കൊച്ചി: നിരോധിത തീവ്രവാദ സംഘടനകള്‍ സംസ്ഥാനത്ത് വന്‍തുക നല്കി ബാങ്ക് അക്കൗണ്ടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവുമായി പോലീസ്. തീവ്രവാദികളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതരമതവിഭാഗങ്ങളില്പ്പെട്ടവരുടെ അക്കൗണ്ടുകള്‍ വാങ്ങി അതിലൂടെ ഓപ്പറേഷന് നടത്തുന്നത്. വിദ്യാര്‍ത്ഥികളും കര്‍ഷകരുമാണ് ഇരകളില്‍ കൂടുതല്‍. ഇവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കപ്പെടുന്നില്ല എന്ന സൗകര്യമാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത്.
പുതിയ അക്കൗണ്ടുകള്‍ എടുപ്പിക്കുകയോ നിലവിലുള്ള അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുകയോ ചെയ്യുകയാണ് തീവ്രവാദികളുടെ രീതി. പുതിയ അക്കൗണ്ട് എടുക്കുകയാണെങ്കില്‍ നല്കുന്ന ഫോണ്‍ നമ്പര്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ളതാവും. നിലവിലുള്ള അക്കൗണ്ടുകളാണെങ്കില്‍ ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ ബാങ്കില്‍ അപേക്ഷ നല്കി മാറ്റും. ഇതിലെ ഓപ്പറേഷനുകള്‍ പൂര്‍ണമായും ഇലക്ട്രോണിക്കാണ്. ഒരക്കൗണ്ടിലും അക്കൗണ്ട് എടുത്തശേഷം ആരും ബാങ്കില്‍ ചെന്നിട്ടില്ല.
ആലുവ ആസ്ഥാനമായ എറണാകുളം റൂറല്‍ പോലീസാണ് തീവ്രവാദികളുടെ നവീനതന്ത്രം കണ്ടെത്തിയത്. തുടര്‍ന്നു മറ്റ് പോലീസ് ജില്ലകളിലേക്കു നല്കിയ സന്ദേശത്തില്‍ പലയിടത്തും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാടകയ്ക്ക് എടുക്കുന്ന അക്കൗണ്ടുകളില്‍ ഉടമകള്‍ക്ക് അക്കൗണ്ടില്‍ വരുന്ന പണത്തിന്റെ ഒരു ശതമാനം നല്‍കാമെന്നാണു വാഗ്ദാനം. പക്ഷേ, അക്കൗണ്ടില്‍ വരുന്ന യഥാര്‍ഥ തുക ഒരിക്കലും അക്കൗണ്ട് ഉടമ അറിയുന്നുണ്ടാവില്ല. ഇടയ്ക്കിടയ്ക്ക് യഥാര്‍ഥ അക്കൗണ്ട് ഉടമയ്ക്ക് ഇവര്‍ കുറെ പണം നല്‍കും.
ഏതാനും ആഴ്ച മുമ്പ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് പിടികൂടിയ ഓണ്‍ലൈന്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വലിയൊരു രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ തുമ്പ് കിട്ടിയത്. ഇവരില്‍ നിന്ന് അക്കൗണ്ടുകള്‍ വാങ്ങിയവര്‍ ലക്ഷങ്ങളുടെ ഇടപാടു നടത്തിയിട്ടുണ്ട്. അക്കൗണ്ട് വിറ്റവരില്‍ ചിലര്‍ ജയിലിലായിക്കഴിഞ്ഞെന്ന് അറിയുന്നു. എന്നാല്‍ അക്കൗണ്ട് വാങ്ങിയവരെ ഒരാളെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കുറച്ച് പണത്തിന്റെ ആവശ്യത്തിനായി സുഹൃത്തിന് അക്കൗണ്ട് എടുത്തു നല്‍കിയെന്നാണ് പിടിയിലായവര്‍ പറയുന്നത്. പലരും ഈ സുഹൃത്തിനെ കണ്ടിട്ടുപോലുമില്ല. ഇന്‍സ്റ്റായിലൂടെയോ ടെലിഗ്രാമിലൂടെയോ പരിചയപ്പെട്ടവരാണ് ‘സുഹൃത്തുക്കള്‍’. വെറും പതിനായിരും രൂപയ്ക്കുവരെ അക്കൗണ്ട് വിറ്റവര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എന്തു ലാഭം വാഗ്ദാനം ചെയ്താലും അക്കൗണ്ട് ആര്‍ക്കും കൈമാറരുതെന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: