മേരിലാന്‍ഡ്: ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഫ്രാന്‍സിസ് സ്കോട്ട് കീ പാലത്തിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പാലത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറ് പേരെ കാണാതായിരുന്നു. ഇവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അലെജണ്ട്രോ ഹെര്‍ണാണ്ടെസ് ഫ്യൂണ്ടെസ് (35), ഡോര്‍ലിയന്‍ റോണിയല്‍ കാസ്റ്റില്ലോ കാബ്രേറ (26) എന്നിവരാണ് മരിച്ചത്. ഇവരില്‍ ഫ്യൂണ്ടെസ് മെക്സിക്കന്‍ സ്വദേശിയും കാബ്രേറ ഗ്വാട്ടിമാല സ്വദേശിയുമാണ്. അപകടത്തില്‍ എട്ട് പേരെയാണ് കാണാതായത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ മരിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് തെരച്ചില്‍ നടത്താന്‍ സാധിക്കാതിരിക്കുകയും അതീവ ശൈത്യത്താല്‍ ഇവര്‍ മരിച്ചിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.
പാലം തകര്‍ന്നത് പ്രദേശവാസികളേയും ബാധിച്ചിട്ടുണ്ട് 8000 പേര് തുറമുഖത്ത് ജോലിചെയ്തിരുന്നു. പാലം തകര്‍ന്നതോടെ ഇതിലൂടെയുള്ള ഗതാഗതവും, പട്ടാപ്സ്കോ നദിയിലൂടെയുള്ള ചരക്കു നീക്കവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉരുക്കിനാല്‍ നിര്‍മിച്ച പാലത്തിന്റെ അവശിഷ്ടങ്ങളെല്ലാം മാറ്റിയശേഷമേ പുതിയത് നിര്‍മിക്കാനാകൂ. 2.5 കിലോമീറ്റര്‍ ദൂരമുള്ളതാണ് പാലം.
കോസ്റ്റ്ഗാര്‍ഡും കരസേനാ എന്‍ജിനീയര്‍മാരും ചേര്‍ന്ന് നദിയിലെ അവശിഷ്ടങ്ങള്‍ നീക്കി വീണ്ടും ചരക്കു നീക്കത്തിന് സജ്ജമാക്കുമെന്ന് യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി പീറ്റെ ബുട്ടിജിജ്, വൈസ് അഡ്മിറല്‍ പീറ്റര്‍ ഗോട്ടിയര്‍ എന്നിവര്‍ അറിയിച്ചു. നദിയിലെ ശക്തമായ അടിയൊഴുക്കും ശൈത്യവും കാരണം തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കയാണ്. നദിയിലെ അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം പുനരാരംഭിക്കുമെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അപകടത്തിന്റെ തീവ്രത കുറച്ചത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. കപ്പലിന്റെ നിയന്ത്രണം നഷ്ടമായ ഉടന്‍ തന്നെ ജീവനക്കാര്‍ ഇക്കാര്യം ഗതാഗതവകുപ്പിനേയും ബാള്‍ട്ടിമോര്‍ തുറമുഖം അധികൃതരേയും അറിയിച്ചിരുന്നു. അതിനാല്‍ ഉടന്‍ തന്നെ പാലത്തിലേക്കുള്ള ഗതാഗതം ഇരുവശത്തു നിന്നും തടയാനായി. ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.
വൈദ്യുതി തടസമുണ്ടായി, പിന്നാലെയാണ് കപ്പല്‍ പാലത്തിന്റെ തൂണില്‍ ഇടിച്ചത്. പാലത്തിലെ കുഴികള്‍ അടയ്ക്കുകയായിരുന്ന തൊഴിലാളികളെയാണ് കാണാതായത്. ഗതാഗതം തടഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവാക്കാനായതെന്നും ബൈഡന് പറഞ്ഞു.
കപ്പലിലെ ബ്ലാക്ക്ബോക്സ് കണ്ടെടുത്തിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കോസ്റ്റ്ഗാര്‍ഡും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരബന്ധം എന്തെങ്കിലുമുണ്ടോയെന്ന് തിരിച്ചറിയുന്നതിനാണ് എഫ്ബിഐ അന്വേഷണം. മലയാളിയുടെ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് കപ്പലിന്റെ മാനേജിങ് കമ്പനി. അപകടത്തെ തുടര്‍ന്ന് പാലത്തിന്റെ അവശിഷ്ടങ്ങള്‍ കപ്പലിലേക്ക് പതിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതാണ്. ഒരാള്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ജീവനക്കാരെല്ലാം ഭാരതീയരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: