നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ 23 കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ വന്ന കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അഞ്ചംഗ സംഘമെത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക നിഗമനം. വാഹനഉടമ അച്ചുവിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഒന്നാംപ്രതി വെണ്‍പകല്‍ പട്ടിയക്കാല സ്വദേശി ജിവിന് (25), നെല്ലിമൂട് സ്വദേശിയായ മനോജ് (19), ചൊവ്വര ചപ്പാത്ത് സ്വദേശിയായ അഭിജിത്ത് (18), കാഞ്ഞിരംകുളം കഴിവൂര്‍ സ്വദേശി സച്ചു എന്ന രജിത്ത് (23) എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ നാലംഗ സംഘം തിരുനെല്‍വേലിയില്‍ ഒളിവില്‍ പോകവേ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ ജിവിന് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ പോക്സോ കേസും നിലവിലുണ്ട്. മരണപ്പെട്ട ആദിത്യന് മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റാണ്.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര എസ്എച്ച്ഒ വിപിനും സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാറും ചേര്‍ന്നാണ് പ്രതികളെ തിരുനെല്‍വേലിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട് സ്വദേശി ജിവിനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബൈക്ക് പണയംവെച്ച് ജിവിനില്‍നിന്ന് ആദിത്യന് പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് വില നിശ്ചയിച്ചത്. ഇതില്‍ പതിനായിരം രൂപ നല്കി. ബാക്കി രൂപയ്ക്കായി ആദിത്യന് എത്തിയപ്പോള്‍ ജിവിന് ആദിത്യനെ ആക്രമിച്ചു. ഈ സംഭവം നടന്നതിന് ശേഷം, പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയില്‍ വിളിച്ചുവരുത്തി. തുടര്‍ന്നാണ് കാറിലുണ്ടായിരുന്നവര്‍ വാളുപയോഗിച്ച് ആദിത്യനെ വെട്ടുന്നത്. പിന്നീട്, കാറുപേക്ഷിച്ച് അക്രമിസംഘം കടന്നുകളയുകയായിരുന്നെന്നാണ് പോലീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: