തിരുവനന്തപുരം: വിദേശപഠന സൗകര്യ ഏജസികള്‍ക്ക് വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്യാന്‍ സര്‍ക്കാര്‍ കോളേജില്‍ സെമിനാര്‍ നടത്താന്‍ അനുവാദം നല്കി എംജി യുണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം കൂടിയായ പ്രിന്സിപ്പാല്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനി മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിലൊന്നെന്ന് ആരോപണമുള്ള സാന്റാമോണിക്ക എന്ന പ്രമുഖ സ്വകാര്യ ഏജന്‍സിക്കാണ് ക്യാന്‍വാസ് ചെയ്യാനുള്ള അവസരം നല്‍കിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ആരോപിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലാണ് ഈ സ്വകാര്യ ഏജന്‍സിക്ക് വിദ്യാര്‍ഥികളെ വിദേശ സര്‍വ്വകലാശാലകളിലേക്ക് ആകര്‍ഷിക്കാനുള്ള സെമിനാര്‍ നടത്തുന്നതിനുള്ള അനുമതി പ്രിന്‍സിപ്പല്‍ നല്‍കിയത്. സംഭവം നിലവില്‍ വിവാദമായിരിക്കുകയാണ്. ഉദ്യോഗത്തിനുള്ള പ്ലേസ്മെന്റുകള്‍ക്ക് മാത്രമാണ് പുറമെ നിന്നുള്ള ഏജന്‍സികള്‍ക്ക് കോളേജിനുള്ളില്‍ സാധാരണ അനുമതി നല്‍കാറുള്ളത്.
മഹാരാജാസ് കോളേജും, സാന്റാമോണിക്കയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കോളേജിന്റെ ഔദ്യോഗിക എംബ്ലം പതിച്ച ക്ഷണകത്തും പ്രസിദ്ധീകരിച്ചിരുന്നു. സാന്റാ മോണിക്ക എന്ന പ്രൈവറ്റ് ഏജന്‍സിയുടെ ഡയറക്ടറെ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ നിയമിച്ചത് വിവാദമായിരിക്കെയാണ് ഇപ്പോള്‍ ഈ ഏജന്‍സിയുടെ പേരില്‍ മറ്റൊരു വിവാദം കൂടി പുറത്തുവന്നിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികളെ നമ്മുടെ സംസ്ഥാനത്തേയ്ക്ക് ആകര്‍ഷിക്കുന്നതിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആയി മാറ്റുന്നതിനും, വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിദേശത്തേയ്ക്ക് പലായനം ചെയ്യുന്നത് തടയുന്നതിനും വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഇത്തരം ഒരു നീക്കമെന്നാണ് ഉയര്‍ന്നു വരുന്ന വിമര്‍ശനം.
മെച്ചപ്പെട്ട ഉന്നത പഠനം ലഭിക്കാന്‍ ഇവിടുള്ള വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് സര്‍ക്കാര്‍ കോളേജില്‍ അവസരം ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ആയിരക്കണക്കിന് യുവ ജനങ്ങളെ കാനഡ, യുകെ, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ഏജന്‍സിയാണ് സാന്റാമോണിക്ക. മാര്‍ച്ച് 19 ന് കോളേജിന്റെ കോമേഴ്സ് വകുപ്പില്‍ വച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഈ ഏജന്‍സിയുടെ ഓവര്‍സീസ് വിദ്യാഭ്യാസ വിദഗ്ധയാണ് സെമിനാര്‍ നയിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കോളേജിന്റെ പ്രിന്‍സിപ്പല്‍, സിപിഎം അനുകൂല കോളേജ് അധ്യാപക സംഘടനാ നേതാവും എം.ജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവുമാണ്. പ്രിന്‍സിപ്പലാണ് കോളേജിന്റെ സെമിനാര്‍ ഹാളില്‍വച്ച് സെമിനാര്‍ നടത്താനും കോളേജിന്റെ എംബ്ലം ഉപയോഗിക്കാനും അനുമതി നല്‍കിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്ന് സെമിനാര്‍ നടത്താന്‍ ഇടയായ ദുരൂഹ നടപടിയെപറ്റി അന്വേഷണം നടത്തണമെന്നും, അനുമതി നല്കിയ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: