കോതമംഗലം: മാമലക്കണ്ടത്ത് ജനവാസമേഖലയില്‍ നിരന്തരം കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം കോഴിയെ തിന്നുന്നത് കണ്ടതായി പ്രദേശവാസിയായ ജോസ് കറുകപിള്ളി അറിയിച്ചു. രണ്ടു ദിവസം മുമ്പ് ഈറ്റവെട്ടാന്‍ പോയ അഞ്ച് പേര്‍ക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായി. ഓടി രക്ഷപ്പെടുന്നതിനിടയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മാമലക്കണ്ടം കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മാമലക്കണ്ടം കണ്ടച്ചാല്‍ സജി, ഭാര്യ സോഫ്, താമാകുന്നേല്‍ സണ്ണി, ഭാര്യ സോഫി, പ്ലാത്തോട്ടത്തില്‍ നിര്‍മല എന്നിവരാണ് ഈറ്റ ശേഖരിക്കാന്‍ പോയത്. പാറയോട് ചേര്‍ന്ന് നിന്ന ഈറ്റവെട്ടാനായി നിര്‍മല മുകള്‍ ഭാഗത്തേക്ക് കയറിച്ചെല്ലുന്നതിനി ടെയാണ് മരച്ചുവട്ടില്‍ കിടന്നിരുന്ന കടുവ ചാടി ഇവര്‍ക്ക് നേരെ പാഞ്ഞടുത്തത്. വെട്ടിയ ഈറ്റയും കയ്യിലുണ്ടായിരുന്ന പണി ആയുധങ്ങളും ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ വീണ് നിര്‍മലയ്ക്ക് നടുവിന് പരിക്കേറ്റു. സണ്ണിക്ക് വീണ് കാലിനും പരിക്കുപറ്റി. സണ്ണിയുടെ ഭാര്യ സോഫിക്ക് ശ്വാസംമുട്ടലും ബോധക്കേടുമുണ്ടായി.
അപകടത്തില്‍പ്പെട്ടവരും വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍ സല്‍മാ പരീദിനെ വിവരം അറിയിച്ചു. വാര്‍ഡു മെമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു വനപാലകര്‍ സ്ഥലത്തെത്തി കടുവ കിടന്നിരുന്ന സ്ഥലവും പരിസരവും പരിശോധിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. മാമലക്കണ്ടത്തെ പല ജനവാസ മേഖലയിലും കടുവയുടെ സാ ന്നിധ്യം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
അടിയന്തരമായി പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനൊപ്പം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാന്‍ നടപടി ഉണ്ടാകണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കടുവ ഈമേഖലയിലെ വനത്തില്‍ ഇല്ലെന്ന നിലപാടിലാണ് വനം വകുപ്പ്. പ്രദേശത്തെ നായകളെ കാണാതാവുന്നത് പ്രദേശവാസികളില്‍ ആശങ്കയും ഭയവും വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: