ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലെ ഗുരുസാന്നിധ്യമായിരുന്നു ഡോ.കെ. മാധവന്‍ കുട്ടി. വിചാരകേന്ദ്രത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഊര്‍ജ്ജസ്രോതസായിരുന്നു അദ്ദേഹം. പരമേശ്വര്‍ജിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം അനിതര സാധാരണമായിരുന്നു. രാമലക്ഷ്മണന്മാരെ പോലെ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏകോദര സഹോദരരായിട്ടാണ് ഇരുവരും പ്രവര്‍ത്തിച്ചത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രഥമ പ്രസിഡന്റായ മാധവന്‍ കുട്ടി മരണം വരെ ആ പദവിയില്‍ തുടര്‍ന്നു. വിവിധ പരിപാടികളില്‍ പരമേശ്വര്‍ജിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് എന്നും ആനന്ദവും ആവേശവുമായിരുന്നു.
അഞ്ചു വര്‍ഷം അദ്ദേഹത്തോടൊപ്പം കോഴിക്കോട് ഐഐഎമ്മിന്റെ ഗവേണിങ് ബോര്‍ഡിലിരിക്കാന്‍ എനിക്ക് അവസരമുണ്ടായി. സ്‌നേഹമസൃണമായ അദ്ദേഹത്തിന്റെ പെരുമാറ്റവും അവസരോചിതമായ ഇടപെടലുകളും മറക്കാനാവില്ല. വിദ്യ എങ്ങനെ പ്രയോഗത്തില്‍ വിനയമായി മാറുന്നു എന്നതിന് നല്ല മാതൃകയായിരുന്നു അദ്ദേഹം. പിതാവിന്റെയും ഗുരുവിന്റെയും ഒരു സ്പര്‍ശം ആ പെരുമാറ്റത്തില്‍ കാണാം.
1953 മുതല്‍ 1981 വരെ കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ മഹനീയ സാന്നിധ്യമായിരുന്നു നിരവധി ശിഷ്യസമ്പത്തിന്റെ ഉടമയായ മാധവന്‍ കുട്ടിസാര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഒരു നീണ്ട തലമുറയ്‌ക്ക് മാതൃകയായിരുന്നു സ്‌നേഹസമ്പന്നനായ ഈ പരമാചാര്യന്‍. അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായി രാജ്യം ബി.സി. റോയി അവാര്‍ഡ് നല്‍കി ആദരിച്ചു.
സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരന്‍, അക്ഷര ശ്ലോക പണ്ഡിതന്‍, പ്രാസംഗികന്‍, വൈദ്യശാസ്ത്ര അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ അദ്ദേഹം 2018 മാര്‍ച്ചില്‍ 93 മത്തെ വയസില്‍ അന്തരിച്ചു.
കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായതിന് ശേഷം മദിരാശിയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് ചേരുകയായിരുന്നു. മെഡിക്കല്‍ ബിരുദത്തിന് ശേഷം പഠിച്ച കോളജില്‍ തന്നെ ഫിസിയോളജി വകുപ്പില്‍ ട്യൂട്ടറായി ആദ്യമായി ജോലിയില്‍ പ്രവേശിച്ചു. 1953 മുതല്‍ 1957 വരെ അദ്ദേഹം മദിരാശിയില്‍ തുടര്‍ന്നു. 1957 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ഥാപിതമായത്. ആദ്യകാല പ്രഫസര്‍മാരില്‍ ഒരാളായി അവിടെ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ച കോഴിക്കോട്ടുകാരനായിരുന്നു മാധവന്‍ കുട്ടി സാര്‍. 1961 വരെ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ന്നു.
ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം പഠനം പൂര്‍ത്തിയാക്കി തിരികെ വന്നതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലായി. 1981ല്‍ സര്‍വീസില്‍ നിന്നു വിരമിക്കും വരെ അദ്ദേഹം അതേ ചുമതലയില്‍ തുടര്‍ന്നു.
തികഞ്ഞ രാജ്യസ്‌നേഹിയായ അദ്ദേഹത്തിന് രാഷ്‌ട്രീയ പ്രവര്‍ത്തനവും അന്യമായിരുന്നില്ല. 1984ല്‍ ബിജെപിയുടെ സഹായത്തോടെ കോഴിക്കോട് നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുച്ചു. ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമൂഴം. 1991ല്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്.
സാമൂഹിക സാംസ്‌കാരികരംഗത്ത് എന്നും സജീവമായിരുന്നു ഡോ. മാധവന്‍ കുട്ടി. ദീര്‍ഘകാലം കോഴിക്കോട് ഭാരതീയ വിദ്യാഭവന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. ആധ്യാത്മിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.
എണ്‍പതോളം പുസ്തകങ്ങളും അയ്യായിരത്തിലേറെ ലേഖനങ്ങളും എഴുതിയ മാധവന്‍ കുട്ടി സാറിന്റെ ആത്മകഥയായ ‘മായില്ലീ കനകാക്ഷരങ്ങള്‍’ എന്ന പുസ്തകം മലയാളികളുടെ മനസിനെ ഏറെ സ്പര്‍ശിച്ച ഒന്നാണ്. അക്ഷരശ്ലോക സമുച്ചയം, കുട്ടികളുടെ ഫസ്റ്റ് എയ്ഡ്, രോഗങ്ങളും രക്ഷാമാര്‍ഗങ്ങളും, ശുചിത്വം ആരോഗ്യം, ഫിസിയോളജി-അടിസ്ഥാന അറിവുകള്‍, മനുഷ്യ ശരീരവും ആരോഗ്യ ശാസ്ത്രവും ആരോഗ്യചിന്തകള്‍, ചികിത്സയും രോഗപ്രതിരോധവും തുടങ്ങിയ മലയാള പുസ്തകങ്ങള്‍ സാധാരണക്കാര്‍ക്ക് ആരോഗ്യത്തിന്റെ അടിസ്ഥാന തത്വങ്ങളും ആചരണവും മനസിലാക്കിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്.
മികച്ച അദ്ധ്യാപകനുള്ള ബി.സി. റോയി പുരസ്‌കാരം ലഭിച്ച മാധവന്‍ കുട്ടി സാര്‍ കേരള സര്‍വകലാശാലയില്‍ സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നീ അക്കാദമിക ബോഡികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വില കൂടിയത് നല്ല ഭക്ഷണമാകണമെന്നില്ല എന്ന മാധവന്‍ കുട്ടി സാറിന്റെ 2013 ഒക്ടോബര്‍ 23 ലെ ഒരു ലേഖനം ആരോഗ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രദര്‍ശനത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും അടയാളമായി മാറുന്നു. ആധുനിക മനുഷ്യന്‍ പോഷകാഹാരത്തിന്റെ പുറകെയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില കൂടിയ വസ്തുക്കളാണ് പോഷകാഹാരം എന്ന തെറ്റായ ധാരണകള്‍ തിരുത്താനാവശ്യപ്പെടുന്ന ഒരു ലേഖനമാണത്. ഭക്ഷ്യവസ്തുക്കളെ കുറിച്ചുള്ള തെറ്റായ മിക്ക ധാരണകളും സായിപ്പന്മാര്‍ നമ്മുടെ മേല്‍ അടിച്ചേല്പ്പിച്ച പോഷകാഹാര മിഥ്യകളാണെന്ന് അദ്ദേഹം ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
വാസ്തവത്തില്‍ ഏറ്റവും വില കൂടിയത് നല്ല ഭക്ഷണമാകണമെന്നില്ല. പ്രത്യേകിച്ചും മാര്‍ക്കറ്റില്‍ നിന്ന് നമുക്ക് ലഭിക്കുന്നവ. വീട്ടുമുറ്റത്ത് ലഭിക്കുന്ന ചീരയില, മല്ലിയില, അകത്തിച്ചീര, ബ്രോക്കാളി എന്നിവയെല്ലാം വിശേഷപ്പെട്ട പോഷകങ്ങളുടെ അക്ഷയഖനിയാണ്. എന്നാല്‍ തൊടിയില്‍ വളരുന്ന മുരിങ്ങയിലയ്‌ക്കാണ് പ്രഥമസ്ഥാനം എന്ന് ദീര്‍ഘകാലം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച കെ. മാധവന്‍ കുട്ടി പ്രസ്താവിക്കുന്നു. നൂറു ശതമാനം ഓര്‍ഗാനിക്കാണ് വളമിടാതെ വീട്ടുമുറ്റത്ത് വളരുന്ന ഈ ഔഷധ വൃക്ഷം എന്നദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇതും മറ്റു ചില ഔഷധസസ്യങ്ങളും ഇലക്കറികളും കാത്സ്യം, ഇരുമ്പ്, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, റൈബോഫ്‌ലേബിന്‍, ഫോളിക് ആസിഡ്, നാരുകള്‍ എന്നിവ കൊണ്ട് സമൃദ്ധമാണ്. ഇതിനെല്ലാം പുറമെ ഇവ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വസ്തുക്കളാണ്.
ബീന്‍സ്, വെണ്ട, വഴുതന, പയറ്, വെള്ളരി, മത്തന്‍, ഇളവന്‍ പപ്പായ തക്കാളി എന്നിവയെല്ലാം കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം കോപ്പര്‍, ക്ലോറൈഡുകള്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ ധാതുക്കളുടെയും വിറ്റാമിന്‍ സി, എ എന്നിവയുടെയും ഫോളിക് ആസിഡുകള്‍, നാരുകള്‍ എന്നിവയുടെ സ്വാഭാവിക സ്രോതസുകളാണെന്ന് മാധവന്‍ കുട്ടി ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാന്‍ ഇവ സഹായകരമാണ്.
ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇലക്കറികള്‍ മാത്രം ഉപയോഗിച്ചുള്ള കൂട്ടാനും തോരനും ഉണ്ടാക്കിയിരുന്നത് ഇവിടെ നിലനിന്നിരുന്ന ശീലമായിരുന്നു. ഭക്ഷണത്തില്‍ പച്ചിലകള്‍ ഉപയോഗിക്കുന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വിലകുറഞ്ഞ പോഷക സമൃദ്ധമായ ആഹാരങ്ങളെ സ്വീകരിക്കുകയും അവ വേണ്ടതു പോലെ ഉപയോഗിക്കുകയും ചെയ്താല്‍ കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടും എന്ന് വിശ്വസിച്ചിരുന്ന ആധുനിക വൈദ്യശാസ്ത്ര വിശാരദനായിരുന്നു ഡോ.കെ. മാധവന്‍ കുട്ടി. അറിവിന്റെ അക്ഷയഖനിയാണ് വൈദ്യശാസ്ത്ര വിദഗ്ധനായ ഈ ആചാര്യന്‍.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: