തിരുവനന്തപുരം: സിഎഎക്കെതിരെ നടത്തിയ പ്രതിഷേധത്തിലെ കേസുകള്‍ പിന്‍വലിച്ചത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സമരവുമായി ബന്ധപ്പെട്ടു നടന്ന അക്രമക്കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് കേസുകള്‍ പിന്‍വലിക്കാനുള്ള ഉത്തരവു നല്‍കിയത്. എന്‍ഡിഎ ജില്ലാ ചെയര്മാന് വി.വി. രാജേഷാണ് പരാതി നല്‍കിയത്.
കേസുകള്‍ പിന്‍വലിച്ചത് ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കാനും സാമൂഹ്യ ധ്രുവീകരണത്തിനും കാരണമാകും. അതിനാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിക്കണം. തെര. കമ്മിഷന് സ്വമേധയാ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും എന്നാല്‍ നടപടി ഉണ്ടാകാത്തതിനാലാണ് പരാതി നല്‍കിയതെന്നും രാജേഷ് പറഞ്ഞു. വോട്ടിന് വേണ്ടി കേസുകള്‍ പിന്‍വലിക്കുന്നത് അപകടകരമാണ്. സമരത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും പങ്കെടുത്തവരില്‍ ദുരുദ്ദേശമുള്ളവരുണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. എന്നിട്ടാണ് കേസുകള്‍ പിന്‍വലിക്കുന്നത്. ഇത് അപകടകരമാണ്.
തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റചട്ടം ലഘിച്ചെന്ന എല്‍ഡിഎഫിന്റെ പരാതി പരാജയ ഭീതിയിലുള്ളതാണ്. മാര്‍ച്ച് എട്ടിനാണ് പൊഴിയൂരില്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിക്കുന്നതും അവിടത്തെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കുന്നതും. തുടര്‍ന്ന് അദ്ദേഹം ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണിതെല്ലാം. പ്രദേശം സംരക്ഷിക്കാനുള്ള രണ്ട് പദ്ധതികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കുന്നത് മാര്‍ച്ച് 15നാണ്. പൊഴിയൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെതിരെ പരാതി നല്‍കുന്നവര്‍ക്ക് മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ആഗ്രഹമാണുള്ളത്. മറ്റൊരു ആരോപണം എല്‍ബിഎസ് സെന്ററില്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചു എന്നാണ്. എന്നാല്‍ രാവിലെ 10ന് പന്ന്യന്‍ രവീന്ദ്രന് എല്‍ബിഎസില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. 11 മണിക്കാണ് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. അപ്പോള്‍ ഒരുമണിക്കൂര്‍ വ്യത്യാസത്തില്‍ നടന്ന പരിപാടി എങ്ങനെ ചട്ടലംഘനമാകുമെന്നും അദ്ദേഹം ചോദിച്ചു.
ജനകീയ പ്രശ്നങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുക സ്വാഭാവികമാണ്. നിവേദനങ്ങളുമായി എത്തുന്നവരെ ചെടിച്ചട്ടിക്കൊണ്ട് തലയ്ക്കടിക്കുകയോ ലാത്തിക്ക് അടിക്കുകയോ അല്ല ചെയ്തത്. നാളിതുവരെ കാണാത്ത രീതിയില്‍ എല്ലാ മേഖലയില്‍ നിന്ന് ബിജെപിക്ക് അനുകൂല പ്രതികരണം ഉണ്ടാകുന്നുണ്ട്. അതില്‍ പരിഭ്രാന്തി പൂണ്ടവര്‍ രാജീവ് ചന്ദ്രശേഖറിനെ എതിര്‍ക്കുകയാണെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: