അന്വലവയല്‍: ഹിന്ദുദര്‍ശനം ലോകത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്. ധര്‍മജാഗരണ്‍ സമന്വയുടെ ഹിന്ദു സ്വാഭിമാന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഹുസ്വരത നിലനില്ക്കണമെങ്കില് വൈവിധ്യം സംരക്ഷിക്കപ്പെടണം. ബഹുദേവതാ ആരാധനയുടെ അടിസ്ഥാനം അതാണ്. മത വൈവിധ്യവും മതസ്വാതന്ത്ര്യവും നിലനില്ക്കാന് മതബഹുമാനമാണ് ആവശ്യം. അതു സാധ്യമാവാന്‍ എല്ലാ മതങ്ങളും ശരിയാണെന്ന ഹിന്ദുവീക്ഷണം കൊണ്ടല്ലാതെ സാധ്യമല്ല. ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് പ്രകൃതിയുടെ നാശമാണ്. പ്രകൃതി മനുഷ്യനു വേണ്ടിയുള്ളതാണെന്നും അതിനായി പ്രകൃതിയെ കീഴടക്കണമെന്നും ഉള്ള വികലമായ തത്വശാസ്ത്രത്തില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമാണ് ഈ ദുരന്തത്തിലെത്തിയത്.
ശാസ്ത്രബോധം കൊണ്ട് ഇന്നുവരെ പരിസ്ഥിതി സംരക്ഷിക്കപ്പെട്ടിട്ടില്ല. അതു സാധ്യമാവാന്‍ ഭാരതത്തിന്റെ പ്രകൃതി സങ്കല്‍പ്പം കൊണ്ടേ കഴിയൂ. പ്രകൃതി ആരാധന പിന്തിരിപ്പനല്ല എന്ന ഹിന്ദുദര്‍ശനം മാത്രമാണ് പരിഹാരം.
സനാതനധര്‍മത്തെ തകര്‍ക്കാന്‍ നൂറ്റാണ്ടുകളായി എത്രയോ ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും 140 കോടി ഭാരതീയര്‍ അവശേഷിക്കുന്നു. അക്രമികള്‍ തമ്മില്‍ത്തല്ലുകയും ഭാരതം മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. തകര്‍ന്നടിഞ്ഞുവെന്ന് കരുതിയ ഭാരതം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനം മാനന്തവാടി അമൃതാനന്ദമഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. ധര്‍മജാഗരണ്‍ സമന്വയ് വിഭാഗ് സംസ്ഥാന സഹ സംയോജക് കെ.ജി. സുരേഷ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: