മസാല ബോണ്ട് കേസില്‍ സിപിഎം നേതാവും മുന്‍ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെ കുരുക്ക് മുറുകിയിരിക്കുന്നു. ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരിക്കുകയാണ്. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാതിരുന്ന ഐസക്കിന് നിയമത്തോടും കോടതി നിര്‍ദ്ദേശങ്ങളോടും ബഹുമാനമൊന്നുമില്ലെന്ന് വന്നിരിക്കുകയാണെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നു പറഞ്ഞ് ആദ്യമൊക്കെ ഇ ഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന ഐസക്ക് പിന്നീട് കോടതിയില്‍ ഹര്‍ജി നല്കിയ കാരണം പറഞ്ഞ് സമന്‍സുകളെ അവഗണിക്കാന്‍ തുടങ്ങി. കിഫ്ബി ജനറല്‍ കമ്മിറ്റി വൈസ് ചെയര്മാന്, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളില്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് ഐസക്കിനെ വിളിച്ചുവരുത്തുന്നത്. ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാമെന്നാണ് ഐസക്ക് ഇതുവരെ വാദിച്ചുകൊണ്ടിരുന്നത്. രേഖാമൂലം മറുപടി നല്‍കുന്നതും നേരിട്ട് ചോദ്യം ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. മസാല ബോണ്ട് വഴി ലഭിച്ച പണം ഉപയോഗിച്ചതില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട്. നിയമപരമായിട്ടാണോ പണം ചെലവഴിച്ചത് എന്ന് അറിയണമെങ്കില്‍ ഐസക്കിനെ ചോദ്യംചെയ്തേ മതിയാവൂ. കള്ളപ്പണം തടയുന്നതിനുവേണ്ടി കൊണ്ടുവന്ന തെരഞ്ഞെടുപ്പിന്റെ ബോണ്ടിന്റെ പേരില്‍ ബിജെപിക്കെതിരെ കോലാഹലമുണ്ടാക്കുന്നവര്‍ക്കെതിരെയാണ് മസാല ബോണ്ടിന്റെ പേരില്‍ വിദേശത്തുനിന്ന് കോടികള്‍ നേടിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തോമസ് ഐസക്ക് ചെറുമീനല്ല, ഏതു വലയും പൊളിക്കാന്‍ അറിയുന്ന വമ്പന്‍ സ്രാവാണ്. ഇ. കെ. നായനാരുടെ ഭരണകാലത്ത് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട വിദേശ ഫണ്ടിങ്ങിന്റെ സൂത്രധാരനായി അറിയപ്പെട്ടയാളുമാണ്. റിച്ചാര്‍ഡ് ഫ്രാങ്കി എന്ന സാമ്രാജ്യത്വ ചാരന് ആയിരുന്നു ഇതിലെ ഐസക്കിന്റെ കൂട്ടാളി. ജനകീയാസൂത്രണ വിവാദത്തില്‍ ഫ്രാങ്കിയേയും ഐസക്കിനെയും ബന്ധിപ്പിക്കുന്ന പല ആരോപണങ്ങളും ഇടതുപക്ഷത്തു നിന്നുതന്നെ ഉയര്‍ന്നുവന്നു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും ബാധ്യതയും കേന്ദ്രസര്‍ക്കാരിനായിരുന്നു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിന് താല്‍പ്പര്യം കാണിച്ചില്ല. നായനാര്‍ സര്‍ക്കാരിനു ശേഷം കേരളത്തില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനുമുണ്ടായിരുന്നില്ല താല്‍പ്പര്യം. ഐസക്കിന് ഇപ്പുറത്ത് മാത്രമല്ല അപ്പുറത്തും ബന്ധങ്ങള്‍ ഉണ്ടായിരുന്നതാണ് ഇതിന് കാരണം. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ മറവില്‍ മസാല ബോണ്ട് ഇറക്കി പണം ശേഖരിച്ചതിനു പിന്നിലും ഐസക്കിന്റെ ബുദ്ധിയായിരുന്നു. ഇതില്‍ നിയമവിരുദ്ധമായ പലതും നടന്നിട്ടുണ്ട്. ഇക്കാര്യം സിഎജി സൂചിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. മസാല ബോണ്ട് ഇറക്കി പണംനേടിയതില്‍ ഐസക്കിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ട്. ഇ ഡി ചോദ്യം ചെയ്താല്‍ ഇതൊക്കെ പുറത്തുവരും. അതിനാല്‍ ഐസക്കിനെ ചോദ്യം ചെയ്യാതിരിക്കേണ്ടത് പിണറായിയുടെയും ആവശ്യമാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകാതിരിക്കുക മാത്രമല്ല, എംഎല്‍എ പോലും ആകാതിരുന്ന ഐസക്കിന് പത്തനംതിട്ടയില്‍ ലോക്സഭ സീറ്റ് ലഭിച്ചതിനു പിന്നില്‍ പിണറായിയുടെ ബോണ്ട് ഭയവുമുണ്ട്.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഐസക്കിനെ ഇഡി ചോദ്യം ചെയ്താല്‍ കോളിളക്കമുണ്ടാക്കുന്ന പല വിവരങ്ങളും പുറത്തുവരും. ഇങ്ങനെയൊരു സാധ്യത മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായിയെപ്പോലും ഐസക്ക് ബ്ലാക്ക്മെയില്‍ ചെയ്യുന്നുണ്ടാവാം. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട സാമ്രാജ്യത്വ ഫണ്ട് വിവാദത്തില്‍നിന്ന് രക്ഷപ്പെട്ടപോലെ മസാല ബോണ്ട് കേസില്‍ ഇ ഡിയുടെയും നിയമത്തിന്റെയും പിടിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ഐസക്കിന് നന്നായറിയാം. ഇ ഡിയെയും മോദി സര്‍ക്കാരിനെയുമൊക്കെ ഐസക്ക് വെല്ലുവിളിക്കുന്നത് ഭയം മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇങ്ങനെതന്നെയാണ് ദല്‍ഹി സര്‍ക്കാരിന്റെ മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പെരുമാറിയിരുന്നത്. കേജ്രിവാള് ഇ ഡിയുടെ ഒന്‍പത് സമന്‍സുകളാണ് അവഗണിച്ചത്. കേജ്രിവാളിനെപ്പോലെ ഐസക്കും ഇങ്ങനെ ചെയ്യുന്നത് പലതും മറയ്ക്കാനുള്ളതുകൊണ്ടാണ്. കേജ്രിവാളിന്റെ വിദേശ ബന്ധങ്ങള്‍ സംശയാസ്പദമാണെന്നും, രാജ്യത്തിന്റെ ഉത്തമ താല്പര്യങ്ങള്ക്കുവേണ്ടിയല്ല അയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. സിഖ് ഭീകരവാദികളില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയെന്ന് അവര്‍തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കേജ്രിവാളിന്റെ അറസ്റ്റില്‍ ചില വിദേശ രാജ്യങ്ങള്‍ നടത്തിയ പ്രതികരണങ്ങളും ഒരു ഭാരതീയ പൗരന് എന്ന നിലയ്ക്കുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. പല കൗശലങ്ങളും പ്രയോഗിച്ച കേജ്രിവാളിന്റെ അവസ്ഥ പിന്നീട് എന്തായെന്ന് ഐസക്ക് ഓര്‍ക്കുന്നത് നല്ലതാണ്. ഐസക്കിനെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഇ ഡി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് വെറും വാക്കല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: