പാലക്കാട്: കടുത്ത മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണ്, സത്യപ്രതിജ്ഞാലംഘനമാണ്. അഭിനവ ജിന്നയാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വിഭജനവാദത്തിന് വിത്തുവിതച്ച ജിന്നയുടെ അതേ സ്വരമാണ് പിണറായിയിലൂടെ പുറത്തുവരുന്നത്. മുസ്ലീങ്ങള്‍ രാജ്യത്ത് അരക്ഷിതരാണെന്നും അവരെ ഇവിടെ നിന്ന് ആട്ടിപ്പായിക്കുവാനുള്ള ശ്രമമാണ് നടത്തുന്നുത് എന്നുമുള്ള പ്രസംഗം ഗൂഢാലോചനയുടെ ഭാഗവും മുസ്ലിം വോട്ട് നേടിയെടുക്കാനുള്ള തന്ത്രവുമാണ്. തീവ്രമായ മതവിദ്വേഷമാണ് പിണറായി നടത്തിയത്. ഇതിനെതിരെ യുഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇല്ലാത്തത് അത്ഭുതകരമാണ്.
പ്രസംഗത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും നിയമജ്ഞരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. വയനാട്ടില്‍ ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും സിപിഐയും മത്സരിക്കുന്നത് ഏത് രാഷ്ട്രീയത്തിന്റെ പേരിലാണ്. രാഹുല്‍ വയനാട്ടില്‍ പരാജയപ്പെടുകയാണെങ്കില്‍ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാവുമെന്നും കൃഷ്ണദാസ് ചോദിച്ചു.
കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന ഇവര്‍ തൊട്ടടുത്ത് കോയമ്പത്തൂര്‍, ദിണ്ഡിഗല്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും കൊടി ഒന്നിച്ചുകെട്ടുകയും രാഹുലിന്റെ പടം വച്ച് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത് ധാര്മികമാണോയെന്നും കൃഷ്ണദാസ് ചോദിച്ചു.
ഇടതുമുന്നണിക്ക് അവരുടെ നേട്ടങ്ങളെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിന് പകരം മതവിദ്വേഷത്തിലൂടെ വോട്ട് നേടിയെടുക്കാനാണ് ശ്രമം. ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: