിക്കാതിരുന്നതോടെ മൂര്‍ത്തി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.
2019ല്‍ ഈറോഡ് മണ്ഡലത്തില്‍ നിന്നാണ് മൂര്‍ത്തി മത്സരിച്ചു ജയിച്ചത്. എംഡിഎംകെയുടെ സീറ്റായിരുന്ന ഈറോഡ് ഇത്തവണ ഇന്‍ഡി മുന്നണിയുടെ ഭാഗമായ ഡിഎംകെ ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിന്റെ വിശ്വസ്തന് കെ.ഇ. പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കി. പകരം മകന് ദുരൈക്ക് വേണ്ടി എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ ഡിഎംകെയില്‍ നിന്ന് തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങി. 1998ലും മൂര്‍ത്തി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂര്‍ത്തിയുടെ മരണം അതീവ ദുഃഖമുളവാക്കുന്നതാണെന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: