മാലി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കാര്‍ക്കശ്യ സ്വഭാവം വെടിഞ്ഞ് ഇന്ത്യയുമായി സംസാരിച്ച് രമ്യതയിലെത്താന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് നിര്‍ദേശം. മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം ഇന്ത്യയോട് കടാശ്വാസം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് മുയിസുവിനെ വിമര്‍ശിച്ചും പുതിയ പരിഹാര മാര്‍ഗം നിര്‍ദേശിച്ചും രംഗത്തെത്തിയിരിക്കുന്നത്. മുയിസുവിന്റെ കടുത്ത ഇന്ത്യ വിരുദ്ധ നിലപാടിനെയും ചൈനയുമായുള്ള അനുകൂല നിലപാടിനെയും മുന്‍ പ്രസിഡന്റ് വിമര്‍ശിച്ചിരുന്നു.
ഇന്ത്യയുമായി എട്ട് ബില്ല്യന്‍ എം.വി.ആര് (മാലി കറന്‍സി) കടമാണ് മാലിദ്വീപിനുള്ളത്. ഇത് തിരിച്ചടക്കാന്‍ 25 വര്‍ഷത്തെ സമയമുണ്ടെന്നും എന്നാല്‍ ചൈനയുമായി 18 ബില്യണ്‍ എം.വി.ആറിന്റെ കടമുണ്ടെന്നും മുഹമ്മദ് സ്വാലിഹ് പറയുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുമായി സഹകരിക്കുന്നതാണ് ബുദ്ധിപരമായ തീരുമാനമെന്നും മുന്‍ പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്നു.
ഇന്ത്യ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. അതിനാല്‍ തന്ന ഇന്ത്യയുമായി തര്‍ക്കം തുടരുന്നത് അവസാനിപ്പിക്കണം. മുയിസുവിന്റെ നിലപാട് തെറ്റായിരുന്നു എന്ന് ഇപ്പോള്‍ അദ്ദേഹത്തിന് മനസിലാകുന്നുണ്ടെന്നും ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
തന്ത്രപരമായി ഇന്ത്യക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. എന്നാല്‍ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രസിഡന്റായതിന് പിന്നാലെ അദ്ദേഹം കടുത്ത ഇന്ത്യ വിരുദ്ധ നിലപാടുകളാണ് കൈകൊണ്ടത്. ഇത് മുതലെടുത്ത ചൈന മാലദ്വീപുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതിനും മുയിസു തയ്യാറായി. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരസ്യമായി മുയിസുവിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തത് വലിയ തിരിച്ചടികള്‍ക്ക് കാരണമായി.
ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞത് മാലദ്വീപിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യതാത്പര്യത്തിന് വേണ്ടി ഇന്ത്യയുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്ന നിര്‍ദേശവുമായി മുന്‍ പ്രസിഡന്റ് തന്നെ രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: