ജനതാ പാര്‍ട്ടിയെന്ന മുന്നണി തകര്‍ന്നത് ദേശീയ രാഷ്ട്രീയത്തിന് ഗുണമായോ ദോഷമായോ? ഉത്തരം വിധസമായചര്ച്ചക്ക് വഴിതുറക്കുന്നതാണ്. എന്തായാലും ഭാരതീയ ജനതാപാര്‍ട്ടിയെന്ന പുതിയൊരു രാഷ്ട്രീയകക്ഷിയുടെ ഉദയത്തിന് വഴിതെളിഞ്ഞു എന്നത് പില്ക്കാല ചരിത്രം വച്ചുനോക്കുമ്പോള്‍ ഗുണകരമായി. ദേശീയ രാഷ്ട്രീയം രാഷ്ട്രം പ്രധാനം എന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയിലേക്ക് ദിശമാറിയെന്നതും ഗുണകരമായി. മുമ്പ് വിവരിച്ച ‘ടിന’ (ടികെഎന്എ-ദെയര്‍ ഈസ് നോ ആള്‍ട്ടര്‍നേറ്റീവ്) എന്ന അമിത ആത്മവിശ്വാസം കോണ്‍ഗ്രസിന് മാറി. ആ പാര്‍ട്ടിയും കുറച്ചുകൂടി ജനാധിപത്യ രീതിയിലായി. പക്ഷേ മുതിര്‍ന്ന നേതാക്കളുടെ ഒട്ടേറെ ചെറിയ കക്ഷികള്‍ ജന്മമെടുത്തു എന്നതാണ് ഒരു പോരായ്മയായി പറയാന്‍ കഴിയുന്നത്. നിലനില്‍പ്പിനു വേണ്ടി നയവും സമീപനവും കൈക്കൊള്ളാന്‍ അവ നിര്‍ബന്ധിതമായപ്പോള്‍ പൊതുതാത്പര്യം, രാജ്യതാത്പര്യം എന്നിവയുടെ കാര്യത്തില്‍ ലഘുത്വം വന്നുപെട്ടു.
ജനതാപാര്‍ട്ടിയുടെ തകര്‍ച്ച ബിജെപിക്ക് വഴിതുറന്നു. ഭാരതീയ ജനസംഘത്തിന്റെ ആശയാടിത്തറയും ജനതാപാര്‍ട്ടിയില്‍ അതിന്റെ നേതാക്കള്‍ പ്രവര്‍ത്തിച്ചു നേടിയ അനുഭവപരിചയങ്ങളും ഒന്നിച്ചുചേര്‍ന്ന ഭാരതീയ ജനതയുടെ പിറവി അങ്ങനെ 1980 ഏപ്രില്‍ 6ന് സംഭവിച്ചു. ദല്‍ഹിയിലെ ഫിറോഷാ കോട്ലാ ഗ്രാണ്ടില്‍ നടന്ന സമ്മേളനത്തിന് ‘ഭാരതീയ ജനതാ പാര്‍ട്ടി’ എന്ന് അടല്‍ ബിഹാരി വാജ്പേയി പുതിയ പാര്‍ട്ടിക്ക് പേരിട്ടു.
ജനതാപാര്‍ട്ടിയുടെ പതാക മാതൃക പിന്തുടര്ന്നു. കലപ്പയേന്തിയ കര്‍ഷകനു പകരം താമരയായി അടയാളം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയൊരു ചിഹ്നം അനുവദിച്ചു കിട്ടുക എളുപ്പമല്ലായിരുന്നു. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.എല്‍. ശക്തിധറിനെക്കണ്ട് ചര്‍ച്ചനടത്തിയാണ് താമര ചിഹ്നം നേടിയെടുത്തത്.
വാജ്പേയി ബിജെപിയുടെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായി എല്‍.കെ. അദ്വാനി, സിക്കന്തര്‍ ബക്ത്, സുരജ് ഭാന്‍ എന്നിവയെ നിയോഗിച്ചു. അദ്വാനിയാണ് പാര്‍ട്ടി ചിഹ്നക്കാര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. സ്വതന്ത്രര്‍ക്കുള്ള ചിഹ്നം തെരഞ്ഞെടുത്താല്‍ അത് എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ശക്തിധര്‍ ഉറപ്പു നല്കി. അദ്വാനി സ്വതന്ത്ര ചിഹ്നങ്ങളില്‍ നിന്ന് ‘താമര’ തെരഞ്ഞെടുത്തു.
പുറത്താക്കിയ ജനതാ പാര്‍ട്ടിയുടെ നേതാക്കളേയോ, ആ സംഘടനയേയോ ഒരു കാരണവശാലും പഴിക്കുകയോ തള്ളിപ്പറയുകോ ചെയ്യില്ല എന്ന് ബിജെപി, രൂപീകരിച്ചുകൊണ്ട് വാജ്പേയി പ്രസ്താവിച്ചു. ജനതാ പാര്‍ട്ടിയുടെ ഭാഗമായിരുന്നു എന്നത് അഭിമാനകരമായി പറയണമെന്നും നിശ്ചയിച്ചു. ‘ജനതാ’ എന്ന പഴയ പേര് പുതിയ പാര്‍ട്ടിയുടെ പേരിലും ചേര്‍ത്തു.
സ്വതന്ത്രന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ചിഹ്നങ്ങളില്‍ ‘താമര’കൂടാതെ ‘റോസാപ്പൂ’വും ചിഹ്നമായിരുന്നു. ഇത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതിനാല്‍ റോസാപ്പൂ റദ്ദാക്കണമെന്ന അദ്വാനിയുടെ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പു കമ്മിഷന് സ്വീകരിച്ചു. 1996 ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച്, താമര ചി ഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ‘ദേശീയ പുഷ്പ’ത്തെ ദുര്വിനിയോഗിക്കുന്നുവെന്നായിരുന്നു കാരണം പറഞ്ഞത്! അടുത്ത ദിവസങ്ങളില്‍ താമര ചിഹ്നം റദ്ദാക്കാന്‍ കോടതിയില്‍ ഹര്‍ജി പോയ സംഭവവുമുണ്ടായി.
ബിജെപി രൂപംകൊണ്ടപ്പോള്‍, ജനസംഘത്തിന്റെ ശില്‍പ്പി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ കൂറ്റന്‍ ചിത്രത്തിനൊപ്പം ജയപ്രകാശ് നാരായണന്റെ ചിത്രവും ചേര്‍ന്ന പശ്ചാത്തലത്തിലുള്ള വേദിയായിരുന്നു ദല്‍ഹിയില്‍ ഒരുക്കിയത്. പാര്‍ട്ടിയുടെ അടിസ്ഥാനാദര്‍ശം ഏകാത്മ മാനവദര്‍ശനത്തില്‍ ആയിരിക്കെത്തന്നെ ഗാന്ധിയന്‍ സോഷ്യലിസമെന്ന ജനകീയ പരിപാടിയിലും ശ്രദ്ധവച്ചു. കേഡര്‍ പാര്ട്ടിയെന്നതില്നിന്ന് കേഡര്‍ ബേസ്ഡ് മാസ് പാര്‍ട്ടിയായി ബഹുജന പക്ഷത്തേക്ക് ചാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: