റിയാദ്: യാഥാസ്ഥിതിക അറബ് രാജ്യമെന്ന് പേര് കേട്ട സൗദി അറേബ്യ മാറുന്നു. ചരിത്രത്തില്‍ ഇതാദ്യമായി വിശ്വസുന്ദരിപ്പട്ടത്തിനായി സൗദി അറേബ്യ അവിടുത്തെ സുന്ദരിയെ അയയ്ക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ ഇന്‍ഫ്ളൂവന്‍സറായ റൂമി അല്‍ഖഹ്താനി ആണ് സൗദിയെ പ്രതിനിധീകരിച്ച് വിശ്വസന്ദര്യമത്സരത്തില് പങ്കെടുക്കുക. റൂമി അല്‍ഖഹ്താനി പുതുമുഖമല്ലെന്നും നേരത്തെ നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത വ്യക്തിയാണെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ഖഹ്താനി റിയാദ് സ്വദേശിനിയാണ്.
ഇന്‍സ്റ്റഗ്രാമില്‍ 11 ലക്ഷം ഫോളോവേഴ്സുള്ള റൂമി അല്‍ഖഹ്താനി തന്നെയാണ് മിസ് യുണിവേഴ്സ് മത്സരത്തില്‍ താന്‍ പങ്കെടുക്കുമെന്നും സൗദിയില്‍ നിന്നുള്ള ആദ്യ മത്സരാര്‍ത്ഥിയാണ് താനെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു.
ഒരു യാഥാസ്ഥിതിക മതരാജ്യം എന്നതില്‍ നിന്നും ആധുനികവും വൈവിധ്യമാര്‍ന്ന സമ്പദ്ഘടനയുള്ളതും ആയ സൗദിയെ വാര്‍ത്തെടുക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ നിരവധി പുരോഗമനപരമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി സൗദി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ടെക്നോളജിയിലും വിനോദവ്യവസായത്തിലും നല്ലതുപോലെ നിക്ഷേപമിറക്കുന്നുണ്ട് സൗദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: