ഗോരഖ്പൂര്‍: നവോത്ഥാനത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും ഉജ്ജ്വലമാതൃക തീര്‍ത്ത ഗോരഖ്പൂര്‍ ശ്രീനരസിംഹ ഹോളി ഘോഷയാത്രയില്‍ അണിനിരന്ന് പതിനായിരങ്ങള്‍.
ബഹുവര്‍ണ തലപ്പാവണിഞ്ഞ്, പൂക്കള്‍ വര്‍ഷിച്ച് മുഖ്യമന്ത്രിയും ഗോരക്ഷാപീഠാധിപതിയുമായ യോഗി ആദിത്യനാഥ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രചാരകന് നാനാജി ദേശ്മുഖ് തുടക്കമിട്ട സാമാജികപരിവര്ത്തനമാണ് ചിട്ടയോടെ, ആഘോഷപൂര്‍വം നടക്കുന്ന ശ്രീനരസിംഹ ഹോളി ഘോഷയാത്രയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
കരിമണ്ണും ചളിയും വാരിയെറിഞ്ഞും മദ്യലഹരിയിലാറാടിയും ഒരുകൂട്ടം ചെറുപ്പക്കാര്‍ തന്നിഷ്ടപ്രകാരം നടത്തിപ്പോന്നിരുന്ന ഹോളി ആഘോഷങ്ങളില്‍ ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറം ചേര്‍ത്തത് നാനാജിയാണ്. 1940ല്‍ ഗോരഖ് പൂരില്‍ പ്രചാരകനായെത്തിയ അദ്ദേഹം ചളിക്ക് പകരം കുങ്കുമവും പലനിറങ്ങളിലുള്ള ഭസ്മവും ഹോളിയുടെ വര്ണങ്ങളാക്കാന് ആഹ്വാനം ചെയ്തത്. ആ പരിഷ്കരണം സുഗമമായിരുന്നില്ല. ചെറിയ ചെറിയ അസ്വസ്ഥതകളെ അദ്ദേഹം സംഭാഷണത്തിലൂടെ തിരുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ 1944 മുതല്‍ നേരിട്ട് ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. ഗോരഖ്പൂരിലെ ഘണ്ടാഘറില്‍ നിന്ന് അന്ന് ആരംഭിച്ച ആ ഘോഷയാത്രയുടെ പാരമ്പര്യമാണ് ഇന്നും പിന്തുടരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ശ്രീനരസിംഹ ഹോളി സമാജിക വിശുദ്ധിയുടെ ആഹ്വാനമാണെന്ന് ആര്‍എസ്എസ് ഗോരക്ഷ് പ്രാന്ത പ്രചാരക് രമേശ് പറഞ്ഞു. നവോത്ഥാനത്തിലേക്ക് സമാജത്തെ സജ്ജമാക്കാന്‍ സ്വയംസേവകര്‍ ഏറെ അധ്വാനിച്ചു. 1952-53 മുതല്‍ ഘണ്ടാഘറില്‍ ഭഗവധ്വജമുയര്‍ത്തി പ്രാര്‍ത്ഥന ചൊല്ലിയതിന് ശേഷം ഘോഷയാത്ര നടത്താന്‍ തുടങ്ങിയതോടെയാണ് ഹോളി ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ആഘോഷമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: