ന്യൂദല്‍ഹി: റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത പത്രസമ്മേളനം നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി. സുനിത അനുഭവിക്കുന്ന വേദനയ്‌ക്ക് ഉത്തരവാദി അരവിന്ദ് കേജ്രിവാളാണെന്ന് ദല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. കേജ്രിവാളിന്റെ സന്ദേശം വായിക്കുന്ന വീഡിയോ സുനിത പുറത്തുവിട്ടതിന് പിന്നാലെയാണ് സച്ച്‌ദേവയുടെ പ്രസ്താവന.
സുനിതയ്‌ക്ക് അഗാധമായ വേദനയോടെ സംസാരിക്കേണ്ടി വന്നതിന് ഉത്തരവാദി അരവിന്ദ് കേജ്രിവാളാണ്. കേജ്രിവാള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വീടും കാറും സുരക്ഷാസംവിധാനങ്ങളും സ്വീകരിക്കുന്ന സമയത്ത് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. കാരണം ഇത്തരം ആനുകൂല്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നത്. ബംഗ്ലാവിലേക്ക് പ്രവേശിക്കുമ്പോഴോ ദല്‍ഹിയിലെ നികുതിദായകരുടെ പണം പാഴാകുമ്പോഴോ ദല്‍ഹിയിലെ യുവാക്കള്‍ക്ക് ഒരു കുപ്പി വെള്ളം സൗജന്യമായി നല്കുമ്പോഴോ അല്ലെങ്കില്‍ 100കോടി രൂപയുടെ പണമിടപാട് നടത്തുമ്പോഴോ ആണ് ഈ വാര്‍ത്താസമ്മേളനം നടത്തേണ്ടിയിരുന്നത്, സച്ച്ദേവ പറഞ്ഞു.
കോണ്‍ഗ്രസ് ഒരുകാലത്ത് എഎപി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണയ്‌ക്കുകയാണ്. ഈ അഴിമതി റിപ്പോര്‍ട്ട് ചെയ്തത് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനായിരുന്നു. ഷീല ദീക്ഷിത്തിനേയും സോണിയാ ഗാന്ധിയേയും വിമര്‍ശിക്കാറുണ്ടായിരുന്ന കേജ്രിവാള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ്. കോണ്‍ഗ്രസും എഎപിയും അഴിമതിക്കാരാണ്. പരസ്പരം കൈകോര്‍ത്താണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്, സച്ച്ദേവ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: