പത്തനംതിട്ട: വിഭാഗീയതയില്‍ പുകഞ്ഞിരുന്ന പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി. തിങ്കളാഴ്ച വൈകിട്ടാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷമായ വാഗ്വാദവും കൈയേറ്റവുമുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനി
ടെ വിഭാഗീയത അതിരുകടന്നത് ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെയും സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെയും ഞെട്ടിച്ചു. കൈയാങ്കളി വാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് വാര്‍ത്ത നിഷേധിച്ചു. വാര്‍ത്ത നല്കിയ മാധ്യമങ്ങള്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു നേതൃത്വം ഭീഷണി മുഴക്കി.
പ്രചാരണാവലോകനത്തിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ തിങ്കളാഴ്ച രാത്രി മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് നേതാക്കള്‍ തമ്മിലുള്ള പോരു മറനീക്കിയത്. മുന്‍ എംഎല്‍എയും ആറന്മുളയില് നിന്നുള്ള സെക്രട്ടേറിയറ്റ് അംഗവുമായ എ. പദ്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറിയും അടൂരില്‍ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളിയെന്നാണ് വാര്‍ത്ത. ഇതോടെ ചുമതലകള്‍ ഒഴിയുന്നതായി മുന്‍ എംഎല്‍എ ജില്ലാ നേതാക്കളെ അറിയിച്ചു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
ഡോ. തോമസ് ഐസക്കിന്റെ ആറന്മുള മണ്ഡലത്തിലെ പ്രചാരണച്ചുമതല പദ്മകുമാറിനാണ്. പ്രചാരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ സംസാരിച്ച അദ്ദേഹം, ഈ നിലയില്‍പ്പോയാല്‍ പരാജയപ്പെടുമെന്നു മുന്നറിയിപ്പു നല്കി. മാത്രമല്ല, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പലരും നിശ്ശബ്ദരാണെന്നും ആരോപിച്ചു.
ഇത്ഹര്ഷകുമാറിനെ ചൊടിപ്പിച്ചു, പോരായ്മകളുടെ പേരില്‍ മുന്‍ എംഎല്‍എയ്ക്കെതിരേ തിരിഞ്ഞു. ഇരുവരും തമ്മില്‍ വാക്പോരായി. താന്‍ ചുമതലയൊഴിയുകയാണെന്നു പറഞ്ഞ് പദ്മകുമാര്‍ ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. യോഗം അവസാനിപ്പിച്ചതിനു പിന്നാലെയെത്തിയ ഹര്‍ഷകുമാര്‍, പദ്മകുമാറിനെ തോളില്‍ പിടിച്ചു തള്ളിയെന്നും അപ്രതീക്ഷിത കൈയേറ്റത്തില്‍ ക്ഷുഭിതനായ ഇദ്ദേഹം താനിനി ഇങ്ങോട്ടില്ലെന്നും ചുമതലകളൊഴിയുകയാണെന്നും മന്ത്രി വി.എന്‍. വാസവനെ നേരിട്ടും സംസ്ഥാന സെക്രട്ടറിയെ ഫോണിലും അറിയിച്ചു.
സംഭവം രാത്രിതന്നെ പുറത്തായി. പ്രമുഖ ചാനലുകളിലെല്ലാം വാര്‍ത്തയായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ചടക്ക നടപടിയെടുക്കുമെന്നു പറഞ്ഞു. തെരഞ്ഞെടുപ്പു സമയത്തെ നടപടി തിരിച്ചടിയാകുമെന്നതിനാല്‍ നിഷേധക്കുറിപ്പിറക്കാന് ജില്ലാ സെക്രട്ടറിയോടു നിര്‍ദേശിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഇടപെട്ട് പദ്മകുമാറിനെയും ഹര്‍ഷകുമാറിനെയും ജില്ലാ കമ്മിറ്റി ഓഫീസിലേക്കു വിളിച്ചുവരുത്തി വാര്‍ത്താ സമ്മേളനം നടത്തി. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തമ്മിലടിയെന്ന പ്രചാരണം മാധ്യമ സൃഷ്ടിയാണെന്നും സംഭവമുണ്ടായിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: