നാഗ്പൂര്‍: ആര്‍എസ്എസിന്റെ പേരിലും വ്യാജന്. ഇന്‍ഡി മുന്നണിയെ ആര്‍എസ്എസ് പിന്തുണയ്ക്കുന്നുവെന്ന് ദേശീയതലത്തില്‍ സോഷ്യല്‍മീഡിയ പ്രചാരണം. വെറും പ്രചാരണം മാത്രമല്ല ആര്‍എസ്എസ് നേതാക്കള്‍ വാര്‍ത്താസമ്മേളനവും നടത്തി പിന്തുണ പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനം യു ട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
1925ല്‍ നാഗ്പൂരില്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ സ്ഥാപിച്ച രാഷ്ട്രീയ സ്വയംസേവകസംഘം നൂറ് വര്‍ഷം പിന്നിടാറാവുമ്പോഴാണ് നാഗ്പൂരില്‍ നിന്ന് ഒരു വ്യാജന്റെ രംഗപ്രവേശം. രാഷ്ട്രീയ സ്വയംസേവക സംഘമെന്ന പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമവുമായി ആള് കോടതികള്‍ കയറിയിറങ്ങുകയാണ്.
അബ്ദുള്‍ ഗഫൂര്‍ പാഷ എക്സിക്യൂട്ടീവ് പ്രസിഡന്റും ജനാര്‍ദ്ദന്‍ ഗുലാബ് റാവു മൂണ്‍ സ്ഥാപക പ്രസിഡന്റുമായാണ് നീക്കം. പേര് അനുവദിച്ചുകിട്ടാന്‍ ജനാര്‍ദ്ദന്‍ മൂണ്‍ 2017ല്‍ രജിസ്ട്രാര്‍ വകുപ്പിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നാഗ്പൂരിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസറാണ് ജനാര്‍ദന്‍ മൂണിന്റെ അപേക്ഷ തള്ളിയത്. രജിസ്ട്രാറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇയാള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2019 ജനുവരിയില്‍, ജനാര്‍ദന്‍ മൂണിന്റെ ഹര്‍ജി തള്ളിയ രജിസ്ട്രാറുടെ തീരുമാനം ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ശരിവച്ചു. എന്നിട്ടും മതിയാകാതെ ഇയാള്‍ സുപ്രീംകോടതിയില്‍ പോയി. 2019 ഡിസംബര്‍ ആറിന് ഇയാളുടെ ഹര്‍ജി തള്ളി.
എന്നിട്ടും ഇയാള്‍ വ്യാജപ്രൊഫൈല്‍ വഴി ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനെതിരെ സൈബര്‍ ക്രൈം രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: