ഗോകർണ : കർണാടകയിൽ നേതൃമാറ്റ വിഷയം വീണ്ടും കുത്തിപ്പൊക്കി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഭാവിയിൽ തന്നെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് തീരുമാനിക്കുമെന്ന് ശിവകുമാർ ഇപ്പോൾ പറഞ്ഞതാണ് അധികാര കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വെടിമരുന്നിട്ടത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നു. എന്നാൽ നേതൃത്വം അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കി.
റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുലയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പിലെത്തിയതായി അക്കാലത്ത് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതനുസരിച്ച് രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നത് പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഗോകർണയിൽ ഒരു ക്ഷേത്ര സന്ദർശന വേളയിൽ, ഒരു പുരോഹിതൻ ശിവകുമാറിന് ദൈവാനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാർത്ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഇതേ കുറിച്ച് ഉത്തര കന്നഡ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശിവകുമാർ തന്റെ മുഖ്യമന്ത്രിക്കസേര മോഹം തുറന്ന് തന്നെ പറഞ്ഞു. “പ്രാർത്ഥിക്കുമ്പോൾ ഒരു പുരോഹിതൻ തന്റെ ആഗ്രഹം ദൈവസന്നിധിയിൽ പറഞ്ഞാൽ എന്താണ് തെറ്റ്? പുരോഹിതൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
ഇപ്പോൾ സിദ്ധരാമയ്യ മുഖ്യമന്ത്രിയാണ്, ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ഉപമുഖ്യമന്ത്രിയായും പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിക്കുന്നു. ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നു. പിന്നെ ഞാൻ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നത് മറ്റൊരു കാര്യമാണ്, അത് ഞങ്ങളുടെ പാർട്ടി തീരുമാനിക്കും, ”-ശിവകുമാർ പറഞ്ഞു.
ഇതിനു പുറമെ ഇപ്പോൾ നമ്മൾ എല്ലാവരും സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ പുരോഗമിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ “നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന പിന്തുണക്കാരും പുരോഹിതന്മാരും ഉൾപ്പെടെയുള്ളവർ ഉണ്ടാകും. അവർ അവരുടെ അഭിപ്രായം പ്രകടിപ്പിക്കും. അത് ചെയ്യുന്നതിൽ നിന്ന് നമുക്ക് അവരെ തടയാനാകുമോ? ക്ഷേത്രത്തിൽ അത് ദൈവത്തിനും ശിഷ്യനും ഇടയിലാണ്, അവർ തങ്ങളുടെ വികാരങ്ങൾ ദൈവത്തോട് പ്രകടിപ്പിച്ചു,” – ശിവകുമാർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: