നരേന്ദ്രമോദി
പ്രധാനമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍, ശ്രീമദ് സ്വാമി സ്മരണാനന്ദജി മഹാരാജിന്റെ വിയോഗവാര്‍ത്ത എന്റെ മനസ്സിനെ ഏതാനും നിമിഷങ്ങള്‍ നിശ്ചലമാക്കി. ശ്രീമദ് സ്വാമി സ്മരണാനന്ദജി മഹാരാജ് ഇന്ത്യയുടെ ആത്മീയ ബോധത്തിനു വഴിതെളിച്ച വ്യക്തിയാണ്. വ്യക്തിപരമായ നഷ്ടംകൂടിയാണ് അദ്ദേഹത്തിന്റെ വിയോഗം. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, സ്വാമി ആത്മസ്ഥാനാനന്ദജിയുടെ വിയോഗവും ഇപ്പോള്‍ സ്വാമി സ്മരണാനന്ദജിയുടെ വിടവാങ്ങലും നിരവധിപേരെ ദുഃഖത്തിലാഴ്ത്തി. രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും കോടിക്കണക്കിനു ഭക്തരുടെയും സന്ന്യാസിമാരുടെയും അനുയായികളുടേതെന്നപോലെ എന്റെ ഹൃദയവും ഏറെ ദുഃഖത്തിലാണ്.
ഈ മാസമാദ്യം കൊല്‍ക്കത്ത സന്ദര്‍ശിച്ചപ്പോള്‍ സ്വാമി സ്മരണാനന്ദ ജിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ ഞാന്‍ ആശുപത്രിയില്‍ പോയിരുന്നു. ആചാര്യ രാമകൃഷ്ണ പരമഹംസര്‍, ശാരദാദേവി മാതാവ്, സ്വാമി വിവേകാനന്ദന് എന്നിവരുടെ ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സ്വാമി ആത്മസ്ഥാനാനന്ദജിയെപ്പോലെ, സ്വാമി സ്മരണാനന്ദജിയും തന്റെ ജീവിതമാകെ സമര്‍പ്പിച്ചു. ഈ ലേഖനം എഴുതുമ്പോള്‍, അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെയും സംഭാഷണങ്ങളുടെയും ഓര്‍മകള്‍ എന്റെ മനസ്സില്‍ നവോന്മേഷം പകരുകയാണ്.
2020 ജനുവരിയില്‍, ബേലൂര്‍ മഠത്തില്‍ താമസിച്ച സമയത്ത്, ഞാന്‍ സ്വാമി വിവേകാനന്ദന്റെ മുറിയില്‍ ധ്യാനിച്ചിരുന്നു. ആ സന്ദര്‍ശനവേളയില്‍, സ്വാമി സ്മരണാനന്ദജിയുമായി സ്വാമി ആത്മസ്ഥാനാനന്ദജിയെക്കുറിച്ചു ഞാന്‍ ഏറെ നേരം സംസാരിച്ചു. രാമകൃഷ്ണമിഷനുമായും ബേലൂര്‍ മഠവുമായും എനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഏവര്‍ക്കും അറിയാം. ആത്മീയതയുടെ അന്വേഷകന് എന്ന നിലയില്‍, അഞ്ചുപതിറ്റാണ്ടിലേറെയായി ഞാന്‍ വിവിധ സന്ന്യാസിമാരെയും മഹാത്മാക്കളെയും കണ്ടുമുട്ടുകയും നിരവധി സ്ഥലങ്ങളില്‍ പോകുകയും ചെയ്തിട്ടുണ്ട്. രാമകൃഷ്ണമഠത്തിലും സ്വാമി ആത്മസ്ഥാനാനന്ദജി, സ്വാമി സ്മരണാനന്ദജി തുടങ്ങി ആത്മീയതയ്ക്കായി ജീവിതം സമര്‍പ്പിച്ച നിരവധി സന്ന്യാസിമാരെക്കുറിച്ചു ഞാന്‍ മനസ്സിലാക്കി. അവരുടെ പവിത്രമായ ചിന്തകളും അറിവുകളും എന്റെ മനസ്സിനു സംതൃപ്തിയേകി. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തില്‍, അതുപോലെയുള്ള സന്ന്യാസിമാര്‍ ‘ജന്‍ സേവാ ഹി പ്രഭു സേവ’ എന്ന യഥാര്‍ഥതത്വം എന്നെ പഠിപ്പിച്ചു.
രാമകൃഷ്ണമിഷന്റെ ‘ആത്മനോ മോക്ഷാര്‍ഥം ജഗദ്ധിതായ ച’ എന്ന ആപ്തവാക്യത്തിന്റെ മായാത്ത ഉദാഹരണമാണു സ്വാമി ആത്മസ്ഥാനാനന്ദജിയുടെയും സ്വാമി സ്മരണാനന്ദജിയുടെയും ജീവിതം. വിദ്യാഭ്യാസത്തിന്റെയും ഗ്രാമവികസനത്തിന്റെയും പ്രോത്സാഹനത്തിനായി രാമകൃഷ്ണമിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്കേവര്‍ക്കും പ്രചോദനമാണ്. രാമകൃഷ്ണമിഷന്‍ ഇന്ത്യയുടെ ആത്മീയ പ്രബുദ്ധത, വിദ്യാഭ്യാസ ശാക്തീകരണം, മാനുഷിക സേവനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. 1978-ല്‍ ബംഗാളില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ രാമകൃഷ്ണമിഷന്‍ നിസ്വാര്‍ഥസേവനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി. 2001ല്‍ കച്ചില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍, രാമകൃഷ്ണമിഷന്റെ പേരില്‍ ദുരന്തനിവാരണത്തിനു സാധ്യമായ എല്ലാ സഹായവും വാഗ്ദാനംചെയ്ത ആദ്യ വ്യക്തികളില്‍ ഒരാളാണു സ്വാമി ആത്മസ്ഥാനാനന്ദജി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാമകൃഷ്ണ മിഷന് ദുരിതബാധിതരായ നിരവധി പേരെ സഹായിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍, സ്വാമി ആത്മസ്ഥാനാനന്ദജിയും സ്വാമി സ്മരണാനന്ദജിയും വിവിധ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍, സാമൂഹ്യശാക്തീകരണത്തിനു വലിയ ഊന്നല്‍ നല്കി. ആധുനിക വിദ്യാഭ്യാസം, നൈപുണ്യവികസനം, സ്ത്രീശാക്തീകരണം എന്നിവ ഈ സംന്ന്യാസിമാര്‍ എത്രമാത്രം പ്രാധാന്യത്തോടെയാണു കണ്ടിരുന്നത് എന്നത് ഈ മഹദ്വ്യക്തികളുടെ ജീവിതം അറിയുന്നവര്‍ തീര്‍ച്ചയായും ഓര്‍ക്കും. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ നിരവധി സ്വഭാവങ്ങളില്‍, എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം എല്ലാ സംസ്കാരങ്ങളോടും എല്ലാ പാരമ്പര്യങ്ങളോടും സ്വാമി ആത്മസ്ഥാനന്ദജിക്കുള്ള സ്നേഹവും ബഹുമാനവുമായിരുന്നു. തുടര്‍ച്ചയായി യാത്ര ചെയ്ത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലം ചെലവഴിച്ചതാണ് ഇതിനു കാരണം. ഗുജറാത്തില്‍ താമസിക്കുമ്പോഴാണ് അദ്ദേഹം ഗുജറാത്തി സംസാരിക്കാന്‍ പഠിച്ചത്. അദ്ദേഹം ഗുജറാത്തി ഭാഷയില്‍ എന്നോടു സംസാരിക്കാറുണ്ടായിരുന്നു, അദ്ദേഹം ഗുജറാത്തി സംസാരിക്കുന്നതു കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു!
ഇന്ത്യയുടെ വികസന യാത്രയുടെ വിവിധഘട്ടങ്ങളില്‍, സാമൂഹ്യമാറ്റത്തിന്റെ ജ്വാലതെളിച്ച സ്വാമി ആത്മസ്ഥാനാനന്ദജി, സ്വാമി സ്മരണാനന്ദജി തുടങ്ങിയ നിരവധി സന്ന്യാസിമാരും ദാര്‍ശനികരും നമ്മുടെ മാതൃരാജ്യത്തെ അനുഗ്രഹിച്ചിട്ടുണ്ട്. കൂട്ടായ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അവര്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ഈ തത്വങ്ങള്‍ ശാശ്വതമാണ്. അമൃതകാലത്തു വികസിതഭാരതം കെട്ടിപ്പടുക്കുമ്പോള്‍ നമ്മുടെ ശക്തിയുടെ ഉറവിടമായി ഇതു പ്രവര്‍ത്തിക്കും.
ഒരിക്കല്‍കൂടി, മുഴുവന്‍ രാജ്യത്തിന്റെയും പേരില്‍, അത്തരത്തിലുള്ള വിശുദ്ധാത്മാക്കള്‍ക്കു ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ തെളിച്ച വഴിയിലൂടെ രാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്.
ഓം ശാന്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: