തിരുവനന്തപുരം: സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ നിക്ഷേപത്തിന് 21 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവതി ഒടുവില്‍ പൊലീസ് പിടിയില്‍. 30 കാരിയായ മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ പ്രിയങ്കയുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ മറ്റ് നിരവധി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുടെ പ്രവാഹമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ കിട്ടിയ പരാതിയിലായിരുന്നു ആദ്യത്തെ അറസ്റ്റ്. പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് പ്രിയങ്ക.
സൗന്ദര്യമാണ് പ്രിയങ്കയുടെ ഒരു ആയുധം. അതുപോലെ ആരെയും ആകര്‍ഷകമായ രീതിയില്‍ സംസാരിച്ച് മയക്കാനുമറിയാം. ഓഹരിവിപണിയെക്കുറിച്ചുള്ള അറിവും പ്രിയങ്കയെക്കുറിച്ച് ആരിലും സംശയം ജനിപ്പിക്കില്ല. പണം വാങ്ങിയവരെ എത്ര കാലം വേണമെങ്കിലും പറഞ്ഞുനിര്‍ത്താനുള്ള കഴിവും പ്രിയങ്കയ്ക്ക് സ്വതസിദ്ധമായുണ്ട്.
എറണാകുളം കടവന്ത്രയില്‍ ട്രേഡ് കൂപ്പേഴ്സ് എന്ന സ്ഥാപനം നടത്തുന്നുണ്ടെന്ന് പലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നായിരുന്നു അവകാശവാദം.
കേരളത്തിനകത്ത് മാത്രമല്ല, പുറത്തുനിന്നും നിരവധി പേരില്‍ നിന്നും ഇവര്‍ കോടികള്‍ തട്ടിയിട്ടുണ്ട്. ഈ പണം കൊണ്ട് ഇവര്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.
നിക്ഷേപത്തിന് 21 ശതമാനം പലിശയാണ് വാഗ്ദാനം. സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യം നല്‍കിയിരുന്നു. പ്രിയങ്കയുടെ അമ്മ തങ്കമണി, സഹോദരന് രാജീവ് എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. ഇവര്‍ ഒളിവിലാണ്.
പ്രിയങ്കയുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെയാണ് യുവതിയ്ക്കെതിരെ പരാതിയുമായി നിരവധി പേര് രംഗത്തെത്തിയിരിക്കുന്നത്. വൈകാതെ മറ്റു നിരവധി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെ പരാതിയനുസരിച്ച് അറസ്റ്റ് നടപടികളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: