തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്ഐ നേതാക്കളുടെ സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്ക്കെതിരെ വ്യാജ കേസ് ചുമത്തി ദ്രോഹിക്കാന്‍ ശ്രമമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി. എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാര്ഗിക പ്രവര്‍ത്തനം നടക്കുന്നുവെന്നും തുറന്നുപറഞ്ഞതിന്റെ പേരിലാണ് സര്‍ക്കാര്‍ വേട്ട.
എസ്എഫ്ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്ക്കെതിരെ നല്കിയ കുറ്റപത്രമുള്‍പ്പടെയുള്ള വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ കേസ് ചുമത്തിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ആരോപിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അവസാന പ്രവര്‍ത്തി ദിവസമാണ് പുതിയൊരു കുറ്റപത്രവുമായി സര്‍ക്കാര്‍ എത്തിയത്.
അധ്യാപികയുടെ പെന്ഷന് അനുകൂല്യങ്ങള്‍ ഏത് വിധേനയും തടയുക എന്നത് മാത്രമാണ് തിരക്കിട്ട് നല്കിയ കുറ്റപത്രത്തിനു പിന്നിലെന്നാണ് ആക്ഷേപം. സിപിഎം സംഘടനയുമായി എതിര്‍ത്ത് നിന്നതിന്റെ പേരില്‍ കെ.ടി.യു വിസി യുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സിസാ തോമസിന് വിരമിക്കുന്ന ദിവസം കുറ്റപത്രം നല്‍കിയതിന് സമാനമായാണ് ഡോ, രമയ്ക്കെതിരായ നടപടിയുമെന്ന് സേവ് യൂണിവേഴ്സിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സിസാ തോമസിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതി വരെ അപ്പീല്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ നിലപാട് കോടതി തള്ളുകയായിരുന്നു. എന്നാല്‍ വിരമിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് അനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ല. 2022ല്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നേടുവാന്‍ പരിശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
സ്ത്രീധന നിരോധന നിയമപ്രകാരവും, റാഗിംഗ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കള്‍ നല്കുന്ന സത്യവാങ്മൂലം കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ ബോധിപ്പിച്ചപ്പോള്‍ രക്ഷിതാവിനെ കൊണ്ടുവന്ന് അഡ്മിഷന് എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷം കഴിഞ്ഞുള്ള നടപടി. പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥിനിക്ക് കോളേജ് പ്രവേശനത്തിന് രക്ഷകര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമില്ലെന്നതാണ് പരാതിക്കാരിയുടെ നിലപാട്.
ലഹരി ഗവണ്മെന്റ് കോളേജില്‍ വ്യാപകമാണ് എന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ അഡ്മിഷന് സമയത്ത് നിര്‍ബന്ധമായും കോളേജില്‍ എത്തണമെന്ന് പിടിഎ തീരുമാനവും എടുത്തിരുന്നു. എന്നാല്‍ പരാതി നല്കിയ വിദ്യാര്‍ത്ഥി കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജില്‍ താല്‍ക്കാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ ഉയര്‍ന്ന ഓപ്ഷന് ആയുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പിന്നീട് വിദ്യാര്‍ഥിനി പ്രവേശം നേടുകയും ചെയ്തു. പ്രസ്തുത പരാതിയില്‍ പ്രിന്‍സിപ്പാളിനെതിരെ തെളിവൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കെട്ടിച്ചമച്ച മറ്റൊരു പരാതിയുമയാണ് അധ്യാപികയ്ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
എസ്എഫ്ഐ നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാരും വകുപ്പ് മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് മേഖലയുടെ നിലവാര തകര്‍ച്ചയ്ക്കും കോളേജുകളിലെ അച്ചടക്ക രാ ഹിത്യത്തിനും കാരണമാകുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് അഭിപ്രായപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: