ആലപ്പുഴ: അങ്കണവാടി നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. സിപിഎമ്മുകാര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിന് പരിക്ക്. പുറക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലാണ് കഴിഞ്ഞ രാത്രിയില്‍ സിപിഎമ്മുകാര്‍ ഏറ്റുമുട്ടിയത്.
എച്ച്. സലാം എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫംഗമായ അജ്മല്‍ ഹസന് പരിക്കേറ്റു. പുറക്കാട് പഞ്ചായത്തില്‍ അങ്കണവാടികളില്‍ സിപിഎം പ്രവര്‍ത്തകരെ മാത്രമാണ് നിയമിച്ചത്. ഇതില്‍ത്തന്നെ അര്‍ഹതപ്പെട്ട സിപിഎമ്മുകാരെ ഒഴിവാക്കി പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നല്കുന്ന പട്ടിക അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് ചിലര്‍ ആക്ഷേപിച്ചു.
പാര്‍ട്ടി വഴി നടക്കുന്ന നിയമനങ്ങളില്‍ തന്നെ നേതാക്കളുടെ ബന്ധുക്കളെയാണ് ഉള്‍പ്പെടുത്തിയത്. സിഡിഎസ് ചെയര്‍പേഴ്സണെ തല്‍സ്ഥാനത്തു നിന്ന് രാജിവെയ്പ്പിച്ച ശേഷം അങ്കണവാടി വര്‍ക്കറായി നിയമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനായ പ്രവാസിയുടെ ബന്ധു അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രവാസി സമൂഹ മാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും പാര്‍ട്ടി ഇടപെടല്‍ ഉണ്ടെന്നും ആരോപിക്കുന്നതായിരുന്നു പോസ്റ്റ്.
ഈ പോസ്റ്റിട്ട പ്രവാസിയുടെ വീട്ടില്‍ പോയി ഇക്കാര്യം ചോദിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇതാവശ്യമില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിച്ചിരുന്നു. ഈ തര്‍ക്കം മുറുകുന്നതിനിടെയാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇരുവിഭാഗവും ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തിയത്. ചര്‍ച്ചയ്ക്ക് എത്തിയപ്പോഴാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ നടന്നത്.
പരിക്കേറ്റ അജ്മല്‍ ഹസന് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിടിച്ചു മാറ്റുന്നതിനി
ടെയാണ് അജ്മലിന് പരിക്കേറ്റത്. തല്ലിനിടയില്‍ മുഖത്ത് ഇടികൊണ്ട അജ്മലിന്റെ ചുണ്ട് പൊട്ടിയിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഏരിയ നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ പ്രശ്നമായി വളര്‍ന്ന ഏറ്റുമുട്ടല്‍ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. മറ്റു പല പഞ്ചായത്തുകളിലും അങ്കണവാടി നിയമനങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെയും ബന്ധുക്കളെയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഘടകകക്ഷികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: